KeralaNEWS

ട്രാന്‍സ്‌ഫോമറില്‍ ബൈക്ക് കുടുങ്ങിയ സംഭവം: യുവാവിന്‍െ്‌റയും സുഹൃത്തുക്കളുടെയും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

ഇടുക്കി: മത്സരയോട്ടത്തിനിടെ ബൈക്ക് ട്രാന്‍സ്‌ഫോമറിലേക്ക് ഇടിച്ച് കയറിയ സംഭവത്തില്‍ മൂന്നുപേരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. ബൈക്ക് ഓടിച്ച കട്ടപ്പന വലിയകണ്ടം സ്വദേശി വിഷ്ണു പ്രസാദ്, ഒപ്പമുണ്ടായിരുന്ന കിഴക്കേമാട്ടുക്കട്ട സ്വദേശി ആദിത്യ ഷിജു, അയ്യപ്പന്‍കോവില്‍ സ്വദേശി നിഥിന്‍ ബിജു എന്നിവരുടെ ലൈസന്‍സാണ് സസ്‌പെന്‍ഡ് ചെയ്തത്. വിഷ്ണു പ്രസാദിന്റെ ലൈസന്‍സ് ആറ് മാസത്തേക്കും മറ്റ് രണ്ട് പേരുടെയും ലൈസന്‍സ് മൂന്ന് മാസത്തേക്കുമാണ് സസ്‌പെന്‍ഡ് ചെയ്തത്.

അപകടത്തില്‍പെട്ടത് ഉള്‍പ്പെടെ മൂന്ന് ബൈക്കുകളും പൊലീസ് കസ്റ്റഡിയിലാണ്. ബൈക്കുകള്‍ രൂപമാറ്റം വരുത്തിയതായും ആര്‍ടിഒയുടെ പരിശോധനയില്‍ കണ്ടെത്തി. ഇതിനെതിരെയും നടപടിയുണ്ടാകും. മത്സരയോട്ടങ്ങള്‍ തടയുന്നതിന്റെ ഭാഗമായി ബോധവത്കരണ പരിപാടികള്‍ ഉള്‍പ്പടെ നടത്താനുള്ള തീരുമാനത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ്.

Signature-ad

വെള്ളയാം കുടിയില്‍ അമിതവേഗതയിലെത്തിയ ബൈക്ക് കുതിച്ചുപൊങ്ങി ട്രാന്‍സ്‌ഫോമറിന്റെ വേലിക്കെട്ടിനുള്ളില്‍ പതിച്ച സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. കട്ടപ്പന വലിയ കണ്ടം സ്വദേശി വിഷ്ണുപ്രസാദാണ് വണ്ടിയോടിച്ചിരുന്നത്. ഇയാള്‍ വലിയ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ബൈക്ക് ഹംപ് പോലെയുള്ള എന്തോ തടസ്സത്തില്‍ത്തട്ടി മറിഞ്ഞ് ഉയര്‍ന്ന് പൊങ്ങി ബൈക്കിലിരുന്ന വിഷ്ണുപ്രസാദ് ഒരു വശത്തേക്ക് പറന്ന് വീഴുന്നതും ബൈക്ക് ട്രാന്‍സ്‌ഫോമറിനുള്ളിലേക്ക് വീഴുന്നതും കാണാമായിരുന്നു.

ഞെട്ടിക്കുന്ന ദൃശ്യത്തിനൊടുവില്‍ കാര്യമായ പരിക്കില്ലാതെ വിഷ്ണു പ്രസാദ് എഴുന്നേറ്റ് വരുന്നതും കാണാം. കാര്യമായി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ട വിഷ്ണുപ്രസാദ് പിന്നാലെ എത്തിയ സുഹൃത്തിന്റെ ബൈക്കില്‍ കയറിയാണ് സ്ഥലത്ത് നിന്ന് പോയത്. അപകടവിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയ കെഎസ്ഇബി അധികൃതര്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചാണ് അപകടം ഒഴിവാക്കിയത്. ജെസിബിയുടെ സഹായത്തോടെയാണ് പോലീസും അഗ്‌നിരക്ഷാ സേനയുമെത്തി വാഹനം പുറത്തെടുത്തത്.

Back to top button
error: