IndiaNEWS

”നമ്മുടെ ആശങ്കയും സന്തോഷവും ഒന്നാണ്. നമുക്കിടയില്‍ ഐക്യമുണ്ട്. വിജയവും നമ്മുടേതാകും”: ഹോട്ടലിലെ വിമത എം.എല്‍.എമാരോടു ഷിന്‍ഡെ

ഗുവാഹത്തി: ഒരു ‘ദേശീയ പാർട്ടി’ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ഗുവാഹത്തിയിലെ ഹോട്ടലിലുള്ള ശിവസേന വിമത നേതാവ് ഏക്നാഥ് ഷിൻഡെ. വിമതരുടെ നീക്കം ചരിത്രപരമാണെന്ന് ആ പാര്‍ട്ടി വിശേഷിപ്പിച്ചതായും ഷിൻഡെ ഹോട്ടലിലെ വിമത എംഎൽഎമാരോടു പറഞ്ഞു. ഹോട്ടലിൽ എംഎൽഎമാരോടു സംസാരിക്കുന്ന ഏക്നാഥ് ഷിൻഡെയുടെ ദൃശ്യങ്ങളും പുറത്തുവന്നു.

‘നമ്മുടെ ആശങ്കയും സന്തോഷവും ഒന്നാണ്. നമുക്കിടയിൽ ഐക്യമുണ്ട്. വിജയവും നമ്മുടേതാകും. ഒരു ദേശീയ പാർട്ടിയുണ്ട്, മഹാശക്തി. പാക്കിസ്ഥാനെപ്പോലും അവർ പരാജയപ്പെടുത്തി. നമ്മൾ ചരിത്രപരമായ ഒരു തീരുമാനമെടുത്തെന്നാണ് അവർ പറഞ്ഞത്. എല്ലാ സഹായവും അവര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്– വിഡിയോയിൽ ഷിൻഡെ പറയുന്നു.

രണ്ട സ്വതന്ത്രർ ഉൾപ്പെടെ 41 എംഎൽഎമാരാണ് ഷിൻഡെയ്‌ക്കൊപ്പം ഗുവാഹത്തിയിലുള്ളത്. മൂന്നു ശിവസേന എംഎൽഎമാരും അഞ്ച് സ്വതന്ത്രരും വ്യാഴാഴ്ച രാത്രി ഗുജറാത്തിലെ സൂറത്തിലേക്കു പോകുമെന്നും റിപ്പോർട്ടുകളുണ്ട്. ശിവസേനയിലേത് ആഭ്യന്തര പ്രശ്നങ്ങളാണെന്നും അതിൽ ഒന്നും ചെയ്യാനില്ലെന്നുമായിരുന്നു ബിജെപിയുടെ നിലപാട്. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ് അമിത് ഷായെ കാണാൻ ഡൽഹിയിലേക്കു പോയിട്ടുണ്ട്.

അതേസമയം, മഹാരാഷ്ട്രയിലെ എംഎൽഎമാർ അസമിൽ താമസിക്കുന്നുണ്ടോയെന്നു അറിയില്ലെന്ന് അസം മുഖ്യമന്ത്രി , ഹിമന്ത ബിശ്വ ശർമ പറഞ്ഞു. ‘അസമിൽ നല്ല ഹോട്ടലുകളുണ്ട്, ആർക്കും അവിടെ വന്ന് താമസിക്കാം. അതിൽ ഒരു പ്രശ്നവുമില്ല. മഹാരാഷ്ട്ര എംഎൽഎമാർ അസമിൽ താമസിക്കുന്നുണ്ടോ എന്നറിയില്ല. മറ്റ് സംസ്ഥാനങ്ങളിലെ എംഎൽഎമാർക്കും അസമിൽ വന്ന് താമസിക്കാം.’– മുഖ്യമന്ത്രി പറഞ്ഞു.

Back to top button
error: