KeralaNEWS

രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് നേര നടന്ന എസ്എഫ്‌ഐ ആക്രമണം, കടുത്ത നടപടികളുമായി മുഖ്യമന്ത്രി

രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസിലേക്ക് നടന്ന മാർച്ചും തുടർന്നുണ്ടായ അനിഷ്ടസംഭവങ്ങളും സംബന്ധിച്ച് സർക്കാർ ഉന്നതതല അന്വേഷണം നടത്തും. പോലീസ് ആസ്ഥാനത്തെ എഡിജിപി അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.

സംഭവ സ്ഥലത്ത് ചുമതലയിൽ ഉണ്ടായിരുന്ന കൽപ്പറ്റ ഡിവൈ.എസ്.പിയെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്യാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു. കൽപ്പറ്റ ഡിവൈ.എസ്.പിയുടെ ചുമതല മറ്റൊരു ഓഫീസർക്ക് നൽകുവാൻ സംസ്ഥാന പോലീസ് മേധാവിയെ ചുമതലപ്പെടുത്തി.

Signature-ad

വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് ആദ്യം തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. ജനാധിപത്യരീതിയിലുള്ള പ്രതിഷേധങ്ങൾക്കും അഭിപ്രായ പ്രകടനങ്ങൾക്കും സ്വാതന്ത്ര്യമുള്ള നാടാണിത്.

എന്നാൽ അത് അതിക്രമത്തിലേക്ക് കടക്കുന്നത് തെറ്റായ പ്രവണതയാണ്. സംഭവത്തിൽ കുറ്റക്കാരായവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

ബഫർസോൺ വിഷയത്തിൽ രാഹുൽ ഗാന്ധി എംപിയുടെ ഇടപെടൽ ആവശ്യപ്പെട്ടാണ് അദ്ദേഹത്തിൻ്റെ ഓഫീസിലേക്ക് എസ്.എഫ്.ഐ പ്രവർത്തകർ മാർച്ച് നടത്തിയത്. കൽപ്പറ്റ കൈനാട്ടിയിലെ എംപി ഓഫീലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമാകുകയും സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. പ്രവർത്തകർ ഓഫീസിനുള്ളിലെ ഫർണ്ണിച്ചറുകൾ അടക്കം തല്ലിത്തകർത്തു.

ഓഫിസിനുള്ളിലേക്ക് ഇരച്ചുകയറിയ പ്രവർത്തകർ ബഹളമുണ്ടാക്കി. ഈ സമയം ജീവനക്കാർ മാത്രമാണ് ഓഫീസിലുണ്ടായിരുന്നത്. ഫർണിച്ചറുകൾക്കടക്കം കേടുപാടുകൾ സംഭവിച്ചു. തുടർന്ന് ഓഫീസിന്റെ ഷട്ടർ താഴ്ത്തുകയും പോലീസ് ഇടപെടുകയും ചെയ്തു. ദേശീയ പാതയിൽ പ്രവർത്തകരും പോലീസും തമ്മിൽ തർക്കമുണ്ടായി. വനിതാ പ്രവർത്തകർ അടക്കം റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. .

അതേസമയം എസ്എഫ് ഐ സമരത്തെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനുംസിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും തള്ളിപ്പറഞ്ഞു. സംഭവത്തിൽ പങ്കെടുത്തവർക്കെതിരെ എസ്എഫ്‌ഐയിൽ അച്ചടക്ക നടപടിയുണ്ടാകുമെന്നാണ് ഭാരവാഹികൾ വ്യക്തമാക്കി.
എന്നാൽ മുഖ്യമന്ത്രിയുടെ അറിവോടെയാണ് സമരമെന്ന് കുറ്റപ്പെടുത്തി പ്രതിപക്ഷം തെരുവിലിറങ്ങിയിരിക്കുകയാണ്.

Back to top button
error: