NEWSWorld

ശ്രീലങ്കയില്‍ രണ്ടാഴ്ചത്തേക്ക് സര്‍ക്കാര്‍ ഓഫിസുകളും സ്‌കൂളും അടച്ചു; കാരണം ഇതാണ്…

കൊളംബോ: രൂക്ഷമായ ഇന്ധന ക്ഷാമത്തെ തുടർന്ന് ശ്രീലങ്കയിൽ സർക്കാർ ഓഫീസുകളും സ്കൂളുകളും രണ്ടാഴ്ചത്തേക്ക് അടച്ചുപൂട്ടുന്നതായി പ്രഖ്യാപിച്ചു. പെട്രോൾ, ഡീസൽ എന്നിവയുടെ രൂക്ഷമായ ക്ഷാമം കണക്കിലെടുത്ത് തിങ്കളാഴ്ച മുതൽ എല്ലാ വകുപ്പുകൾക്കും പൊതു സ്ഥാപനങ്ങൾക്കും പ്രാദേശിക കൗൺസിലുകളും പ്രവർത്തനം നിർത്തണമെന്ന് പൊതുഭരണ മന്ത്രാലയം ഉത്തരവിട്ടു.

പൊതുഗതാഗതത്തിന്റെ കുറവും സ്വകാര്യ വാഹനങ്ങൾ ക്രമീകരിക്കാനുള്ള സൗകര്യക്കുറവും കാരണം ജോലിക്ക് റിപ്പോർട്ട് ചെയ്യുന്ന ജീവനക്കാരുടെ എണ്ണം ഗണ്യമായി കുറയ്ക്കാൻ തീരുമാനിച്ചെന്ന് ഉത്തരവിൽ പറയുന്നു. 1948-ൽ സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക അഭിമുഖീകരിക്കുന്നത്. കഴിഞ്ഞ വർഷം അവസാനം മുതൽ ഭക്ഷണം, മരുന്നുകൾ, ഇന്ധനം തുടങ്ങിയ അവശ്യവസ്തുക്കളുടെ ഇറക്കുമതിക്ക് പണം നൽകാൻ സർക്കാറിന് കഴിയുന്നില്ല.

Signature-ad

രാജ്യം റെക്കോർഡ് പണപ്പെരുപ്പവും കടുത്ത വൈദ്യുതി പ്രതിസന്ധിയും നേരിടുകയാണ്. ഈ ആഴ്‌ച ആദ്യം മുതൽ സാധാരണ അവധി ദിവസങ്ങൾക്ക് പുറമെ വെള്ളിയാഴ്ചയും അവധി പ്രഖ്യാപിച്ചിരുന്നു. ഇന്ധന ഉപഭോ​ഗം കുറക്കുന്നതിനായാണ് അവധി പ്രഖ്യാപിച്ചത്. എന്നാൽ  വെള്ളിയാഴ്ച പമ്പിംഗ് സ്റ്റേഷനുകളിൽ തിരക്കനുഭവപ്പെട്ടു. വാഹനങ്ങളിൽ ഇന്ധനം നിറക്കാൻ ദിവസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയാണെന്ന് യാത്രികർ പറഞ്ഞു.

തിങ്കളാഴ്ച മുതൽ രണ്ടാഴ്ചത്തേക്ക് എല്ലാ സ്‌കൂളുകളോടും അവധിയായിരിക്കുമെന്നും വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വൈദ്യുതി ലഭ്യമുണ്ടെങ്കിൽ ഓൺലൈൻ അധ്യാപനം ഉറപ്പാക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഭക്ഷ്യക്ഷാമം നേരിടുന്ന ആയിരക്കണക്കിന് ഗർഭിണികൾക്ക് ഭക്ഷണം സഹായിക്കാമെന്ന് നൽകാൻ  ഐക്യരാഷ്ട്രസഭ അറിയിച്ചിരുന്നു.

ശ്രീലങ്കയിലെ അഞ്ചിൽ നാലുപേരും ഭക്ഷ്യ ക്ഷാമം നേരിടുന്നുണ്ടെന്നാണ് റിപ്പോർട്ട്. കൊളംബോയിലെ ചില ഭാ​ഗങ്ങളിൽ  ഏകദേശം 2,000 ഗർഭിണികൾക്ക് ഭക്ഷ്യകിറ്റുകൾ വ്യാഴാഴ്ച വിതരണം ചെയ്യാൻ തുടങ്ങിയതായി വേൾഡ് ഫുഡ് പ്രോഗ്രാം അറിയിച്ചു. ജൂൺ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ഭക്ഷ്യ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 60 ദശലക്ഷം ഡോളർ സമാഹരിക്കാനാണ്  ശ്രമിക്കുന്നത്. ഏപ്രിലിൽ ശ്രീലങ്ക 51 ബില്യൺ ഡോളർ വിദേശ കടം തിരിച്ചടവിൽ കുടിശ്ശിക വരുത്തി. ജാമ്യത്തിനായി അന്താരാഷ്ട്ര നാണയ നിധിയുമായി ചർച്ചകൾ നടക്കുകയാണ്.

Back to top button
error: