NEWS

സ്വന്തം സ്വത്തുക്കള്‍ അന്വേഷിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് വാരണാസിയിൽ

വാരണാസി :സ്വന്തം സ്വത്തുക്കള്‍ എവിടെയൊക്കെയുണ്ടെന്ന അന്വേഷണത്തിലാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.സ്ഥലമായിട്ടും സ്ഥാപനങ്ങളായിട്ടും കോടികളുടെ ആസ്തി ശേഖരമുണ്ടെങ്കിലും അത് എവിടെയൊക്കെയെന്ന് ആർക്കും അറിയില്ല.ആകെയുള്ളത് ദേവസ്വം മാനുവലിലെ കുറിപ്പ് മാത്രം.
കേരളത്തില്‍ മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളിലും തിരുവിതാംകൂർ ദേവസ്വം ബോർഡിന് സ്വത്തുക്കളുണ്ട്.അടുത്തിടെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപന്‍ തിരുവിതാംകൂര്‍ ദേവസ്വം മാനുവല്‍ വായിച്ചുനോക്കിയപ്പോഴാണ് വാരണാസിയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് രണ്ട് കൊട്ടാരങ്ങളുണ്ടെന്ന് അറിയുന്നത്.
 അതോടെ ദേവസ്വം പ്രതിനിധികൾ വാരണാസിയിലെത്തി.നൂറ്റാണ്ടുകളുടെ പഴമയും പ്രൗഢിയുമുള്ള കെട്ടിടത്തിൽ അങ്ങിങ്ങ് ചില സിമന്റ് തേപ്പുകള്‍ ഇളകിയിട്ടുണ്ട്. ഇഷ്ടികകള്‍ തെളിഞ്ഞു കാണാം. ഒരു കൊട്ടാരത്തില്‍ പതിനെട്ട് മുറികള്‍. മറ്റൊന്നില്‍ പന്ത്രണ്ട് മുറികള്‍. നോട്ടവും സംരക്ഷണവുമില്ലാതെ കിടക്കുന്ന കെട്ടിടങ്ങളെപ്പറ്റി ദേവസ്വം മാനുവല്‍ അല്ലാതെ മറ്റ് രേഖകളൊന്നുമില്ല.

ഇരുന്നൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാശി മഹാരാജാവ് തിരുവിതാംകൂര്‍ മഹാരാജാവിന് സമ്മാനിച്ചതാണത്രേ കൊട്ടാരങ്ങള്‍.തിരുവിതാംകൂര്‍ രാജാവ് കാശി സന്ദര്‍ശിക്കുമ്ബോള്‍ ക്ഷേത്രത്തിന് മുന്നിലെ ഗംഗാനദിക്ക് മറുകരെയായിരുന്നു താമസിച്ചിരുന്നത്.നദിയിലെ വെള്ളം ഉയരുമ്ബോള്‍ രാജാവിന് ക്ഷേത്രത്തിലെത്താന്‍ കഴിയുമായിരുന്നില്ല. ഇക്കാര്യം അറിഞ്ഞ കാശി രാജാവ് കൊട്ടാരങ്ങള്‍ തിരുവിതാംകൂര്‍ രാജാവിന് സമ്മാനിക്കുകയായിരുന്നു.

ദേവസ്വം ബോര്‍ഡ് ഭരണസമിതികള്‍ പലതും മാറി വന്നെങ്കിലും വാരണാസിയില്‍ രണ്ട് കൊട്ടാരങ്ങളുള്ളതായി ആരുടെയും ശ്രദ്ധയില്‍ പെട്ടില്ലെന്നാണ് അറിവ്. ദേവസ്വം മാനുവല്‍ വായിച്ചിരുന്നെങ്കില്‍ കൊട്ടാരങ്ങളെക്കുറിച്ച്‌ പണ്ടേ അറിവ് കിട്ടുമായിരുന്നു. ഇപ്പോഴത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അനന്തഗോപന്‍ സീനിയര്‍ അഭിഭാഷകനാണ്. കേസുകള്‍ വാദിക്കാന്‍ പഴമയുള്ള പല രേഖകളും വായിച്ചിട്ടുള്ളതിനാല്‍ ദേവസ്വം മാനുവല്‍ വായിക്കുന്നതില്‍ കൗതുകം തോന്നിയിരിക്കണം. അങ്ങനെ ഒരു വായനയിലാണ് വാരണാസിയില്‍ രണ്ട് കൊട്ടാരങ്ങളും തമിഴ്നാട് ചെങ്കോട്ടയ്ക്കടുത്ത് പന്‍പൊളിയിലെ നെല്‍പ്പാടവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുണ്ടെന്ന് അറിഞ്ഞത്.

Signature-ad

കൊട്ടാരങ്ങള്‍ നേരിട്ട് കാണാനായി പ്രസിഡന്റസും ഉദ്യോഗസ്ഥരും ഇക്കഴിഞ്ഞ നാലിന് വാരണാസിയില്‍ പോയി. കാശിവിശ്വനാഥ ക്ഷേത്രത്തിന് എണ്ണൂറ് മീറ്റര്‍ അടുത്താണ് കൊട്ടാരങ്ങള്‍. ഇവയുടെ സംരക്ഷണത്തിനായി മലയാളികളുടെ യോഗം വിളിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വാരണാസി സത്രം സംരക്ഷണസമിതി രൂപീകരിച്ചു.നാല്‍പ്പത് പേര്‍ പങ്കെടുത്ത യോഗത്തില്‍ നിന്ന് ഏഴംഗ ഉപദേശക സമിതിയെയും തിരഞ്ഞെടുത്തിട്ടുണ്ട്. കൊട്ടാരങ്ങളുടെ പുനരുദ്ധാരണത്തിന് ഒരു കോടി രൂപയുടെ എസ്റ്റിമേറ്റും തയ്യാറാക്കിയെന്നാണ് അറിവ്.

കൊട്ടാരങ്ങള്‍ പുനരുദ്ധരിച്ചശേഷം മുറികള്‍ കാശിവിശ്വനാഥ ക്ഷേത്രത്തിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് വാടകയ്ക്ക് നല്‍കാനാണ് ദേവസ്വം ബോര്‍ഡ് തീരുമാനം. ദിവസവും അന്നദാനം ഏര്‍പ്പെടുത്തും.

 

 

 

സംസ്ഥാനത്തും മറ്റു സംസ്ഥാനങ്ങളിലുമുള്ള ദേവസ്വം ബോര്‍ഡിന്റെ  എല്ലാ സ്വത്തുക്കളും തിരിച്ചുപിടിക്കുമെന്നാണ് പ്രസിഡന്റ് കെ. അനന്തഗോപന്‍ പറയുന്നത്. ഇതിനായി ദേവസ്വം മാനുവലും രേഖകളും പരിശോധിച്ചുവരികയാണ്. ബീഹാറിലെ ഗയയിലും ദേവസ്വം ബോര്‍ഡിന് സ്വത്തുക്കളുണ്ടെന്നാണ് മാനുവല്‍ വ്യക്തമാക്കുന്നത്.ചെങ്കോട്ട പന്‍പൊളിയില്‍ ഇരുപത്തെട്ട് ഏക്കര്‍ സ്ഥലം ബോര്‍ഡിന്റേതായി ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് പാട്ടക്കരാര്‍ അടിസ്ഥാനത്തില്‍ കര്‍ഷകര്‍ക്ക് വിട്ടുകൊടുക്കാനാണ് തീരുമാനം.

Back to top button
error: