കട്ടപ്പന: പ്രതിഷേധങ്ങള്‍ക്കിടെ പഴയ ബസ് സ്റ്റാന്‍ഡിലെ പാര്‍ക്കിങ് ഏരിയ ലേലം ചെയ്ത വ്യക്തിക്ക് അളുന്നുനല്‍കി നഗരസഭ. നേരത്തെ പാര്‍ക്കിങ് ഏരിയായുമായി ബന്ധപ്പെട്ട് നഗരസഭ െഹെക്കോടതിയില്‍ നിന്നും അനുകൂല വിധി നേടിയിരുന്നു. ഇതനുസരിച്ച് ഇന്നലെ രാവിലെ സ്ഥലം അളന്ന് തിട്ടപ്പെടുത്താന്‍ അധികൃതര്‍ എത്തിയെങ്കിലും ചില വ്യാപാരികളും സി.പി.എം.പ്രവര്‍ത്തകരും പ്രതിഷേധവുമായെത്തി. തുടര്‍ന്ന് നാലു പ്രതിഷേധക്കാരെ പോലീസ് കരുതല്‍ അറസ്റ്റ് ചെയ്ത് നീക്കി. ഇതിനുശേഷമാണ് സ്ഥലം അളന്ന് തിട്ടപ്പെടുത്തിയത്.
നാലു മാസം മുന്‍പാണ് നഗരസഭയുടെ കീഴിലുള്ള സ്ഥലം വെറുതെയിട്ടാല്‍ ഓഡിറ്റ് സമയത്ത് വിശദീകരണം നല്‍കണമെന്ന് ചൂണ്ടിക്കാട്ടി നഗരസഭ പഴയ ബസ് സ്റ്റാന്‍ഡ് പ്രസാദ് പുത്തന്‍പുരയ്ക്കല്‍ എന്ന വ്യക്തിയ്ക്ക് പാര്‍ക്കിങിനായി ലേലം വിളിച്ചുനല്‍കിയത്. എന്നാല്‍ വ്യാപാരികള്‍ എതിര്‍പ്പുമായി രംഗത്തെത്തുകയായിരുന്നു. തുടര്‍ന്ന് വ്യാപാരികളുടെ ആശങ്ക പരിഹരിച്ച് പാര്‍ക്കിങ് നടപ്പാക്കുമെന്ന് പറഞ്ഞ നഗരസഭാ അധികൃതര്‍ പഴയ ബസ് സ്റ്റാന്‍ഡില്‍ പാര്‍ക്കിങിനുള്ള സ്ഥലം വേലി കെട്ടിത്തിരിച്ചു.
എന്നാല്‍ സി.പി.എം. പ്രവര്‍ത്തകരും വ്യാപാരികളും ചേര്‍ന്ന് വേലിയിളക്കി മാറ്റി. തുടര്‍ന്ന് നഗരസഭ നിയമ നടപടികളുമായി മുന്നോട്ടു പോകുകയും പാര്‍ക്കിങ് ഫീസ് പിരിയ്ക്കുന്ന കാര്യത്തില്‍ അനുകൂലമായ കോടതി വിധി നേടിയെടുക്കുകയും ചെയ്തിരുന്നു.