ഗൂഗിള്‍ ക്രോം ബ്രൗസറില്‍ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തുന്ന മാല്‍വെയര്‍ കണ്ടെത്തി. ബാങ്കിങ് രംഗത്തെ സൈബറാക്രമണങ്ങള്‍ക്ക് കുപ്രസിദ്ധമായ ഇമോടെറ്റ് മാല്‍വെയറിന്റെ (ഋാീലേ)േ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിവുള്ള ഒരു മോഡ്യൂളാണ് ഗവേഷകര്‍ ക്രോം ബ്രൗസറില്‍ കണ്ടെത്തിയത്.
ജൂണ്‍ ആറിന് സൈബര്‍ സുരക്ഷാ സ്ഥാപനമായ പ്രൂഫ് പോയിന്റ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇമോടെറ്റ് മാല്‍വെയര്‍ ഇന്‍ഫ്രാസ്ട്രക്ചറിന്റെ ഭാഗമായ ഇ4 ബോട്ട്നെറ്റ് ആണ് ഈ മോഡ്യൂള്‍ ക്രോം ബ്രൗസറില്‍ വിന്യസിച്ചത്. ഈ രീതിയില്‍ ശേഖരിച്ച ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ മോഡ്യൂള്‍ ലോഡറിനെ കൂടാതെ വ്യത്യസ്ത സി2 സെര്‍വറുകളിലേക്ക് അയക്കപ്പെടും. ആഗോളതലത്തില്‍ ഏറ്റവും പ്രചാരമുള്ള മാല്‍വെയറുകളിലൊന്നാണ് ഇമോടെറ്റ്. ഏറെ നവീനവും സ്വയം പ്രചരിക്കാന്‍ ശേഷിയുള്ളതും മോഡ്യുലാറുമായ ട്രോജന്‍ ആണിത്.
പ്രധാനമായും കംപ്യൂട്ടറുകളിലേക്ക് പ്രവേശനം കിട്ടുന്നതിന് വേണ്ടിയുള്ള താക്കാലോയാണ് ഇമോടെറ്റ് ഉപയോഗിക്കുന്നത്. കംപ്യൂട്ടറുകളിലേക്ക് അനധികൃതമായ പ്രവേശം ലഭിച്ചുകഴിഞ്ഞാല്‍ അത് സൈബര്‍ കുറ്റവാളികള്‍ക്ക് വില്‍ക്കുകയും അവര്‍ ആവശ്യാനുസരണം ആ കംപ്യൂട്ടര്‍ ചൂഷണം ചെയ്യുകയും ചെയ്യും.
2014 മുതല്‍ വളരെ സജീവമായിരുന്ന ഇമോടെറ്റ് എന്ന മാല്‍വെയര്‍ സാമ്രാജ്യത്തെ 2021 ജനുവരിയില്‍ യൂറോപോളിന്റെ നേതൃത്വത്തില്‍ നടന്ന ഓപ്പറേഷന്‍ ലേഡി ബേര്‍ഡിലൂടെയാണ് തകര്‍ത്തിരുന്നു. ലോകത്തിന്റെ വിവിധഭാഗങ്ങളിലായി സ്ഥാപിച്ച സെര്‍വറുകളെ സംയോജിപ്പിച്ചുകൊണ്ടുള്ള ഇമോടെറ്റിന്റെ സി2 സെര്‍വര്‍ ശൃംഖലയുടെ നിയന്ത്രണം കൈക്കലാക്കിയാണ് യൂറോപോള്‍ ഇമോടെറ്റിനെ വരുതിയിലാക്കിയത്.
എന്നാല്‍ 2021 ഒക്ടോബര്‍ മുതല്‍ ട്രിക്ക്ബോട്ട് മാല്‍വെയര്‍ ബാധിച്ച കംപ്യൂട്ടറുകളില്‍ ഇമോടെറ്റ് മാല്‍വെയറുകള്‍ വീണ്ടും കണ്ടുതുടങ്ങി. അതിന് ശേഷം ഇമോടെറ്റ് കൂടുതല്‍ സജീവമാണ്. ഈ വര്‍ഷം ആദ്യ പാദത്തില്‍ ഇമോടെറ്റ് ഇമെയില്‍ സ്പാമുകളില്‍ മുന്‍വര്‍ഷത്തേക്കാള്‍ 2823 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് എച്ച്പി വോള്‍ഫ് സെക്യൂരിറ്റി റിപ്പോര്‍ട്ട് ചെയ്യുന്നത്.