IndiaNEWS

അഗ്നിപഥ് പ്രക്ഷോഭം: റെയില്‍വേയ്ക്ക് ബിഹാറില്‍ മാത്രം 200 കോടി രൂപയുടെ നഷ്ടം !

സൈന്യത്തിൽ 4 വർഷത്തെ ഹ്രസ്വനിയമനത്തിനു പ്രഖ്യാപിച്ച ‘അഗ്നിപഥ്’ പദ്ധതിക്കെതിരെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിൽ നടന്ന പ്രക്ഷോഭത്തിൽ റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് നടത്തിയ അക്രമത്തിൽ കോടിക്കണക്കിന് രൂപയുടെ നഷ്‌ടമുണ്ടായതായി വിലയിരുത്തൽ. ബിഹാര്‍, ബംഗാള്‍, ഉത്തര്‍പ്രദേശ്, ഹരിയാന, മധ്യപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ പ്രതിഷേധക്കാർ വ്യാപകമായി റെയിൽവേ സ്റ്റേഷനുകൾ തകർക്കുകയും ഉപകരണങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തു. ബിഹാറിലും തെലങ്കാനയിലും ട്രെയിനുകൾക്കു തീയിട്ടു. ബിഹാറില്‍ മാത്രം 200 കോടി രൂപയുടെ നഷ്ടമാണ് റെയില്‍വേ വിലയിരുത്തുന്നത്.

ഒരു കോച്ച് കത്തി നശിച്ചാൽ പോലും റെയിൽവേയ്ക്ക് നഷ്‌മാകുന്നത് കോടികൾ ആണെന്നിരിക്കെ വ്യാപകമായി ട്രെയിനുകൾ കത്തിനശിക്കുന്നത് വൻ സാമ്പത്തിക നഷ്ടത്തിന് ഇടയാക്കും. പുതിയ എൽഎച്ച്ബി എസി കോച്ചുകൾക്കു രണ്ടര കോടി രൂപയോളം വിലയുണ്ട്. സ്ലീപ്പർ –1.68 കോടി, ജനറൽ–1.67 കോടി, എസി ടു ടയർ, ഫസ്റ്റ് എസി, –2.30 കോടി, തേഡ് എസി–2.36 കോടി, ജനറേറ്റർ കാർ–3.03 കോടി, പാൻട്രി കാർ– 2.32 കോടി എന്നിങ്ങനെയാണു നിർമാണ ചെലവ്. 22 കോച്ചുകളുള്ള എൽഎച്ച്ബി ട്രെയിന് ഏകദേശം 45 കോടി രൂപയോളം വില വരും. ഡബ്ല്യുഎപി 7 ലോക്കോമോട്ടീവിനു 12.38 കോടി രൂപയും ഡീസൽ ലോക്കോക്ക് (ഡബ്ലുഡിപി4ഡി) 13 കോടി രൂപയും വിലയുണ്ട്.

പരമ്പരാഗത ഐസിഎഫ് കോച്ചുകളുടെ നിർമാണം നിർത്തലാക്കിയെങ്കിലും ഒട്ടേറെ ട്രെയിനുകൾ പഴയ കോച്ചുകൾ ഉപയോഗിക്കുന്നുണ്ട്. 25 കോടി രൂപയാണു ഐസിഎഫ് കോച്ചുകളുള്ള ട്രെയിനിന് നിർമാണ ചെലവ്. പ്രതിഷേധക്കാർ തീവച്ചു നശിപ്പിച്ചതിൽ കൂടുതലും പുതിയ എൽഎച്ച്ബി കോച്ചുകളുള്ള ട്രെയിനുകളാണ്. കോടിക്കണക്കിനു രൂപയുടെ നഷ്ടമാണു റെയിൽവേയ്ക്കുണ്ടായിരിക്കുന്നതെന്നു അധികൃതർ ചൂണ്ടിക്കാണിക്കുന്നു.

ബിഹാറിലാണ് റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് ഏറ്റവും കൂടുതൽ അക്രമ സംഭവങ്ങൾ അരങ്ങേറിയത്. ബിഹാറിൽ മാത്രം 12ൽ അധികം ട്രെയിനുകൾക്കാണു തീയിട്ടത്. ബിഹാറിൽ റെയിൽവേ സ്റ്റേഷനുകളിൽ കേന്ദ്രീകരിച്ചു നടത്തിയ അക്രമത്തിൽ 200 കോടി രൂപയുടെ നാശനഷ്ടങ്ങൾ വന്നതായാണ് വിലയിരുത്തൽ. 50 കോച്ചുകളും 5 എൻജിനുകളും പൂർണമായി കത്തിനശിച്ചുവെന്ന് ധനാപുർ റെയിൽ ഡിവിഷന്‍ ഡിആർഎം പ്രഭാത് കുമാർ പറഞ്ഞു. ഇവ ഇനി ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലാണ്. പ്ലാറ്റ്ഫോമുകളും കംപ്യൂട്ടറുകളും, വിവിധ ഉപകരണങ്ങളുടെ ഭാഗങ്ങളും നശിച്ചതായും പ്രഭാത് കുമാർ പറഞ്ഞു.

ബിഹാറിലെ ദാനാപുർ, സമസ്തിപുർ, ലഖിസരായി, ഭോജ്പുർ, വൈശാലി, നളന്ദ, സുപോൾ, ഹാജിപുർ എന്നിവിടങ്ങളിലാണു പ്രക്ഷോഭകർ സംഘടിത ആക്രമണങ്ങൾ നടത്തിയത്. ലഖിസരായി സ്റ്റേഷനിൽ വിക്രംശില എക്സ്പ്രസിനും ഇസ്ലംപുരിൽ മഗധ എക്സ്പ്രസിനും തീവച്ചു. ഫതുവയിൽ രാജ്ഗിർ – ധാനാപുർ എക്സ്പ്രസാണ് അഗ്നിക്കിരയാക്കിയത്. പട്ന നഗരത്തിലെ ദാനാപുർ റെയിൽവേ സ്റ്റേഷനിൽ അതിക്രമിച്ചു കടന്ന അക്രമി സംഘം ട്രെയിനുകൾക്കും സ്റ്റേഷൻ പരിസരത്തുണ്ടായിരുന്ന വാഹനങ്ങൾക്കും തീയിട്ടു. ഫറാഖ എക്സ്പ്രസ് ട്രെയിനിലെ ഏതാനും ബോഗികൾ കത്തിനശിച്ചു.റെയിൽവേയുടെ വസ്തുക്കൾ പൊതുസ്വത്താണെന്നും നശിപ്പിക്കരുതെന്നും ആവശ്യപ്പെട്ട് കേന്ദ്ര റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവ് രംഗത്തു വന്നെങ്കിലും റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചുള്ള അക്രം വൻതോതിൽ തുടരുകയാണ്.

Back to top button
error: