മുംബൈ: ഒരു കളിയുടെ സംപ്രേക്ഷണാവകാശത്തുകയില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിനെ കടത്തിവെട്ടി ഐ.പി.എല്‍. നടക്കാനിരിക്കുന്ന ഐ.പി.എല്ലില്‍ ഒരു മത്സരത്തിനായി 104 കോടി രൂപയാണ് ബിസിസിഐക്ക് ലഭിക്കുക. ഇതോടെ ഒരു ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരത്തിന് ലഭിക്കുന്ന തുക (86 കോടി) ഐപിഎല്‍ മറികടന്നു. മുന്‍പ് ഒരു ഐപിഎല്‍ മത്സരത്തിനായി 48.04 കോടിയായിരുന്നു ബോര്‍ഡിന് ലഭിച്ചിരുന്നത്. കഴിഞ്ഞ സീസണില്‍ ഡിസ്‌നി സ്റ്റാര്‍ നല്‍കിയ തുക 57 കോടി രൂപയായിരുന്നു. ഇതാണ് ഇപ്പോള്‍ 100 കോടി കടന്നിരിക്കുന്നത്.
അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള ഐപിഎല്‍ സംപ്രേക്ഷണാവകാശത്തിനുള്ള ആദ്യ ദിന ലേലനടപടികള്‍ ഞായറാഴ്ച അവസാനിച്ചതിനു പിന്നാലെയാണ് ബിസിസിഐ വമ്പന്‍ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ആദ്യ ദിനത്തില്‍ തന്നെ ലോക കായികരംഗത്തെ ഏറ്റവും ഉയര്‍ന്ന സംപ്രേക്ഷണാവകാശ തുകകളിലൊന്നിലേക്കാണ് ഐപിഎല്‍ എത്തിയിരിക്കുന്നത്.
ആദ്യ ദിവസത്തെ ലേല നടപടികള്‍ അവസാനിച്ചപ്പോള്‍ 43,050 കോടിയാണ് ബി.സി.സി.ഐയുടെ കീശയില്‍ വീണിരിക്കുന്നത്. 2023-27 വര്‍ഷത്തെ സംപ്രേക്ഷണാവകാശത്തിനുള്ള ലേലമാണ് നടക്കുന്നത്. 15-ാം സീസണ്‍ വരെയുള്ള കണക്കനുസരിച്ച് സംപ്രേക്ഷണാവകാശത്തിനായി ബിസിസിഐയ്ക്കു ലഭിച്ചിരുന്നത് 23,370 കോടി (പാക്കേജ് എ) രൂപയായിരുന്നു. കഴിഞ്ഞ തവണത്തേക്കാള്‍ 26,050 കോടിയുടെ വര്‍ധനവാണ് ആദ്യ ദിവസത്തെ നടപടികള്‍ അവസാനിച്ചപ്പോള്‍ ലഭിച്ചത്. ഇന്ന് ലേലം പുനരാരംഭിക്കും. ഈ കണക്ക് വെച്ച് ഇപ്പോള്‍ 104 കോടി രൂപയാണ് ഒരു മത്സരത്തിനായി ബിസിസിഐക്ക് ലഭിക്കുക.
നിലവില്‍ ഒരു എന്‍എഫ്എല്‍ മത്സരത്തിനായി സംപ്രേക്ഷകര്‍ നല്‍കേണ്ടത് ഏകദേശം 133 കോടി രൂപയാണ്. ഏതൊരു സ്പോര്‍ട്സ് ലീഗിലെയും ഏറ്റവും ഉയര്‍ന്ന തുകയാണിത്. നിലവില്‍ എന്‍എഫ്എല്ലിനു പിന്നിലായി ഐപിഎല്‍ രണ്ടാം സ്ഥാനത്തുണ്ട്. ഡിസ്നി സ്റ്റാര്‍, സോണി നെറ്റ്വര്‍ക്ക്, റിലയന്‍സ് വയാകോം 18 എന്നിവരാണ് സംപ്രേക്ഷണാവകാശത്തിനായി രംഗത്തുള്ളത്.