ഹൈദരാബാദ്: പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐ വനിതാ ഏജന്റെന്ന് സംശയിക്കുന്ന യുവതിക്ക് മിസൈല്‍ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ലബോറട്ടറിയിലെ (ഡിആര്‍ഡിഎല്‍) എന്‍ജിനീയറെ അറസ്റ്റ് ചെയ്തു. പ്രതിയായ മല്ലികാര്‍ജുന റെഡ്ഡിയെ (29) വെള്ളിയാഴ്ച മീര്‍പേട്ടിലെ വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഹണിട്രാപ്പില്‍ കുടുങ്ങിയാണ് മല്ലികാര്‍ജുന റെഡ്ഡി വിവരങ്ങള്‍ കൈമാറിയതെന്നാണ് വിവരം. റെഡ്ഡിയില്‍ നിന്ന് രണ്ട് സെല്‍ഫോണുകളും ഒരു സിം കാര്‍ഡും ലാപ്ടോപ്പും പൊലീസ് പിടിച്ചെടുത്തു.
ഗുണനിലവാരം പരിശോധിക്കുന്ന സെക്ഷനിലെ ഉദ്യോഗസ്ഥനായ റെഡ്ഡി ബാലാപൂരിലെ പ്രതിരോധ ലാബിന്റെ ആര്‍സിഐ കോംപ്ലക്‌സില്‍ ക്ലാസിഫൈഡ് അഡ്വാന്‍സ് നേവല്‍ സിസ്റ്റം പ്രോഗ്രാമിലാണ് ജോലി ചെയ്തിരുന്നത്. വിവരങ്ങള്‍ കൈമാറാനുള്ള ഇയാളുടെ രഹസ്യ പ്രവര്‍ത്തനം സ്പെഷ്യല്‍ ഓപ്പറേഷന്‍ ടീം (എസ്ഒടി) തകര്‍ത്തു. തുടര്‍ന്ന് ബാലാപൂര്‍ പൊലീസിനൊപ്പം അദ്ദേഹത്തിന്റെ വസതിയിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. രഹസ്യാന്വേഷണ ഏജന്‍സികളില്‍ നിന്ന് ലഭിച്ച സൂചന പ്രകാരമാണ് റെഡ്ഡിക്കെതിരെ ഔദ്യോഗിക രഹസ്യ നിയമപ്രകാരം കേസെടുത്തത്.
എന്‍ജിനീയറെ വിവാഹ വാഗ്ദാനം നല്‍കി വശീകരിച്ച ഏജന്‍്‌റ് ഇന്ത്യയുടെ മിസൈല്‍ പദ്ധതികളെക്കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങള്‍ ചോര്‍ത്തി നല്‍കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. നടാഷ റാവു എന്ന വ്യാജ പേരിലാണ് ഇവര്‍ എന്‍ജിനീയറെ വശീകരിച്ചത്. 2018 മാര്‍ച്ചില്‍ ഡിആര്‍ഡിഎല്ലിലെ തന്റെ പുതിയ ജോലിയെക്കുറിച്ച് ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. രണ്ട് വര്‍ഷത്തിന് ശേഷം, ഒരു യുകെ ഡിഫന്‍സ് ജേണലിലെ ജീവനക്കാരിയാണെന്ന് സ്വയം പരിചയപ്പെടുത്തിയ നടാഷ റാവുവില്‍ നിന്ന് അദ്ദേഹത്തിന് ഫ്രണ്ട് റിക്വസ്റ്റ് ലഭിച്ചു.
പിന്നീട് സോഷ്യല്‍മീഡിയ വഴി ഇരുവരും അടുക്കുകയായിരുന്നു. പരിചയം പ്രണയമായി. തുടര്‍ന്ന് ഇവര്‍ വിവാഹവാഗ്ദാനം നല്‍കി. ചാര വനിതയുടെ നിര്‍ബന്ധപ്രകാരം ഡിആര്‍ഡിഎല്ലില്‍ മിസൈല്‍ വികസിപ്പിക്കുന്നതിനെക്കുറിച്ചുള്ള ഫോട്ടോകളും ടെക്സ്റ്റുകളും ഷെയര്‍ ചെയ്യാന്‍ തുടങ്ങിയെന്നും രചകൊണ്ട പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
2021 ഡിസംബര്‍ വരെ രഹസ്യ വിവരങ്ങള്‍ നല്‍കി. പിന്നീട്, നതാഷ ഫേസ്ബുക്ക് പ്രൊഫൈലില്‍ തന്റെ പേര് സിമ്രാന്‍ ചോപ്ര എന്നാക്കി മാറ്റുകയും ബന്ധം അവസാനിപ്പിക്കുകയും ചെയ്തു. ഇതോടെ എന്‍ജിനീയര്‍ക്ക് സംശയമായി. റെഡ്ഡിയുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും നതാഷ തേടിയിരുന്നതായി പൊലീസ് കണ്ടെത്തി. എന്നാല്‍ അവര്‍ പണം കൈമാറിയിട്ടുണ്ടോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.