NEWS

ലോക മഹാമേളയിലേക്ക് ഇനി 150 ദിനങ്ങളുടെ കാത്തിരിപ്പ് മാത്രം

ദോഹ: ലോകം കാത്തിരിക്കുന്ന ഫിഫ ലോകകപ്പ് മഹാമേളയിലേക്ക് ഇനി 150 ദിനങ്ങളുടെ കാത്തിരിപ്പ് മാത്രം.ലോകം ഇന്നുവരെ കണ്ട ഏറ്റവും മികച്ച ഒരുക്കങ്ങളോടെയാണ് ഖത്തര്‍ ലോകകപ്പിലേക്ക് നടന്നടുക്കുന്നത്.
ലോകകപ്പിനായി ഖത്തര്‍ ഒരുക്കിയത് എട്ട് സുന്ദരമായ കളിയിടങ്ങളാണ്.അവയില്‍ ആറും പുതുതായി നിര്‍മിച്ചതും.ഖലീഫ സ്റ്റേഡിയവും അല്‍ റയ്യാനിലെ അഹമ്മദ് ബിന്‍ അലി സ്റ്റേഡിയവും പുതുക്കി പണിതാണ് ലോകകപ്പിനൊരുങ്ങുന്നത്. എട്ടു കളിമുറ്റങ്ങളും ഖത്തറിന്‍റെയും അറബ് ലോകത്തിന്‍റെയും പാരമ്ബര്യവും പൈതൃകവും ഉള്‍ക്കൊള്ളുന്നതാണ്.
ലോകകപ്പ് ഫുട്ബോളിന് അറബ് ലോകം ആദ്യമായാണ് വേദിയാകുന്നത്.ഏഷ്യന്‍ വന്‍കരയില്‍ രണ്ടാം തവണ ലോകകപ്പ് വിരുന്നെത്തിയപ്പോള്‍ പങ്കാളിത്തതിലും ഏഷ്യന്‍ ഫുട്ബാള്‍ കോണ്‍ഫെഡറേഷന്‍ ചരിത്രം കുറിച്ചു. ആതിഥേയരായ ഖത്തര്‍ ഉള്‍പ്പെടെ എ.എഫ്.സിക്കു കീഴില്‍നിന്നും പങ്കെടുക്കുന്നത് ആറ് ടീമുകള്‍. ഇറാന്‍, ദക്ഷിണ കൊറിയ, ജപ്പാന്‍, സൗദി, ഇറാന്‍, ആസ്ട്രേലിയ എന്നിവരാണ് അത്.
നവംബര്‍ 21ന് കിക്കോഫ്. അല്‍ തുമാമ സ്റ്റേഡിയത്തില്‍ സെനഗലും നെതര്‍ലന്‍ഡ്സും പ്രാദേശിക സമയം ഉച്ച ഒരു മണിക്ക് കളത്തിലിറങ്ങുന്നതോടെ തുടക്കം. ഉദ്ഘാടനം രാത്രി ഏഴിന് അല്‍ ബെയ്ത് സ്റ്റേഡിയത്തില്‍ ഖത്തര്‍ – എക്വഡോര്‍ മത്സരത്തോടെ. ഡിസംബര്‍ 18ന് ലുസൈല്‍ സ്റ്റേഡിയത്തില്‍ ഫൈനല്‍. ആകെ 28 ദിവസത്തെ പോരാട്ടങ്ങള്‍. പങ്കെടുക്കുന്നത് 32 ടീമുകൾ.

Back to top button
error: