തിരുവനന്തപുരം: എസ്എസ്എൽസി ഫലം പുറത്തുവന്നതോടെ ട്രോളും മറുട്രോളുമായി വിദ്യാഭ്യാസ മന്ത്രിയും മുൻ വിദ്യാഭ്യാസ മന്ത്രിയും. ഇത്തവണയും വലിയ വിജയശതമാനം കണ്ടതോടെയാണ് മുൻ മന്ത്രി പി.കെ.അബ്ദുറബ്ബിന് ട്രോളാൻ തോന്നിയത്.
‘കുട്ടികളേ നിങ്ങള് പൊളിയാണ് എല്ലാവർക്കും അഭിനന്ദനങ്ങൾ ! ട്രോളാനൊന്നും ഞാനില്ല. എല്ലാവർക്കും സുഖമല്ലേ…’ എന്നായിരുന്നു സമൂഹമാധ്യമത്തിൽ അബ്ദുറബ്ബ് പങ്കുവച്ച കുറിപ്പ്. വിടർന്നു ചിരിക്കുന്ന സ്വന്തം പടത്തിന്റെ അകമ്പടിയോടെയായിരുന്നു പോസ്റ്റ്. യുഡിഎഫ് ഭരണകാലത്ത് അബ്ദുറബ്ബ് വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോൾ ഉയർന്ന വിജയശതമാനത്തിന്റെ പേരിൽ ആക്ഷേപിച്ചവർക്കുള്ള രസകരമായ മറുപടിയായിരുന്നു അദ്ദേഹം പങ്കുവച്ചത്.
ഉടനെ മന്ത്രി വി.ശിവൻകുട്ടിയുടെ മറുപടിയെത്തി. അബ്ദുറബ്ബിന്റെ കുറിപ്പോടെയുള്ള പോസ്റ്റർ തയാറാക്കിയാണ് മന്ത്രിയുടെ പ്രതികരണം. ‘പിള്ളേര് പൊളിയല്ലേ, കുട്ടികൾ പഠിച്ച് പാസാവട്ടന്നെ.. എന്തിനാ അവരെ ട്രോളാൻ നിൽക്കുന്നെ’ എന്നായിരുന്നു ശിവൻകുട്ടിയുടെ മറുപടി. 99.26 ശതമാനമാണ് ഇത്തവണത്തെ എസ്‌എസ്‌എൽസി വിജയശതമാനം. 99.47 ആയിരുന്നു കഴിഞ്ഞ തവണത്തെ വിജയ ശതമാനം.