കോഴിക്കോട്: മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില് കറുപ്പുനിറത്തിന് നിരോധനം ഏർപ്പെടുത്തിയതിനെ ന്യായീകരിച്ച് എല്ഡിഎഫ് കണ്വീനര് ഇ.പി. ജയരാജന്. കറുത്ത മാസ്ക് തന്നെ ധരിക്കണമെന്ന് എന്താണിത്ര നിര്ബന്ധമെന്ന് അദ്ദേഹം ചോദിച്ചു. കറുത്ത ഷര്ട്ട് ധരിച്ചേ പോകൂ എന്ന് എന്താണ് ഇത്ര നിര്ബന്ധം? നിങ്ങള് ഇതുവരെ കറുത്ത മാസ്ക് ധരിച്ചിട്ടുണ്ടോയെന്നും ജയരാജന് ചോദിച്ചു.
‘ഒരു മുഖ്യമന്ത്രിക്ക് സുരക്ഷയൊന്നും വേണ്ടേ? ഉമ്മന് ചാണ്ടിയുടെ കാലത്ത് പ്രതിപക്ഷം ഞങ്ങളാണ്. ഞങ്ങള് അക്രമം കാണിക്കില്ലെന്ന് എല്ലാവര്ക്കും അറിയാം. ഉമ്മന് ചാണ്ടിക്കും അറിയാം. ഇന്ന് വടിയും കത്തിയും എടുത്ത് നടക്കുകയല്ലേ, ആര്എസ്എസ് സംഘപരിവാറും യുഡിഎഫും ഒന്നിച്ചിട്ട്’, അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തില് പ്രതിപക്ഷം മാസ്കിനെ ഉപകരണമാക്കുകയാണെന്ന് മന്ത്രി എം വി ഗോവിന്ദനും പറഞ്ഞു. മുഖ്യമന്ത്രിയുടെ സുരക്ഷ പൊതുജനങ്ങള്ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കില്ല. സുരക്ഷ നല്കേണ്ട സന്ദര്ഭത്തില് അത് വേണം. ആവശ്യമായ സുരക്ഷ മുഖ്യമന്ത്രിക്ക് വേണമെന്നും മന്ത്രി കൂട്ടിച്ചേര്ത്തു.
മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷ ഏർപ്പെടുത്തുന്നത് ജനങ്ങള്ക്ക് പ്രയാസം സൃഷ്ടിക്കുന്നതും അദ്ദേഹം പങ്കെടുക്കുന്ന പരിപാടികളില് കറുത്ത വസ്ത്രത്തിനും മാസ്കിനും നിരോധനം ഏർപ്പെടുത്തുന്നതും വിവാദത്തിന് ഇടയാക്കിയ സാഹചര്യത്തിലാണ് പ്രതികരണം.