NEWS

ട്രാഫിക് ലൈറ്റുകളും റെയില്‍പാളങ്ങളും ഇല്ലാത്ത ലോകത്തിലെ ഏക രാജ്യം; ഭൂട്ടാൻ എന്ന സന്തോഷത്തിന്റെ കവാടം

ന്തോഷത്തിന്റെ കവാടം തുറന്നിട്ട്, ആരെയും സ്വീകരിക്കുന്ന അതിഥിഭാവത്തോടെ തലയുയര്‍ത്തി നില്‍ക്കുന്ന നമ്മുടെ സ്വന്തം അയല്‍ക്കാരന്‍– അതാണ് ഭൂട്ടാന്‍ എന്ന ഹിമാലയന്‍ രാജ്യം. രാജഭരണം നിലവിലിരിക്കുന്ന അപൂർവം രാജ്യങ്ങളിൽ ഒന്നായ ഭൂട്ടാനെ ഏറ്റവും വലിയ സന്തോഷനാട് എന്നുതന്നെ വിളിക്കാം.
രാജാവു പറയുന്നത് തന്നെയാണ് ജനങ്ങൾക്കു വേദവാക്യം. പ്രജകളുടെ സന്തോഷത്തിനപ്പുറമൊന്നും അദ്ദേഹത്തിനുമില്ല. എല്ലാം കൊണ്ടും സംതൃപ്തിയില്‍ ജീവിക്കുന്ന മനുഷ്യർ. ലോകരാജ്യങ്ങൾക്കിടയിൽ ഭൂട്ടാൻ അങ്ങനെ വേറിട്ടു നിൽക്കുന്നു.
എപ്പോഴും സന്തോഷം മാത്രം തിരയടിക്കുന്ന ഇൗ രാജ്യത്തേക്കു യാത്രപോകാൻ തോന്നുന്നില്ലേ? നീലാകാശത്തെ ചുംബിച്ചു നില്‍ക്കുന്ന മലനിരകളും താഴ്‍വാരങ്ങളും നിറഞ്ഞ ഭൂട്ടാന്‍ പ്രകൃതിഭംഗിയാൽ സമ്പന്നമാണ്. ലോകത്തെ ഏറ്റവും സന്തുഷ്ടിയുള്ള രാജ്യമെന്ന പെരുമയ്ക്കു കാരണം ഇവിടുത്ത ജനങ്ങളുടെ സന്തോഷകരമായ ജീവിതവും സുന്ദരകാഴ്ചകളുമൊക്കെയാണ്. ജോലിക്കായും മറ്റുമെത്തി താമസമാക്കിയ ഇന്ത്യക്കാരും ഇവിടെയുണ്ട്.
ഹിമാലയത്തിലെ ഈ ചെറിയ രാജ്യത്തെ വേറിട്ടു നിര്‍ത്തുന്നത് അതിന്റെ തീരുമാനങ്ങളും നിലപാടുകളുമാണ്. അവ അക്കമിട്ടു പറഞ്ഞുതരാം.
1.ജിഡിപിയില്ല, പകരം ജിഎന്‍എച്ച് അഥവാ ഗ്രോസ് നാഷനല്‍ ഹാപ്പിനസ്
ലോകത്തിൽ ചിലപ്പോള്‍ ഭൂട്ടാനില്‍ മാത്രമാകും സാമ്പത്തിക വളര്‍ച്ചയുടെ അടിസ്ഥാനത്തിലല്ലാതെ മൊത്തം ദേശീയ സന്തോഷത്തിലൂടെ രാജ്യത്തിന്റെ വളർച്ചയും പുരോഗതിയും കണക്കാക്കുന്നത്. 1971 ല്‍ തന്നെ ഭൂട്ടാന്‍ ജിഡിപിയെ രാജ്യത്തിനു പുറത്താക്കി നാടുമുഴുവന്‍ സന്തോഷം നിറയ്ക്കാന്‍ ആരംഭിച്ചു. ജനങ്ങളുടെ സന്തോഷത്തിനും ആരോഗ്യത്തിനും ഐക്യത്തിനും വേണ്ട പുതിയ ക്ഷേമപരിപാടികള്‍ക്കു തുടക്കം കുറിച്ചു. പ്രകൃതിസംരക്ഷണത്തിനൊപ്പം  ജനനന്‍മയും ഭൂട്ടാന്‍ വളര്‍ത്തിയെടുത്തു.
