KeralaNEWS

ഷാര്‍ജ ഭരണാധികാരിക്ക് കൈക്കൂലി: എല്ലാം അസംബന്ധം, താന്‍ അത്രയ്ക്ക് വളര്‍ന്നോയെന്ന് ശ്രീരാമകൃഷ്ണന്‍

തിരുവനന്തപുരം: കോളേജിന് ഷാര്‍ജയില്‍ ഭൂമി ലഭിക്കാന്‍ ഒരു ബാഗ് നിറയെ പണം കൈക്കൂലിയായി നല്‍കിയെന്ന സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്‍െ്‌റ സത്യവാങ്മൂലം തള്ളി മുന്‍ സ്പീക്കറും നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാനുമായ പി.ശ്രീരാമകൃഷ്ണന്‍. ഷാര്‍ജ ഷെയ്ക്കിന് കൈക്കൂലി കൊടുക്കാന്‍ മാത്രം താന്‍ വളര്‍ന്നോ എന്ന് ചോദിച്ച ശ്രീരാമകൃഷ്ണന്‍. ഇതുമായി ബന്ധപ്പെട്ട് ഉണ്ടായ ആരോപണങ്ങളെല്ലാം തീര്‍ത്തും അസംബന്ധമാണെന്നും പറഞ്ഞു.

സ്വപ്ന പറയും പോലൊരു കോളേജ് ഷാര്‍ജയില്‍ ഇല്ല. ഇതിനായി ഭൂമി അവിടെ തനിക്ക് അനുവദിച്ചിട്ടുമില്ല. സ്വപ്ന ഇപ്പോള്‍ പറയുന്നതൊന്നും പുതിയ കാര്യങ്ങളല്ലെന്നും നേരത്തെ തന്നെ അന്വേഷണ ഏജന്‍സികള്‍ ഈ വിവരങ്ങളെല്ലാം അന്വേഷിച്ചതാണെന്നും പി.ശ്രീരാമകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.
ഷാര്‍ജ ഷെയ്ക്കുമായോ കോണ്‍്‌സുലേറ്റ് ജനറലുമായയോ തനിക്ക് ഒരു വ്യക്തിപരമായ ബന്ധവുമില്ല കേരളത്തേക്കാള്‍ മൂന്നിരിട്ടി വരുമാനമുള്ള ഷാര്‍ജയുടെ ഷെയ്ക്കിന് എന്തിനാണ് തന്റെ കൈക്കൂലിയെന്നും ശ്രീരാമകൃഷ്ണന്‍ ചോദിക്കുന്നു. തനിക്ക് നേരെ ഉയരുന്ന ആരോപണങ്ങളെ നിയമപരമായി നേരിടുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സുഹൃത്ത് നിയന്ത്രിക്കുന്ന മിഡില്‍ ഈസ്റ്റ് കോളേജിന് ഷാര്‍ജയില്‍ ഭൂമി ലഭിക്കാന്‍ ശ്രീരാമകൃഷ്ണന്‍ ഇടപെട്ടു. ഇതിനായി ഷാര്‍ജയില്‍ വെച്ച് ഭരണാധികാരിയെ കണ്ടു. ഇടപാടിനായി ഒരു ബാഗ് നിറയെ പണം കോണ്‍സല്‍ ജനറലിന് കൈക്കൂലി നല്‍കിയെന്നാണ് സ്വപ്ന സത്യവാങ്മൂലത്തില്‍ ആരോപിച്ചത്. സരിത്തിനെയാണ് പണം അടങ്ങിയ ബാഗ് ഏല്‍പ്പിച്ചത്. പണം കോണ്‍സല്‍ ജനറലിന് നല്‍കിയ ശേഷം ബാഗ് സരിത് എടുത്തു. ഈ ബാഗ് സരിത്തിന്റെ വീട്ടില്‍ നിന്ന് കസ്റ്റംസ് പിടിച്ചെടുത്തുവെന്നും സ്വപ്ന പറഞ്ഞിരുന്നു.

അതിനിടെ, സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ക്ക് ഇന്ന് മറുപടി പറയുമെന്ന് കെ.ടി.ജലീല്‍ പറഞ്ഞു. ഇതിനായി ഇന്ന് തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണും.അതോടെ നുണക്കഥകള്‍ ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നടിയുമെന്നും ജലീല്‍ പറഞ്ഞു.

 

Back to top button
error: