എടപ്പാൾ: വെർജീനിയയിലെ മികച്ച ഗവേഷണ സെമിനാറിന് ചങ്ങരംകുളം പന്താവൂർ സ്വദേശിയായ ഋത്വിക് പി. മണികണ്ഠൻ പുരസ്കാരം നേടി. അമേരിക്കയിലെ ഹൂസ്റ്റൺ യൂണിവേഴ്സിറ്റിയിൽ ഫിസിക്സിൽ പി.എച്ച്.ഡി ചെയ്തു വരുന്ന മലപ്പുറം ജില്ലയിലെ പന്താവൂർ സ്വദേശിയായ ഋത്വിക് പി. മണികണ്ഠൻ വെർജീനിയയിലെ ജഫെഴ്സൺ നാഷണൽ ലബോറട്ടറി ആഗോള തലത്തിൽ ഗവേഷണ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സെമിനാറിലാണ് ഒന്നാം സ്ഥാനത്തിനു അർഹനായത്. ‘താപ ഗതിക സിദ്ധാന്തവും അണുക്കളുടെ സംഘട്ടനവും’ എന്ന
വിഷയത്തിലാണ് റുത്വിക് സെമിനാർ അവതരിപ്പിച്ചത്. ജപ്പാൻ, മേക്സിക്കോ, ബ്രിട്ടൻ, ഫ്രാൻസ്, അമേരിക്ക,ഇന്ത്യ, ബംഗ്ലാദേശ് തുടങ്ങി നിരവധി രാജ്യങ്ങളിൽ നിന്നും പങ്കെടുത്ത മത്സരാർത്ഥികളെ പിന്നിലാക്കിയാണ് റുത്വിക് മികച്ച വിഷയത്തിനും അവതരണത്തിനും ഒന്നാം സ്ഥാനം നേടിയത്. ചണ്ടീ ഗഡ് മൊഹാലിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്&റിസേർചിൽ നിന്നും ബി. എസ്. എം. എസ്.പഠനം പൂർത്തിയാക്കിയാണ് റുത്വിക് ഹൂസ്റ്റൺ യൂണിവേഴ്സിറ്റിയിൽ പ്രവേശനം നേടിയത്. പ്രോജെക്ട് മാനേജുമെന്റ് കൻസൾട്ടന്റും എഴുത്തുകാരനുമായ പന്താവൂർ സ്വദേശി പൂഴികുന്നത്ത് മണികണ്ഠന്റെയും ഗുരുവായൂർ സ്വദേശിനി ഡോക്ടർ സ്‌മൃതിയിടെയും മകനാണ് റുത്വിക്. സഹോദരൻ അഭിരാം മണികണ്ഠൻ ഡൽഹി യൂണിവേഴ്സിറ്റിയിൽ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിയാണ്.