2.ലോകത്തിലെ ഏക കാര്‍ബണ്‍ നെഗറ്റീവ് രാജ്യം
കാര്‍ബണ്‍ ഉന്മൂലനത്തിനായി ലോകം മുഴുവന്‍ പാടുപെടുന്ന ഈ കാലത്ത്, ഭൂട്ടാന്‍ യഥാർഥത്തില്‍ കാര്‍ബണിനെ ആഗിരണം ചെയ്യുകയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഭൂട്ടാന്‍ പ്രതിവര്‍ഷം 15 ദശലക്ഷം ടണ്‍ കാര്‍ബണ്‍ ഉൽപാദിപ്പിക്കുന്നുണ്ടെങ്കിലും 6 ദശലക്ഷം ടണ്ണിലധികം ആഗിരണം ചെയ്യുന്നു. അതെങ്ങനെയെന്നല്ലേ. ഭരണഘടന അനുശാസിക്കുന്നത് രാജ്യത്തിന്റെ വിസ്തൃതിയുടെ 60% വനമായിരിക്കണമെന്നാണ്. ലോകത്തിലെ ഏറ്റവും പച്ചപ്പുള്ള രാജ്യങ്ങളിലൊന്നായ ഭൂട്ടാന്റെ 71% നിലവിൽ വനമാണ്. ഈ വൃക്ഷസമ്പത്താണ് കാർബൺ ആഗിരണം ചെയ്യുന്നതും രാജ്യത്തെ കാര്‍ബണ്‍ നെഗറ്റീവ് ആയി നിലനിർത്തുന്നതും.
4. പാരമ്പര്യം വിട്ടൊരു കളിയില്ല
ഭൂട്ടാനിലെ പ്രധാന കാഴ്ചയിലൊന്ന് ജനങ്ങളുടെ വസ്ത്രധാരണമാണ്. അവരുടെ പരമ്പരാഗത വസ്ത്രധാരണം ഭൂട്ടാനെ മറ്റുള്ളവരില്‍ നിന്നു വേറിട്ടുനിര്‍ത്തുന്നു. അതിനൊരു കാരണമുണ്ട്. ഓഫിസില്‍ പോലും പരമ്പരാഗത വസ്ത്രങ്ങള്‍ ധരിക്കണമെന്നാണ് ഉത്തരവ്.
5. ട്രാഫിക് ലൈറ്റുകളും റെയില്‍പാളങ്ങളുമില്ല
ഭൂട്ടാനില്‍ ട്രാഫിക് ലൈറ്റുകള്‍ ഇല്ല. തിംഫുവില്‍ ഒരു ട്രാഫിക് സിഗ്‌നല്‍ മാത്രമേ ഉള്ളൂ, അതും ട്രാഫിക് പോലീസിനാല്‍ നിയന്ത്രിക്കപ്പെടുന്നു.  മറ്റൊരു പ്രത്യേകതയാണ് ഇവിടെ റെയില്‍ ഗതാഗതം ഇല്ലെന്നത്. ഭൂട്ടാനില്‍ റെയില്‍ ഗതാഗതത്തിനുള്ള സാധ്യതകള്‍ അന്വേഷിക്കുന്നതിനായി ഇന്ത്യ ഒരു പദ്ധതിയിൽ ഒപ്പുവെച്ചിട്ടുണ്ടെങ്കിലും അതു പ്രാവര്‍ത്തികമായിട്ടില്ല. ഇന്ത്യയില്‍ നിന്നു റോഡ് മാര്‍ഗം ഭൂട്ടാനിലേക്കു പ്രവേശിക്കാം. അതായത്, എറണാകുളത്തുനിന്നു കോട്ടയത്തേക്ക് എന്നപോലെ ഈസിയായി.
6. ഇല്ല വ്യോമ, നാവിക സേനകൾ
അതെന്താ അങ്ങനെയെന്നാണോ, കടലില്ലാത്ത രാജ്യത്തിന് എന്തിനാണു നാവികസേന. ജലഅതിർത്തി ഇല്ലാത്ത രാജ്യമായതിനാല്‍ ഭൂട്ടാന് നാവികസേനയുടെ ആവശ്യമില്ല. മാത്രമല്ല  ഭൂട്ടാനു വ്യോമസേനയും ഇല്ല. വ്യോമ സഹായം വേണ്ടിവന്നാല്‍ ഇന്ത്യൻ വ്യോമസേനയുടെ ഈസ്റ്റേണ്‍ കമാന്‍ഡിനെയാണ് അവര്‍ ആശ്രയിക്കുന്നതും.
7. പ്ലാസ്റ്റിക് ബാഗ് ഫ്രീ കണ്‍ട്രി
രണ്ടു പതിറ്റാണ്ട് മുമ്പു തന്നെ പ്ലാസ്റ്റിക് ബാഗുകളെ ഗെറ്റ്ഔട്ട് അടിച്ച രാജ്യമാണ് ഭൂട്ടാന്‍.1999 ല്‍ പ്ലാസ്റ്റിക്ക് നിരോധിച്ചു. ഈ വര്‍ഷം  നിരോധനം ശക്തിപ്പെടുത്തിയിട്ടുമുണ്ട്.
8. പുകവലി ആരോഗ്യത്തിന് ശരിക്കും ഹാനികരമാണ്
ഭൂട്ടാനിലെത്തി പുകവലിക്കാം എന്നുകരുതിയാല്‍ തടി ശരിക്കും കേടാകും. കാരണം പുകയില നിയന്ത്രണ നിയമം ഏര്‍പ്പെടുത്തിയ ലോകത്തിലെ ആദ്യത്തെ രാജ്യങ്ങളിലൊന്നുകൂടിയാണ് ഭൂട്ടാന്‍. പൊതുവിടങ്ങളില്‍ പുകയില വില്‍ക്കുന്നവരും ഉപയോഗിക്കുന്നവരും കര്‍ശന ശിക്ഷാനടപടികള്‍ക്ക് വിധേയരാകും എന്ന് പ്രത്യേകം പറയേണ്ടല്ലോ. ഇത്തരം കിടുക്കന്‍ പരിഷ്‌കാരങ്ങള്‍ക്ക് ഇടയില്‍ ചില കോമഡിയും ഈ രാജ്യത്തുണ്ട്.
9. ഞായറാഴ്ച പത്രം വായനവേണ്ട
കാരണം ഭൂട്ടാനില്‍ ഞായറാഴ്ച പൂര്‍ണമായും അവധിയാണ്. പ്രസുകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ പത്രം അച്ചടിക്കില്ലല്ലോ. രണ്ടു ദിവസത്തെ മുഴുവന്‍ വാര്‍ത്തയും തിങ്കളാഴ്ച ഒരുമിച്ചു വായിക്കാം. പുരോഗമനപരമായ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്ന ഭരണസംവിധാനമാണ് ഭൂട്ടാനിലേത്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് സ്വവര്‍ഗരതിക്ക് അനുകൂലമായ ഉത്തരവിറക്കിയത്. സ്വവര്‍ഗരതി കുറ്റകൃത്യമാക്കുന്ന ശിക്ഷാ നിയമത്തിൽ മാറ്റം വരുത്തുകയും സ്വവര്‍ഗരതിയെ പ്രകൃതിവിരുദ്ധ ലൈംഗികതയായി കണക്കാക്കുന്ന നിയമത്തിലെ ചില ഭാഗങ്ങള്‍ നിരോധിക്കുകയും ചെയ്തു. പല രാജ്യങ്ങളും ഇന്നും സ്വവര്‍ഗാനുരാഗികള്‍ക്ക് എതിരെ നില്‍ക്കുമ്പോള്‍ ഭൂട്ടാന്‍ ശക്തമായ നിലപാടുകളിലൂടെ വ്യത്യസ്തമാവുകയാണ്. സ്വവര്‍ഗരതി നിയമപരമാക്കാനുള്ള ശ്രമങ്ങളാണിപ്പോള്‍ നടക്കുന്നത്.
ഏതു പാതിരാത്രിയിലും ഒരു പേടിയും കൂടാതെ ഭൂട്ടാന്റെ തെരുവുകളില്‍ നടക്കാം. നടുറോഡില്‍ പോലും വിലപ്പെട്ട വസ്തുക്കള്‍ മറന്നുപോയാൽ പേടിക്കേണ്ട, അന്യന്റെ ഒന്നും ഭൂട്ടാന്‍കാര്‍ ആഗ്രഹിക്കുന്നില്ല. അത്ര സുരക്ഷിതത്വമാണ് ഭൂട്ടാന്‍ നല്‍കുന്നത്. ഇങ്ങനെ എത്രപറഞ്ഞാലും തീരാത്തത്ര വിശേഷങ്ങള്‍ ഉണ്ട് ഭൂട്ടാനെക്കുറിച്ച് പറയാൻ.
ഭൂട്ടാനിലെ പ്രധാന ആകർഷണങ്ങൾ
പുനകാ ഡിസോങ് വളരെ മനോഹരമായ ശിൽപചാരുതയാൽ അലങ്കരിക്കപ്പെട്ട ഇടമാണ്. മരങ്ങളാൽ ചുറ്റപ്പെട്ട ഇവിടം ഭൂട്ടാനിലെ പ്രധാന ആകർഷണ കേന്ദ്രമാണ്.
ബുമ്ദ്ര മൊണാസ്ട്രി വരെയുള്ള മൂന്നു ദിവസത്തെ ട്രെക്കിങ്ങാണ് ഭൂട്ടാനിലെ അതിശയിപ്പിക്കുന്ന മറ്റൊരു ആകർഷണം. നേരത്തെ ബുക്ക് ചെയ്യുന്നവർക്കൊപ്പം ഒരു ഗൈഡും പാചകക്കാരനും ഉണ്ടാകും. കൂടാതെ ലഗേജുകൾ കൊണ്ടു പോകാൻ ഒരു കുതിരയും. ഭൂട്ടാനിലെ താഴ്‍‍വരകളും മലകളുമൊക്കെ കടന്നുള്ള ആ യാത്ര മറക്കാനാകാത്ത അനുഭവം തന്നെയാണ്. യാത്രയിൽ ഇടയ്ക്കുള്ള താമസം ഗുഹകളിലും മറ്റുമാണ്. പ്രാർഥനാനിരതമായ അനുഭവമാണ് ഈ യാത്രയിലും സഞ്ചാരികളെ കാത്തിരിക്കുന്നത്.
സോയ് യക്സയിലേക്കുള്ള ട്രെക്കിങ് കുറച്ചു കൂടി വ്യത്യസ്തമായമാണ്. കാട്ടിലേക്കുള്ള യാത്രയാണിത്. അതുകൊണ്ടു വന്യമായ അനുഭവങ്ങളാണ് ഇവിടെ നിന്നും പ്രതീക്ഷിക്കേണ്ടത്.
ബൂമ്താങ് വാലി ആപ്പിൾ മരങ്ങളാൽ നിറഞ്ഞ പ്രശാന്ത സുന്ദരമായ ഒരു അനുഭവമാണ്. കൃഷിയിടങ്ങളാണ് ഈ താഴ്‍‍വരയിൽ ഏറെയും.
ഗോമ് കോറ, ഭൂട്ടാനിലെ പ്രശസ്തമായ ഒരു ബുദ്ധ ക്ഷേത്രമാണ്. ബുദ്ധമതക്കാരുടെ ആത്മീയ ആചാര്യൻ റിംപോച്ചെ ധ്യാനിച്ചിരുന്ന  ഇടമാണ് ഇതെന്നു പറയപ്പെടുന്നു. അവിടെ അദ്ദേഹത്തിന്റെ വിരൽപാടുകൾ ഇപ്പോഴും കാണാം.
ഇവ കൂടാതെ ഗോൾഫിങ്, ബൈക്കിങ്, റിവർ റാഫ്റ്റിങ് പോലെയുള്ള സാഹസിക പരിപാടികളും ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നുണ്ട്. ഭൂട്ടാനിലെ ശിൽപകല എത്ര കണ്ടാലും മതിയാകില്ല.
ഒന്നു പോയി വന്നാലോ എന്നാണോ ചിന്ത. എങ്കില്‍ നേരെ വിട്ടോ. പാസ്‌പോര്‍ട്ടും വീസയും പോലും വേണ്ട, നിങ്ങളുടെ തിരിച്ചറിയൽ കാർഡ് മാത്രം മതി ഇവിടേക്കുള്ള യാത്രയ്ക്ക്. സന്തോഷത്തിനൊപ്പം സാഹോദര്യത്തിന്റെയും കവാടം അവര്‍ നിങ്ങള്‍ക്കായി തുറന്നിട്ടിരിക്കുകയാണ്.

Back to top button
error: