NEWS

വിമാന ഇന്ധനത്തിന് വീണ്ടും വില വര്‍ധന; ആകാശയാത്രക്കും ചെലവേറും

ന്യൂഡല്‍ഹി: വിമാന ഇന്ധനത്തിന് എണ്ണക്കമ്ബനികള്‍ വില വര്‍ധിപ്പിച്ചതോടെ ആകാശയാത്രക്കും ചെലവേറും. ഇന്ധനവില കുതിച്ചുയര്‍ന്നതോടെ ടിക്കറ്റ് നിരക്ക് ഉയര്‍ത്താനുള്ള ആലോചനയിലാണ് വിമാനക്കമ്ബനികള്‍.

വിമാന ഇന്ധനമായ എടിഎഫിന്റെ (ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവല്‍) വിലയില്‍ 16.3 ശതമാനം വര്‍ധന വരുത്തിയതോടെ 1000 ലിറ്ററിന്റെ വില 1.41 ലക്ഷം രൂപയായി. ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും വലിയ വിലയാണിത്.

ഇത്രയും വിലക്കയറ്റം താങ്ങാനാവില്ലെന്നും നിരക്ക് വര്‍ധന അനിവാര്യമാണെന്നുമുള്ള നിലപാടിലാണ് വിമാനക്കമ്ബനികള്‍. ‘ഈ വിലയില്‍ കമ്ബനിക്ക് മുന്നോട്ടു പോകാനാവില്ല. ടിക്കറ്റ് നിരക്കില്‍ കുറഞ്ഞത് 10-15 ശതമാനം വര്‍ധനം ആവശ്യമാണ്’- സ്‌പൈസ് ജെറ്റ് സിഎംഡി അജയ് സിങ് ദേശീയ മാധ്യമത്തോട് പറഞ്ഞു.

 

 

 

വാറ്റും എക്‌സൈസ് നികുതിയും ഉള്‍പ്പെടുന്നതിനാല്‍ എടിഎഫിനു മറ്റിടങ്ങളെ അപേക്ഷിച്ച്‌ ഇന്ത്യയില്‍ വില കൂടുതലാണെന്നും കമ്ബനികള്‍ പറയുന്നു.വിമാന സര്‍വീസുകള്‍ കൂടുതലുള്ള ഡല്‍ഹി, മുംബൈ നഗരങ്ങളിലെ ഭരണകൂടങ്ങളോ കേന്ദ്രസര്‍ക്കാരോ എടിഎഫിന് നികുതി ഉളവ് നല്‍കാന്‍ തയ്യാറുമല്ല. അതിനാലാണ് ടിക്കറ്റ് നിരക്ക് ഉയര്‍ന്നുനില്‍ക്കുന്നതും. 2021 ജൂണ്‍ മുതല്‍ 120 ശതമാനം വര്‍ധനയാണ് എടിഎഫ് വിലയില്‍ ഉണ്ടായതെന്ന് അജയ് സിങ് പറഞ്ഞു.

Back to top button
error: