തിരുവനന്തപുരം: വിവാദ വനിതയെ കണ്ടിട്ടില്ലെന്നു പറഞ്ഞ മുഖ്യമന്ത്രിയെ പഴയതെല്ലാം ഓര്മിപ്പിക്കാമെന്ന സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്നയുടെ വെല്ലുവിളിക്കു മറുപടിയെന്നോണം സ്വപ്നയുമായുള്ള ബന്ധം മുമ്പ് വ്യക്തമാക്കുന്ന പഴയ വീഡിയോ പങ്കുവച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്. സ്വപ്ന സുരേഷുമായുള്ള പരിചയമെങ്ങനയെന്ന് പത്രസമ്മേളനത്തിനിടെ മുഖ്യമന്ത്രി വിശദീകരിക്കുന്ന വീഡിയോയാണ് ഓഫീസ് പിആര്‍ഒ മാധ്യമപ്രവര്‍ത്തകരുടെ ഗ്രൂപ്പില്‍ പങ്കുവെച്ചത്.
കോണ്‍സുലേറ്റ് ജനറലിന്റെ സെക്രട്ടറിയെന്ന നിലയിലാണ് അവര്‍ തന്റെ അടുത്ത് വന്നതെന്നും ആ നിലയ്ക്കുള്ള പരിചയമാണുള്ളതെന്നുമാണ് മുഖ്യമന്ത്രി വിഡിയോയില്‍ വിശദീകരിക്കുന്നത്. കോണ്‍സുലേറ്റ് ജനറല്‍ വരുന്ന സമയത്തെല്ലാം ഇവരും ഉണ്ടായിരുന്നു എന്നത് വസ്തുതയാണ്. മുഖ്യമന്ത്രിയും കോണ്‍സുലേറ്റ് ജനറലും തമ്മില്‍ കാണുന്നതില്‍ എന്താണ് അപാകത.
പല പരിപാടികള്‍ക്കും മുഖ്യമന്ത്രിയെ ക്ഷണിക്കാനായി അവര്‍ വരാറുണ്ടല്ലോ. അത്തരം സമയങ്ങളിലൊക്കെ ഈ പറയുന്ന സ്വപ്നയും കോണ്‍സുലേറ്റ് ജനറലിന് ഒപ്പമുണ്ടായിരുന്നിരിക്കണമെന്നും മുഖ്യമന്ത്രി വിശദീകരിക്കുന്നു. 13.10.2020 ല്‍ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിനിടെ ഉന്നയിച്ച ചോദ്യത്തിന് മുഖ്യമന്ത്രി നല്കിയ മറുപടിയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പങ്കുവെച്ചിരിക്കുന്നത്.
മുഖ്യമന്ത്രിക്കും കുടുംബത്തിനും തന്നെ അറിയാമെന്നും ക്ലിഫ് ഹൗസില്‍ ചര്‍ച്ച ചെയ്ത് പലതും നടപ്പിലാക്കിയിട്ടുണ്ടെന്നും ഓര്മയില്ലെങ്കില് കോടതി വഴി ഓര്‍മിപ്പിക്കാമെന്നുമായിരുന്നു ഇന്നലെ സ്വപ്ന സുരേഷിന്റെ വെല്ലുവിളി. എല്ലാം ഓര്മിപ്പിക്കാമെന്ന സ്വപ്നയുടെ ഈ വെല്ലുവിളിക്ക്, പണ്ടു പറഞ്ഞത് ഓര്‍മിപ്പിച്ച് ഇക്കാര്യത്തില്‍ അന്നു പറഞ്ഞതുതന്നെയാണ് ഇപ്പോഴും പറയാനുള്ളത് എന്നു പരോക്ഷമായി വ്യക്തമാക്കിയിരിക്കുകയാണ് മുഖ്യമന്ത്രി.