“അനുജാ പത്മനാഭാ.. വെട്ടെടാ എന്റെ കഴുത്ത്..’
അനുജനായ പത്മനാഭൻ തമ്പിയോട് തന്നെ വെട്ടിക്കൊല്ലാൻ വേലുത്തമ്പിദളവ ആജ്ഞാപിച്ചെങ്കിലും പത്മനാഭൻ തമ്പി അതിനു തയ്യാറായില്ല.. ഒടുവിൽ അരയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണപ്പിടിയുള്ള കഠാരിയെടുത്ത് വേലുത്തമ്പി തന്റെ ശരീരത്തിൽ ആഞ്ഞു കുത്തി.. എന്നിട്ടും അദ്ദേഹം മരിച്ചില്ല.. തന്റെ കഴുത്ത് വെട്ടിമാറ്റാൻ അവസാനമായി ഒരിക്കൽ കൂടി അദ്ദേഹം അനുജനോട് ആവശ്യപ്പെട്ടു… ഹൃദയം നുറുങ്ങുന്ന വേദനയോടെ പത്മനാഭൻ തമ്പി ചേട്ടന്റെ തല ഒറ്റവെട്ടിന് കഴുത്തിൽ നിന്ന് വേർപെടുത്തി….
നിമിഷങ്ങൾക്കകം മണ്ണടി ഭഗവതി ക്ഷേത്രത്തിന്റെ വാതിലുകൾ വെട്ടിപ്പൊളിയ്ക്കപ്പെട്ടു… ശ്രീകോവിലിലേക്ക് ആർത്തിരമ്പിയെത്തിയ ബ്രിട്ടീഷ് കൂലിപ്പട്ടാളം കൈയ്യിൽ ചോര പുരണ്ട വാളുമായി നിൽക്കുന്ന പത്മനാഭൻ തമ്പിയെയാണ് കണ്ടത്… തൊട്ടടുത്ത് തല വെട്ടിമാറ്റപ്പെട്ട നിലയിൽ തിരുവിതാംകൂറിന്റെ മുൻ ദളവയുടെ ശരീരവും… ബ്രിട്ടീഷ് പട്ടാളത്തിന് തന്നെ ജീവനോടെ പിടിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന ചാരിതാർത്ഥ്യം വെട്ടിമാറ്റപ്പെട്ട ആ മുഖത്ത് അപ്പോഴുമുണ്ടായിരുന്നു.
അതെ തലക്കുളത്ത് വേലായുധൻ ചെമ്പകരാമൻ തമ്പി തൻ്റെ അവസാന ശ്വാസത്തിലും ജന്മനാടിൻ്റെ അഭിമാനം സംരക്ഷിക്കുക വഴി ചരിത്രത്തിൻ്റെ തങ്കലിപികളിൽ എഴുതപ്പെട്ട വീരപുരഷൻ തന്നെയായിരുന്നു.
1809-ൽ മണ്ണടി ക്ഷേത്രത്തിൽ മരണത്തെ സ്വയം വരിച്ച വേലുത്തമ്പിയുടെ മൃതദേഹത്തെപ്പോലും ശത്രുക്കൾ വെറുതെ വിട്ടില്ല… മൃതദേഹത്തിന്റെ കാലിൽ കയറിട്ടു കെട്ടി കുതിരയെക്കൊണ്ട് വലിച്ചിഴച്ച് കൊണ്ടു പോയി തിരുവനന്തപുരത്തെ കണ്ണമ്മൂല കുന്നിന്റെ മുകളിൽ തലകീഴായി കെട്ടിത്തൂക്കുകയായിരുന്നു.. തുടർന്ന് അദ്ദേഹത്തിന്റെ വസ്തുവകകൾ കണ്ടുകെട്ടുകയും കുടുംബവകവീടുകൾ ഇടിച്ചുനിരത്തുകയും ചെയ്തു.. ബന്ധുക്കളെ ആലപ്പുഴയിൽ തടവിലിട്ട ശേഷം ചെങ്കോട്ട വഴി നാടുകടത്തുകയുണ്ടായി..
വേലുത്തമ്പിയുടെ മൃതദേഹത്തിനോടു പോലും അനാദരവ് കാട്ടിയതിനു പ്രായശ്ചിത്തമായി അന്നത്തെ തിരുവിതാംകൂർ മഹാരാജാവ് ഉത്രം തിരുനാൾ കൊട്ടാരം ചിലവിൽ വീടു നിർമ്മിക്കുകയും പിന്നീടത് വേലുത്തമ്പിയുടെ കുടുംബവുമായി ബന്ധമുള്ള അനന്തരാവകാശികൾക്ക് കൈമാറുകയുണ്ടായി.
കൽക്കുളം വില്ലേജിലെ തലക്കുളം വലിയവീട്ടിലാണ് വേലായുധൻ ചെമ്പകരാമൻ തമ്പിയെന്ന വേലുത്തമ്പിയുടെ ജനനം..
കന്യാകുമാരി ജില്ലയിലെ തക്കല, തിങ്കൾചന്തയ്ക്കടുത്താണ് പൂർണ്ണമായും തേക്കിൻ തടിയിൽ നിർമ്മിച്ച തലക്കുളത്ത് വലിയവീട് ഇന്ന് സ്ഥിതി ചെയ്യുന്നത്.. കുറച്ചു നാളുകൾക്കു മുമ്പാണ് ഞാൻ തലക്കുളത്ത് എത്തിയത്.. ഒരു സാധാരണ മലയാളനാടിന്റെ ശ്വാസസഞ്ചാരം അനുഭവപ്പെടുന്ന പ്രദേശമാണ് തലക്കുളം.. ഇപ്പോഴിവിടം തമിഴ്നാടാണെങ്കിലും കേരളീയത്വം പ്രസരിച്ചു നിൽക്കുന്ന ധാരാളം പഴയ വീടുകൾ ഇപ്പോഴും അവിടെയുണ്ട്.. വേലുത്തമ്പിദളവയുടെ ജന്മഗൃഹമായ തലക്കുളത്ത് വലിയവീട് മൂന്ന് നാലുകെട്ടുകൾ ചേർന്ന പന്ത്രണ്ട് കെട്ടാണ്.. വർഷങ്ങളായി ആൾപ്പാർപ്പില്ലാതെ കിടക്കുന്നതിനാൽ നാശോന്മുഖമാണ് ഇന്ന് ഈ കെട്ടിടങ്ങൾ.. ചുമരുകൾക്ക് പകരം ഉപയോഗിച്ചിരിക്കുന്ന പലകകൾ പലതും ചിതലെടുത്തു.. വിശാലമായ വീട്ടുവളപ്പിന് മതിലുണ്ടെങ്കിലും നോക്കാനോ സംരക്ഷിക്കാനോ ആളില്ലാത്തതിനാൽ ആർക്കും ഉള്ളിൽ കടക്കാവുന്ന സ്ഥിതിയാണ്.
നൂറ്റാണ്ടുകൾ പഴക്കമുള്ള വലിയവീടിന്റെ ഇന്നത്തെ അവസ്ഥ ദിനംപ്രതി ദയനീയമായിക്കൊണ്ടിരിക്കുന്നു… സന്ദർശകർക്ക് കാണാൻ പാകത്തിനായി ചിത്രകലാമണ്ഡലം എന്ന സംഘടനയ്ക്ക് വീട് അനന്തരാവകാശികൾ കൈമാറിയെങ്കിലും ഇന്ന് അവരും കൈയ്യൊഴിഞ്ഞ അവസ്ഥയാണ്… ഒരു ചരിത്ര സ്മാരകമാക്കി സംരക്ഷിച്ചു നിർത്തേണ്ട ഗൃഹമാണ് ആരും നോക്കാനില്ലാതെ തകർന്നു മണ്ണടിഞ്ഞു കൊണ്ടിരിക്കുന്നത്… ഏതൊക്കെ സർക്കാരുകൾ മാറിമാറി ഭരിച്ചാലും ചരിത്ര സ്മാരകങ്ങളോട് അവർ എപ്പോഴും കാണിക്കുന്ന അവഗണനയുടെ മറ്റൊരു ഉദാഹരണം മാത്രമാണ് വേലുത്തമ്പി ദളവയുടെ ജന്മഗൃഹമായ തലക്കുളം വലിയവീട്.. !!