KeralaNEWS

ഊതിയാ പറക്കുന്നതാണോ ഊത്തന്‍മാര്‍: എം.എം മണി

തിരുവനന്തപുരം: വിമാനത്തിലെ പ്രതിഷേധത്തില്‍ യൂത്ത് കോണ്‍ഗ്രസിനെ പരിഹസിച്ച് എം.എം.മണി എം.എല്‍.എ. ഇ.പി ഊതിയാ പറക്കുന്നതാണോ ഊത്തന്‍മാരെന്നും വീണതല്ല സ്രാഷ്ട്ടാംഗം പ്രണമിച്ചതാണ് കേട്ടോയെന്നുമായിരുന്നു ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ എംഎം മണി പരിഹസിച്ചത്.

തിങ്കളാഴ്ചയായിരുന്നു കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ഇന്‍ഡിഗോ വിമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ പ്രതിഷേധമുണ്ടായത്. ഇവരെ ഇ.പി ജയരാജന്‍ തള്ളി താഴെയിടുന്ന വീഡിയോയും പ്രചരിച്ചിരുന്നു.വിമാനത്തില്‍ വെച്ച് ഇ.പി ജയരാജന്‍ മര്‍ദിച്ചുവെന്ന് കാട്ടി യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരാതി നല്‍കിയിട്ടുണ്ട്. പ്രതിഷേധിച്ച് യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

അതേസമയം, വിമാനത്തില്‍ വച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ചതോടെ സംസ്ഥാനത്തിന്റെ പലഭാഗങ്ങളും സംഘര്‍ഷഭരിതം. തിരുവനന്തപുരം നഗരം തിങ്കളാഴ്ച രാത്രിയും സംഘര്‍ഷഭൂമിയായി. ഇന്ദിരാഭവന്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് രാത്രി വി.കെ. പ്രശാന്ത് എം.എല്‍.എ.യുടെ ഓഫീസിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് ലാത്തിച്ചാര്‍ജില്‍ കലാശിച്ചു. സംഭവമറിഞ്ഞ് സി.പി.എം. പ്രവര്‍ത്തകര്‍ ഇന്ദിരാഭവനിലേക്കു മാര്‍ച്ച് നടത്തി. ഇരുകൂട്ടരും വെല്ലുവിളിയുമായി മുഖാമുഖം വന്നെങ്കിലും പോലീസിടപെട്ട് പ്രവര്‍ത്തകരെ മടക്കിയയച്ചു. സെക്രട്ടേറിയറ്റിനുമുന്നിലും ഇരുകൂട്ടരും നേര്‍ക്കുനേര്‍ വന്നെങ്കിലും സംഘര്‍ഷം ഒഴിവായി.

രാത്രി വൈകിയും കെ.പി.സി.സി. ആസ്ഥാനത്തിനുമുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാവലിരുന്നു. കോഴിക്കോട് പേരമ്പ്രയില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ ബോംബ് എറിഞ്ഞു. പയ്യന്നൂര്‍ കോണ്‍ഗ്രസ് ഓഫീസിനുപുറത്ത് സ്ഥാപിച്ച ഗാന്ധിപ്രതിമയുടെ തല അക്രമികള്‍ വെട്ടിമാറ്റി. കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്റെ ഭാര്യവീടിനുനേരേ ആക്രമണമുണ്ടായി. തലസ്ഥാനത്തുള്‍പ്പെടെ രാത്രിയും തുടര്‍ന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ബറ്റാലിയന്‍ അടക്കമുള്ള പോലീസ് സേനയോട് തയ്യാറായിരിക്കാന്‍ ഡിജിപി അനില്‍ കാന്ത് നിര്‍ദേശിച്ചു.

Back to top button
error: