LocalNEWS

സംസ്കരിക്കാൻ തുടങ്ങിയ മൃതദേഹം മെഡിക്കൽ കോളജിൽ നിന്നുള്ള സംഘം ഏറ്റുവാങ്ങിക്കൊണ്ടു പോയി പോസ്റ്റ്മോർട്ടം നടത്തി, തൃശൂർ മെഡിക്കൽ കോളജിൽ സംഭവിച്ചത് ഗുരുതര വീഴ്ച

സംസ്കരിക്കാൻ തുടങ്ങിയ മൃതദേഹം മെഡിക്കൽ കോളജിൽ നിന്നുള്ള സംഘമെത്തി ഏറ്റുവാങ്ങിക്കൊണ്ടു പോയി പോസ്റ്റ്മോർട്ടം നടത്തിയ സംഭവത്തിൽ തൃശൂർ ഗവ. മെഡിക്കൽ കോളജിനുണ്ടായത് ഗുരുതര വീഴ്ചയെന്ന് പോലീസ്. മരണം സംഭവിച്ച വിവരം ഡ്യൂട്ടി ഡോക്ടർ കൃത്യമായി അറിയിച്ചില്ലെന്നു പോലീസ് വ്യക്തമാക്കി. മെഡിക്കൽ കോളജിന്റെ വീഴ്ച ചൂണ്ടിക്കാട്ടി വടക്കാഞ്ചേരി പോലീസ് സിറ്റി പോലീസ് കമ്മീഷണർക്ക് റിപ്പോർട്ട് നൽകി. വടക്കാഞ്ചേരി ഒന്നാംകല്ല് സ്വജേശി പട്ടിശേരി വളപ്പിൽ യൂസഫിന്റെ (46) മൃതദേഹമാണ് ബന്ധുക്കൾക്ക് വിട്ടു നൽകി പിന്നീട് തിരിച്ചെത്തിച്ച് പോസ്റ്റ്മോർട്ടം നടത്തിയത്. ഇക്കഴിഞ്ഞ എട്ടിന് രാത്രി വടക്കാഞ്ചേരി കാഞ്ഞിരക്കോട് എ.എച്ച് റീജൻസിക്ക് സമീപത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിലാണ് യൂസഫിന്  ഗുരുതരമായ പരിക്കേറ്റത്. ഉടൻ തന്നെ യൂസഫിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലർച്ചെയാണ് മരണം സംഭവിച്ചത്. മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി വീട്ടിലെത്തി മൃതദേഹ സംസ്കാര ചടങ്ങുകൾ പുരോഗമിക്കുന്നതിനിടയിലാണ് മെഡിക്കൽ കോളജിൽ നിന്നുള്ള സംഘമെത്തി മൃതദേഹം തിരിച്ചെടുത്തത്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം പിന്നീട് ഉച്ചയോടെ ബന്ധുക്കൾക്ക് വിട്ടു നൽകിയത്. പോലീസിന്റെ ഇടപെടലിലാണ് പോസ്റ്റ്മോർട്ടം ചെയ്യാൻ കഴിഞ്ഞത്. ഇതിനിടെ പോസ്റ്റ്‌ മോർട്ടം ചെയ്യാതെ മൃതദേഹം വിട്ട് കൊടുത്ത സംഭവത്തില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. അന്വേഷണ റിപ്പോർട്ട് ലഭിച്ചാൽ ഉടൻ നടപടിയുണ്ടാകുമെന്നും മന്ത്രി പറ‌ഞ്ഞു.
മരണ വിവരമറിഞ്ഞ പൊലീസാണ് പോസ്റ്റ്മോർട്ടം വേണമെന്ന് ബന്ധുക്കളെ വിവരം അറിയിക്കുന്നത്. ആശുപത്രിയുടെ രേഖാമൂലമുള്ള അറിയിപ്പ് ലഭിക്കുന്നത് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി എത്തിച്ച ശേഷമാണെന്നും പൊലീസ് പറയുന്നു.

സംഭവത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറോട് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് റിപ്പോർട്ട് തേടിയിട്ടുണ്ട്. ഇതിന് പിന്നാലെ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ അടങ്ങിയ സമിതിയെ അന്വേഷണത്തിനായി നിയോഗിച്ചു.
മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. പ്രതാപ് സോമസുന്ദരത്തിന്റെ നേതൃത്വത്തിലുള്ള സംഘം നാളെ തെളിവെടുപ്പ് നടത്തും. അപകടത്തിൽ പരിക്കേറ്റ യൂസഫ് ഓർത്തോ വിഭാഗത്തിലാണ് ചികിത്സയിൽ കഴിഞ്ഞിരുന്നത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പിഴവ് വരുത്തിയവർക്കെതിരെ നടപടിയുണ്ടാകും.

Back to top button
error: