NEWS

സംഗീതത്തിന് മരണത്തെപ്പോലും അകറ്റി നിർത്താൻ സാധിക്കും !!

സാമ്പത്തിക ബാധ്യതകളാൽ വട്ടം  തിരിഞ്ഞു ജീവിക്കാൻ ഒരു നിവൃത്തി ഇല്ലാതെ ഒരു മുഴം കയറിൽ എല്ലാ ബാധ്യതകളും അവസാനിപ്പിക്കാൻ തീരുമാനിച്ചുറപ്പിച്ച ശേഷം , ഭാര്യയെയും മൂന്നു പെൺമക്കളെയും ഭാര്യയുടെ വീട്ടിൽ കൊണ്ട് ചെന്നാക്കി..
 തന്റെ വീട്ടിൽ വന്നു വാതിലുകൾ എല്ലാം ബന്ധിച്ചു , ഫാനിൽ കുരുക്ക് ഉറപ്പിച്ച ശേഷം,
അപശബ്ദങ്ങൾ ഉണ്ടായാൽ അവ പുറത്തേക്കു പോകാതിരിക്കാനായി റേഡിയോയിൽ ഉറക്കെ പാട്ടു വച്ച് കഴുത്തിൽ കുരുക്ക് ഇട്ട നേരം ആ റേഡിയോയിൽ നിന്ന വന്ന ഗാനം അയാളുടെ ഹൃദയത്തിൽ ഭാര്യയുടെയും മക്കളുടെയും ഓർമ്മകൾ നിറക്കുക ആയിരുന്നു…!!
 ഞാൻ ഇല്ലാതെ ആയാൽ അവർക്കു തുണക്ക് ആരുമുണ്ടാകില്ല !
ഈ ചിന്ത അയാളിൽ ഉടലെടുക്കുകയും അയാളെ ജീവിതത്തിലേക്ക് തിരിച്ചു വിളിക്കുകയും ചെയ്തു ആ പാട്ട്.
ആ മനുഷ്യന്റെ ചെവികളിൽ ജീവന്റെ വിലയുമായി  ആ നിമിഷം ഒഴുകിയ എത്തിയ പാട്ട്  “ഇണയെവിടെ തുണയെവിടെ സിന്ദൂരക്കുരുവി “എന്നതായിരുന്നു !  (മഞ്ഞിൽ വിരിഞ്ഞ പൂക്കൾ)
ഒരു മനുഷ്യൻ മരണത്തിന്റെ വാതിൽ തള്ളി തുറന്നു ജീവിതത്തിന്റെ ഇടനാഴിയിലേക്ക് കടന്നു വരാൻ കാരണക്കാരൻ ആയതു ജെറി അമൽദേവ് എന്നൊരു കൊച്ചിക്കാരനും !
(നിങ്ങളെ ഏറ്റവും ആകർഷിച്ച പാട്ടും അതിനുള്ള കാരണവും ഒരു കാണിച്ചു കത്തെഴുതുക എന്ന ദൂരദർശനിലെ പ്രോഗ്രാമിന് ഒന്നാം സ്ഥാനത്തു വന്ന കത്ത് )
2016 ഗന്ധർവ സന്ധ്യ നടക്കുക ആണ് ..
യേശുദാസ് , ഔസേപ്പച്ചൻ തുടങ്ങിയ പ്രതിഭകളെ കാഴ്ചക്കാർ ആക്കി കൊണ്ട് , വേദിയിൽ ഗ്രേഡി  ലോങ്ങ് എന്ന അമേരിക്കൻ ഗായകൻ പതിയെ സംസാരിച്ചു തുടങ്ങുക ആണ് , “
ഞാൻ എന്റെ സൗത്ത് ഇന്ത്യൻ മലയാളി   വൈഫിനോടൊപ്പം ഒരുപാട് മലയാളം  മൂവീസ് കണ്ടിട്ടുണ്ട് , ഒരിക്കൽ ഒരു സിനിമ കണ്ടു കൊണ്ടിരിക്കെ കേട്ട ഒരു പാട്ട് എന്നെ വല്ലാതെ ആകർഷിച്ചു , ആദ്യ കേൾവിയിലെ എന്നെ അത്രയധികം ആകർഷിച്ച ആ പാട്ട് ഞാൻ ഒന്ന് പാടാൻ ശ്രമിക്കുക ആണ് “
അതെ ഗ്രേഡി ലോങ്ങ് പാടി  ഒന്നര ദിവസം  കൊണ്ട് രണ്ടു മില്യൺ വ്യൂസ് കിട്ടി സോഷ്യൽ മീഡിയയിൽ  അക്കാലത്ത് വൈറൽ ആയ അതെ ഗാനം !!
” ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ  ഞാൻ “
ആദ്യ കേൾവിയിലെ അമേരിക്കകാരനെ എന്നല്ല കേൾക്കുന്നവരെ എല്ലാം വിസ്മയിപ്പിച്ച ആ അത്ഭുതഗാനം സൃഷ്ടിച്ചതും അയാൾ തന്നെ.ജെറി അമൽദേവ് !!
പ്രേം നസീറിന്റെയോ , ഷീലയുടെയോ മുഖം ഇല്ലാതെ തീയറ്ററിൽ ആളുകൾ കയറില്ല എന്നൊരു വിശ്വാസം കത്തി  നിൽക്കുന്ന കാലത്ത്, ഇവരാരും ഇല്ലാതെ പുതുമുഖങ്ങളെ വച്ചൊരു സിനിമ പ്ലാൻ ചെയ്ത നവോദയ അപ്പച്ചനും ഫാസിലിനും ആളുകളെ തീയേറ്ററിലേക്ക് അടുപ്പിക്കാൻ ഒരു “തുറുപ്പു ചീട്ട് “
വേണമായിരുന്നു ..
 അനേക നാളത്തെ അലച്ചിലിനു ശേഷം ഫാസിൽ ആണ് ആ ആശയം അപ്പച്ചന് മുന്നിലേക്ക്‌ ഇടുന്നതു ” സിനിമ ഇറങ്ങുന്നതിനു മുൻപ് സിനിമയിലെ പാട്ടുകൾ ഓഡിയോ കാസറ്റിലൂടെ പുറത്തിറക്കി ആളുകളുടെ ഇടയിൽ ഒരു തരംഗം ഉണ്ടാക്കണം , ആളുകൾക്ക് ആ പാട്ടുകൾ കേട്ടാൽ തീയേറ്ററിലേക്ക് സിനിമ കാണാൻ വരാൻ തോന്നണം “
അപ്പച്ചനും ഏറെ സ്വീകാര്യമായ ആശയം..
മലയാളി അന്നോളം കേട്ടു കേൾവി ഇല്ലാത്ത തരത്തിൽ ഉള്ള സംഗീതം ആയിരിക്കണം ആ സിനിമയിലേതു എന്നുള്ള വാശിയിൽ പുതിയൊരു സംഗീത സംവിധായകനെ തേടിയുള്ള ആ രണ്ടു പേരുടെ ഇരു വഴിയിലൂടെയുള്ള യാത്ര ചെന്നെത്തിയത് എക്സ്പ്രസ് റോഡിലുള്ള  അയാളുടെ വീടിനു മുന്നിലാണ് !!
നാലാം വയസ്സ് മുതൽ പങ്കജ്  മാലികിന്റെയും , സൈഗാളിന്റെയും , ആർ  സി ബോറാളിന്റെയും എല്ലാം ഹിന്ദി പാട്ടുകൾ കേട്ട്  പഠിച്ചു പാടി കൊണ്ടിരുന്ന
പതിനാലാം വയസിൽ നാടകത്തിനു സംഗീതം നൽകിയ ..
സ്കൂൾ വിദ്യഭ്യാസത്തിനു ശേഷം പൗരോഹിത്യ പഠനത്തിന് ആയി നോർത്ത് ഇന്ത്യയിലേക്ക് പോയെങ്കിലും പാതിവഴിയിൽ ദൈവവഴിയിൽ നിന്നും പിന്മാറി സംഗീതത്തിന്റെ വഴിയേ പോയി ഓർഗനും , പിയാനോയും , തബലയും , വായ്പ്പാട്ടും പഠിച്ച …..
 ഹിന്ദി സിനിമ സംഗീത ലോകത്തെ  ഉസ്താദ് നൗഷാദിന്റെ പ്രിയ  ശിഷ്യൻ ആയി മാറിയ…
ഗാനരചയിതാവിന്റെ വരികൾക്ക് സംഗീത സംവിധായകൻ ഈണങ്ങൾ നൽകുമെങ്കിലും അവക്ക് ഈ കാണുന്ന അഴകും ജീവനും നൽകുന്നത്  മ്യൂസിക് സ്കോറെർ ആണെന്ന് മനസിലാക്കി മ്യൂസിക് സ്കോറെർ ആകാനുള്ള ആഗ്രഹത്താൽ അമേരിക്കയിൽ പോയി പഠിച്ചു പാശ്ചാത്യ സംഗീതത്തിൽ   ബിരുദാനന്തര ബിരുദം നേടി വന്ന..
സംഗീതത്തിന്റെ പൂർണ്ണതക്കായി ജീവിതം ഉഴിഞ്ഞു വച്ച  അതെ മനുഷ്യന്റെ അടുത്ത്-ജെറി അമൽദേവിന്റെ !
അവരുടെ ക്ഷണം സ്വീകരിച്ചു പതിയെ മലയാളസിനിമാലോകത്തേക്കു തന്റെ ഈണങ്ങളും ആയി പതിയെ കടന്നു വരുന്ന ജെറി…..
ഫാസിലും , അപ്പച്ചനും മനസ്സിൽ കണക്കു കൂട്ടിയ പോലെ കേരളമാകെ തരംഗമായ
” മഞ്ഞണിക്കൊമ്പിൽ”
“മിഴിയോരം”
തുടങ്ങിയ പാട്ടുകൾ സൃഷ്ടിക്കുന്നു അയാൾ !
പാട്ടുകൾ ആളുകളെ തീയേറ്ററിലേക്ക് വലിച്ചു കയറ്റുന്ന കാഴ്ച !!
“ജെറി , അടുത്ത പടത്തിൽ ഒരു പാട്ടു വേണം, പാട്ടിന്റെ  ഒരു കട്ട  മറിയുമ്പോൾ മരുഭൂമിയിൽ നിന്നും മഞ്ഞു മലയിലേക്കു വീണത് പോലെ ആളുകൾക്ക് തോന്നണം ” എന്ന ഫാസിലിന്റെ നിർദ്ദേശപ്രകാരം
“പൂ വട്ടക തട്ടിച്ചിന്നി പൂമലയില്‍ പുതുമഴചിന്നി
പൂക്കൈതക്കയ്യുംവീശി ആ മലയീമല പൂമലകേറീ
അങ്ങേക്കണ്ടത്തെ തൃത്താപ്പെണ്ണിനൊരുമ്മകൊടുത്തു താന്തോന്നിക്കാറ്റ്”
 എന്ന വരികളിലൂടെ അയാൾ ആളുകളെ മരുഭൂമിയിലേക്ക് കൊണ്ട് പോയി.
“തെക്കേ പൊന്മല തൂക്കേക്കേറുമ്പം ഞങ്ങളും കണ്ടല്ലോ
ഓ അത്തം പത്തിനു മെക്കേ ചെല്ലുമ്പോ ഞങ്ങളും കേട്ടല്ലോ “
എന്ന അടുത്ത വരികളിലൂടെ മഞ്ഞു മലയിലേക്കു തള്ളിയിടുന്ന അയാൾ !
ഒരൊറ്റ ആൽബത്തിൽ തന്നെ പൂവട്ടകയും,    ദേവദുന്ദുഭിയും !
കേൾക്കുന്നവരെയാകെ പ്രണയകുളിരിൽ നനച്ച “പെണ്ണിന്റെ ചെഞ്ചുണ്ടിൽ “
കാക്കിക്കുള്ളിലെ കലാകാരനെ തുറന്നു കാണിച്ച “പവിഴമല്ലി പൂത്തുലഞ്ഞ നീലവാനം…”
“ആളൊരുങ്ങി അരങ്ങൊരുങ്ങി”
തുടങ്ങി എത്രയെത്ര മനോഹര ഗാനങ്ങൾ !!
കൂടെ ഓടുന്നവർ സിനിമ റിലീസ്  ആയിട്ടും അതിലെ ഗാനങ്ങൾ  ഹിറ്റ് ചാർട്ടിൽ എത്തിക്കാൻ ആകാതെ കഷ്ടപെടുമ്പോൾ , വെളിച്ചം കാണാത്ത സിനിമയിലെ പാട്ടുകൾ വരെ ഹിറ്റ്  ചാർട്ടിൽ കയറിയിരുന്ന പ്രതിഭ ( പൂവല്ല പൂന്തളിര് അല്ല — കാട്ടുപോത്ത് )
ഏതു സംവിധായകൻ ഏതു എഴുത്തുകാരനെയും കൂട്ടി ആ വീടിന്റെ വാതിൽ കടന്നു ചെന്നപ്പോഴൊക്കെ അവർക്കു മനോഹരമായ ഈണങ്ങൾ മാത്രം നൽകിയ അത്ഭുത മനുഷ്യൻ !!
ഒരിക്കൽ നവോദയ അപ്പച്ചന്റെ കൂടെ കയറി ചെന്ന ആ വീടിന്റെ കോളിങ് ബെൽ ഫാസിൽ വീണ്ടും അടിക്കുന്നത് പത്തോളം  വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം   !
സത്യൻ അന്തിക്കാടിനോടൊപ്പം ചെയ്യുന്ന  നമ്പർ 1സ്നേഹതീരം ബാംഗ്ലൂർ നോർത്ത് എന്ന ചിത്രത്തിന് പാട്ടുകൾ ഒരുക്കാൻ ആയി ..
ഒരു പരിഭവവും ഇല്ലാതെ “പൊന്നമ്പിളി പൊട്ടും തൊട്ടും “
“മേലെ മേലെ വാനം “
“മിന്നും മിന്നാമിന്നിയും”
 തുടങ്ങി മനോഹരമായ ഗാനങ്ങൾ  ഒരുക്കി നൽകുന്ന അയാൾ….
ആ ആൽബത്തിന് വേണ്ടി ഒന്നിനൊന്നു മികച്ച ആറോളം ഗാനങ്ങൾ സ്പുടം ചെയ്തെടുക്കുമ്പോൾ ആ മനുഷ്യൻ അറിഞ്ഞു കാണുമോ ഇനി തനിക്കൊരു അവസരവുമായി ഒരു സംവിധായകൻ അടുത്തകാലത്തൊന്നും ആ വഴി വരില്ലെന്ന് !!
അവസാനം ഇറങ്ങിയ ആൽബത്തിലെ എല്ലാ പാട്ടുകളും ഹിറ്റ് ആയിരുന്നിട്ടും ഇരുപതു വർഷങ്ങൾ ആണ് അടുത്ത ഒരു അവസരത്തിനായി അയാൾക്ക് കാത്തിരിക്കേണ്ടി വന്നത് !!
എന്തിനെന്നറിയാതെ അവഗണിക്കപ്പെട്ട ഇരുപതു വര്ഷങ്ങളുടെ അവസാനം എബ്രിഡ് ഷൈനിന്റെ ആക്ഷൻ ഹീറോ ബിജുവിലൂടെ “പൂക്കൾ പനിനീർ പൂക്കളു”മായി തന്റെ കയ്യിലുള്ള സംഗീതത്തിന്റെ വീര്യം കൂടിയിട്ടേ  ഉള്ളു എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ട് വീണ്ടും  പാട്ടിന്റെ ലോകത്തേക്ക് തിരിച്ചു  വരുന്ന അയാൾ !!
 “വളരെ കണിശക്കാരൻ ആയതു കൊണ്ടാണ് നിങ്ങൾക്ക് അവസരം നിഷേധിക്കപ്പെട്ടത് എന്നും അതിൽ ഇപ്പോൾ നിങ്ങൾക്ക് സന്താപം തോന്നുന്നുണ്ടോ -എന്നൊരു ചോദ്യം വർഷങ്ങൾക്കു ശേഷം അയാൾക്ക് അഭിമുഖീകരിക്കേണ്ടി വന്നു.
 ” ശ്രുതി ശുദ്ധമായിരിക്കണം , താളം നന്നായിരിക്കണം  , ഉച്ചാരണം വ്യക്തമായിരിക്കണം പിന്നെ ഒരു  കലാകാരൻ നല്ല അച്ചടക്കം ഉള്ളവൻ ആയിരിക്കണം എന്ന എന്റെ ഫണ്ടമെന്റൽസിൽ മുറുകെ പിടിച്ചത് കൊണ്ടാണ് എനിക്ക് കണിശക്കാരൻ എന്ന പേര് വന്നതും എനിക്ക് അവസരങ്ങൾ നഷ്ടമായതും എങ്കിൽ അതിൽ എനിക്ക് ഒരല്പം പോലും ഖേദം ഇല്ല !! “
ആർക്കുണ്ട് ഇത്ര ധൈര്യം!  പ്രത്യേകിച്ച് പാദസേവ ചെയ്തും പരദൂഷണം പറഞ്ഞും അവസരങ്ങൾ തേടി നടക്കുന്ന ഇന്നത്തെക്കാലത്ത്!!
അതെ, ഒരു പാട്ടുകേട്ട് മരണത്തിന്റെ കുടുക്കിൽ നിന്നും തിരിഞ്ഞു നടന്ന ആ മനുഷ്യനോടൊപ്പം  അന്നുമിന്നും എന്റെ സംഗീത ഓർമകളിൽ പൂത്തു നിന്നൊരു മഞ്ഞ മന്ദാരത്തിനു അയാളുടെ മുഖമാണ് ….!!

Back to top button
error: