IndiaNEWS

നിയമത്തിന് മുന്നില്‍ എല്ലാവരും സമന്മാരാണ്; രാഹുല്‍ ഗാന്ധിക്ക് എംപി എന്ന നിലയില്‍ പ്രത്യേക പരിഗണന നല്‍കേണ്ടതില്ല: ഓം ബിര്‍ല

ന്യൂഡൽഹി: നാഷനല്‍ ഹെറള്‍ഡ് കേസില്‍ അന്വേഷണ ഏജന്‍സികള്‍ രാഹുല്‍ ഗാന്ധിക്ക് എംപി എന്ന നിലയില്‍ പ്രത്യേക പരിഗണന നല്‍കേണ്ടതില്ലെന്നു ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ല. നിയമത്തിന് മുന്നില്‍ എല്ലാവരും സമന്മാരാണെന്ന് ഓം ബിര്‍ല പറഞ്ഞു. പാര്‍ലമെന്‍റ് നടപടികള്‍ക്ക് വേണ്ടിയാണ് പ്രത്യേക പരിഗണന. കോണ്‍ഗ്രസ് എംപിമാരെ പൊലീസ് കയ്യേറ്റം ചെയ്തുവെന്ന പരാതി ചട്ടപ്രകാരം പരിശോധിക്കുമെന്നും ഓം ബിര്‍ല കൂട്ടിച്ചേര്‍ത്തു.

നാഷനല്‍ ഹെറള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യലിന്‍റെ പേരില്‍ മാനസികമായി പീഡിപ്പിക്കുകയാണെന്നും എംപിയെന്ന നിലയിലെ അവകാശം ലംഘിച്ചുവെന്നുമാണ് കോണ്‍ഗ്രസിന്‍റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ലോക്സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എംപിമാര്‍ പരാതി നല്‍കിയിരുന്നു.

Signature-ad

എന്നാല്‍ എംപിയെന്ന പരിഗണന പാര്‍ലമെന്‍റ് നടപടിക്രമങ്ങളില്‍ പങ്കാളിയാകുന്നതിനാണെന്ന് കോണ്‍ഗ്രസിന്‍റെ പരാതിയോട് മുഖംതിരിച്ച് സ്പീക്കര്‍ ഓം ബിര്‍ല പറഞ്ഞു. കോണ്‍ഗ്രസ് എംപിമാരെ പൊലീസ് കയ്യേറ്റം ചെയ്തുവെന്ന പരാതി ചട്ടപ്രകാരം പരിശോധിക്കും. അവകാശലംഘനമുണ്ടോയെന്ന് പാര്‍ലമെന്‍ററി സമിതി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുമെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.

Back to top button
error: