NEWS

ഇന്ന് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം;ലഹരിയെന്ന മഹാവിപത്തിൽ നിന്ന് നമ്മുടെ കുഞ്ഞുങ്ങളെ രക്ഷിക്കാം

ഹരിയുടെ ഉപയോഗം ജീവിതം തകര്‍ക്കുമ്പോള്‍ പുനര്‍വിചിന്തനത്തിനുള്ള സമയമായെന്ന് ഓര്‍മ്മപ്പെടുത്തുന്ന ദിനമാണ് ഇന്ന്. സമൂഹത്തെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന ലഹരിയെന്ന വൻ വിപത്തിനെതിരെ രാജ്യാന്തര സമൂഹത്തെ ഉണർത്തുകയെന്ന ലക്ഷ്യവുമായാണ് ഐക്യരാഷ്ട്ര സംഘടന 1987 മുതൽ ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിച്ചു വരുന്നത്.
മാതാപിതാക്കളോടാണ്, മക്കളുടെ എത്ര കൂട്ടുകാരെ നിങ്ങൾക്ക് അറിയാം? അവരിൽ എത്ര പേരെ നേരിട്ട് കണ്ടിട്ടുണ്ട്? ലഹരിക്ക് അടിപ്പെട്ട് ചികിത്സയ്ക്കെത്തുന്ന കുട്ടികളിൽ പലരുടെ കഥയിലും സുഹൃത്തുക്കൾക്ക് റോളുണ്ട്.സമപ്രായക്കാർ മാതാപിതാക്കളെക്കാൾ സ്വാധീനം ചെലുത്തുന്ന കാലഘട്ടമാണ് കൗമാരം. കുട്ടികളെ മയക്കുമരുന്നിലേക്കു വലിച്ചടുപ്പിക്കുന്ന ചങ്ങലക്കണ്ണികളിൽ പലപ്പോഴും സൗഹൃദത്തിന് പങ്കുണ്ടാകും. ഒരിക്കൽ ലഹരിയിൽനിന്ന് രക്ഷിച്ചാലും സുഹൃത്തുക്കളുടെ സാന്നിധ്യം മൂലം  വീണ്ടും അതിലേക്കു പോകാനുള്ള സാധ്യത വളരെ കൂടുതലാണ്.
പല കുട്ടികളും സിന്തറ്റിക് ഡ്രഗ്സിന് അടിപ്പെടുന്നത് കോളജ് കാലത്താണ്. ഹോസ്റ്റലിൽ നിൽക്കുന്ന സമയത്ത് കൂട്ടുകാർക്കൊപ്പം മയക്കുമരുന്ന് രുചിച്ച് തുടങ്ങുന്നു. പരീക്ഷാസമയത്ത് ഉറങ്ങാതിരുന്ന് പഠിക്കാൻ വേണ്ടി സ്‌റ്റിമുലന്റ് ഡ്രഗ്സ് ഉപയോഗിക്കുന്നവരുണ്ട്. അതിനു ശേഷം ഉറങ്ങാന്‍ വേണ്ടി സ്വാഭാവികമായും ലഹരിയില്ലാതെ നിവൃത്തിയില്ല. ഇങ്ങനെ ആരംഭിക്കുന്ന കുട്ടികൾ പതിയെ അതിന് അടിപ്പെടുന്നു. ലഹരിയില്ലാതെ അവർക്ക് നിലനിൽക്കാനാവില്ല.
മക്കളെ ഉന്നതനിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനത്തിലും മികച്ച സൗകര്യങ്ങളുമുള്ള ഹോസ്റ്റലിലും ചേർക്കുന്നതോടെ മാതാപിതാക്കളുടെ ഉത്തരവാദിത്തം തീരുന്നില്ല. കൃത്യമായ ഇടവേളകളിൽ അവരെ സന്ദർശിക്കുകയും ഫോണിൽ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കുകയും വേണം.
മക്കളെ പ്രത്യേകം ശ്രദ്ധിക്കാൻ ഹോസ്റ്റൽ വാർഡനോട് ആവശ്യപ്പെടുക. ഹോസ്റ്റലിൽനിന്ന് പുറത്ത് പോയിട്ട് തിരിച്ചെത്താൻ വൈകിയാൽ കാരണം ചോദിച്ചറിയുക. മറുപടി തൃപ്തികരമല്ലെങ്കിൽ കൃത്യമായി അന്വേഷിച്ച് കാരണം കണ്ടെത്തുക.ഇതിനേക്കാളെല്ലാം ഉപരി, എന്തും തുറന്നു പറയാനുള്ള സ്വാതന്ത്ര്യം കുട്ടികൾക്കു കൊടുക്കുക.

Back to top button
error: