ചാരുംമൂട്: സംസ്കാരത്തെ ചൊല്ലിയുള്ള പരാതിയെ തുടർന്ന് ഒരാഴ്ചയായി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ജില്ലാ കളക്ടറുടെ നിർദ്ദേശത്തെ തുടർന്ന് സംസ്കരിച്ചു. കൊല്ലം ശൂരനാട് വടക്ക് പഞ്ചായത്തിലെ ആനയടി സണ്ണി ഭവനിൽ സണ്ണി ചാക്കോ (60)യാണ് ഒരാഴ്ച മുമ്പ് മരണപ്പെട്ടത്. ഇദ്ദേഹത്തിന്റെ സഭയായ ക്രിസ്ത്യൻ ബ്രദ്റൺ ചർച്ചിൽ സംസ്കാരം നടത്തുവാനായിരുന്നു തീരുമാനം.
സണ്ണിയുടെ വീടിന് അടുത്ത് ആലപ്പുഴ ജില്ലയിലെ താമരക്കുളത്തുള്ള സ്ഥലത്താണ് ചർച്ച് സ്ഥിതി ചെയ്യുന്നത്. എന്നാൽ വീടുകൾക്കു സമീപമുള്ള സ്ഥലത്ത് മൃതദേഹം അടക്കം ചെയ്യുന്നതിനെതിരെ അയൽവാസികൾ ആലപ്പുഴ ജില്ലാ കളക്ടർക്ക് പരാതി നൽകി. മൃതദേഹം അടക്കം ചെയ്യാനുള്ള സഹായ നടപടികൾക്കായി സണ്ണിയുടെ ബന്ധുക്കളും കളക്ടറെ സമീപിച്ചിരുന്നു. ഇതോടെയാണ് തർക്കം നീണ്ടത്.
ചൊവ്വാഴ്ച ഇരു കൂട്ടരുമായി ചെങ്ങന്നൂർ ആർ ഡി ഒ സുമ എസ് ചർച്ച നടത്തിയെങ്കിലും തീരുമാനത്തിലെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്നാണ് മൃതദേഹം അടക്കം ചെയ്യുന്നതിനുള്ള സൗകര്യമൊരുക്കാൻ ആർ ഡി ഒയ്ക്ക് ജില്ലാകളക്ടർ നിർദ്ദേശം നൽകിയത്. ഇന്ന് രാവിലെ 10 ന് ആർ ഡി ഒ സുമ, മാവേലിക്കര തഹസീൽദാർ ഡി സി ദിലീപ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ റവന്യൂ ഉദ്യേഗസ്ഥരുടെയും സി ഐമാരായായ ജോസ് മാത്യു, ഇഗ്നേഷ്യസ്, നിസാം എന്നിവരുടെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘത്തിന്റെയും സാന്നിധ്യത്തിലാണ് സംസ്കാരം നടത്തിയത്.
ആംബുലൻസിൽ ബന്ധുക്കൾ മൃതദേഹം സ്ഥലത്തു കൊണ്ടുവന്നു. എന്നാൽ പരാതിക്കാരായ അയൽവാസികളുടെ ഭാഗത്തു നിന്നും എതിർപ്പുകളൊന്നും ഉണ്ടായിരുന്നില്ല. സഭാ വിശ്വാസികളായ പത്തിൽ താഴെ വരുന്ന കുടുംബങ്ങളാണ് ചർച്ചിന്റെ ഭാഗമായുള്ളതെന്നാണ് വ്യക്തമാകുന്നത്. എന്നാൽ കൊട്ടാരക്കര ആസ്ഥാനമായുള്ള സഭയുടെ വിശ്വാസികൾ മരിച്ചാൽ ഇവിടെ സംസ്കരിക്കാൻ നീക്കമുണ്ടെന്ന് അയൽവാസികൾ പറയുന്നു. 2019 ൽ ഇത്തരത്തിൽ കൊണ്ടുവന്ന മൃതദേഹം എതിർപ്പിനെ തുടർന്ന് തിരിച്ചു കൊണ്ടുപോയിരുന്നതായും അയൽക്കാർ പറഞ്ഞു. ഇപ്പോൾ മൃതദ്ദേഹം അടക്കം ചെയ്തതിന്റെ തൊട്ടടുത്തും വീടുകളുണ്ടെന്നും ഇവിടെ ശ്മശാനത്തിന് അനുമതി ഇല്ലെന്നുമാണ് അയൽവാസികൾ പറയുന്നത്.