നാടക, സീരിയൽ നടൻ വി.പി. ഖാലിദ് എന്ന കൊച്ചിൻ നാഗേഷ് അന്തരിച്ചു.വൈക്കത്ത് ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞ് വീണായിരുന്നു അന്ത്യം.
സൈക്കിൾ യജ്ഞക്കാരനായി കലാജീവിതം ആരംഭിച്ച ഖാലിദ് കലാരംഗത്തു സജീവമായതിനു പിന്നാലെ ഫാ. മാത്യു കോതകത്ത് സമ്മാനിച്ച പേരാണ് കൊച്ചിൻ നാഗേഷ്.ആലപ്പി തിയറ്റേ ഴ്സ് അംഗമായിരുന്ന അദ്ദേഹം നാടകങ്ങളിൽ വേഷമിട്ടായിരുന്നു തുടക്കം.
നാടകങ്ങളിൽ നടനായിരുന്ന അദ്ദേഹം പിന്നീട് സംവിധായകനും രചയിതാവുമായി.1973ൽ പുറത്തിറങ്ങിയ പെരിയാറിലൂടെയാണ് സിനിമയിലെത്തുന്നത്.ഏണിപ്പടികൾ, പൊന്നാപുരം കോട്ട,
സൺഡേ ഹോളിഡേ, കക്ഷി അമ്മിണിപ്പിള്ള തുടങ്ങിയ ഒട്ടേറെ സിനിമകളിൽ അഭിനയിച്ചു.മമ്മൂട്ടി ചിത്രം പുഴുവാണ് അവസാനമായി പുറത്തിറങ്ങിയ സിനിമ.
കൊച്ചിൻ സനാതനയുടെ എഴുന്നെള്ളത്ത്, ആലപ്പി തിയേറ്റേഴ്സിന്റെ ഡ്രാക്കുള അഞ്ചാം തിരുമുറിവ് തുടങ്ങിയവയാണ് വേഷമിട്ട പ്രധാന നാടകങ്ങൾ.
മറിമായം എന്ന ഹാസ്യ പരിപാടിയിലെ സുമേഷേട്ടൻ എന്ന കഥാപാത്രമാണ് ഖാലിദിനെ കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരനാക്കിയത്.ആദ്യം മേക്കപ്പ് മാനായി വന്ന് ഒടുവില്‍ ടീമിനോടൊപ്പം ചേരുകയായിരുന്നു.
ഏത് വേഷവും വഴങ്ങുന്ന അസാധാരണ പ്രതിഭയായിരുന്നു വി.പി.ഖാലിദെന്നാണ് മറിമായം സംവിധായകന്‍ മിഥുന്‍ ചേറ്റൂര്‍ പറയുന്നത്.’മേക്കപ്പ് മാനായി മറിമായം ടീമിനൊപ്പം ചേര്‍ന്നതാണ് ഖാലിദിക്ക. അഭിനേതാക്കളുടെ മുഖത്ത് ചായം പുരട്ടുമ്ബോഴൊക്കെ അഭിനയിക്കണമെന്ന ആഗ്രഹം ഖാലിദിക്ക ഉറക്കെയും പതുക്കെയും പറഞ്ഞു.എന്നാലൊരു കൈ നോക്കട്ടെയെന്ന് ഞങ്ങളും കരുതി.പല വേഷങ്ങള്‍ നല്‍കി. ടീമിനെ ഞെട്ടിച്ച അദ്ദേഹം പ്രേക്ഷകരുടെ ‘സുമേഷേട്ടന്‍’ ആയി മാറാന്‍ അധിക കാലം വേണ്ടി വന്നില്ല’.
സകല കലാവല്ലഭനാണ് അദ്ദേഹം. പാട്ടുപാടണോ, ഡാന്‍സ് കളിക്കണോ, മാജിക് കാണിക്കണോ എന്ന് വേണ്ട ചെയ്യുന്നതിലെല്ലാം തന്റെ പ്രതിഭയെ അടയാളപ്പെടുത്തുന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ അഭിനയ ശൈലി.ന്യൂജനറേഷന്‍ അഭിനേതാക്കളെ വെല്ലുന്ന കുറിക്ക് കൊള്ളുന്ന സംഭാഷണങ്ങളും കൗണ്ടറുകളും ഖാലിദിക്കയുടെ മാത്രം പ്രത്യേകതയാണ്- മിഥുന്‍ പറയുന്നു.
പേരെന്താ എന്നുചോദിച്ചാല്‍ സുമേഷ്. പക്ഷേ വേഷവും രൂപവും കണ്ടാല്‍ വിളിക്കാന്‍ തോന്നില്ലെന്ന് ഓരോരുത്തരെയും കൊണ്ട് പറയിപ്പിക്കുന്ന ആ ഭാവമാണ് പ്രേക്ഷകരുടെ മനസില്‍ ഇടം നല്‍കിയതെന്ന് തന്നെ പറയേണ്ടി വരും.74 വയസ്സായിരുന്നു.ഫോർട്ട് കൊച്ചി ചുള്ളിക്കൽ സ്വദേശിയാണ്.