HealthLIFE

ശരീരഭാരം കുറയ്ക്കാന്‍ രാത്രിയില്‍ ഈ 5 ഭക്ഷണങ്ങള്‍ ഒഴിവാക്കാം

രാവിലെയും ഉച്ചയ്ക്കുമൊക്കെ വയർ നിറയെ ഭക്ഷണം കഴിച്ചാലും രാത്രി ഭക്ഷണം ലഘുവായിരിക്കണം എന്നാണ് പറയാറ്. നമ്മുടെ ദഹനവ്യവസ്ഥ കൂടുതൽ ആക്ടീവായിരിക്കുന്നത് രാവിലെയാണ്.

രാത്രിയാകുമ്പോഴേക്കും ദഹനം സാവധാനത്തിലാകും. രാത്രി ഹെവിയായി ഭക്ഷണം കഴിച്ചാൽ ദഹിക്കാൻ പ്രയാസമാകും. മാത്രമല്ല അധിക കൊഴുപ്പായി അത് ശരീരത്തിൽ ശേഖരിക്കപ്പെടുകയും ചെയ്യും. ഇത് ശരീരഭാരം വർധിക്കാൻ കാരണമാകും.

രാത്രി വയറു നിറയെ ഭക്ഷണം കഴിച്ചാൽ നെഞ്ചെരിച്ചിൽ, ദഹനക്കേട്, ആസിഡ് റിഫ്ലക്സ് തുടങ്ങിയവ ഉണ്ടാകുകയും ഉറക്കം തടസ്സപ്പെടുകയും ചെയ്യും. ഉറക്കമില്ലായ്മ ആകട്ടെ നിരവധി ആരോഗ്യപ്രശ്നങ്ങളിലേക്കു നയിക്കും. ഹൃദ്രോഗം, പ്രമേഹം, പൊണ്ണത്തടി കൂടാതെ തലച്ചോറിലേക്കുള്ള രക്തപ്രവാഹം കുറയുക ഇവയ്ക്കെല്ലാത്തിനും കാരണമാകും. രാവിലെ എഴുന്നേൽക്കുമ്പോൾ ക്ഷീണവും സ്ട്രെസും അനുഭവപ്പെടുകയും ചെയ്യും.

ഇതെല്ലാം കൊണ്ടുതന്നെ കിടക്കാൻ പോകും മുൻപ് ലളിതമായ ഭക്ഷണം അതും അന്നജവും കൊഴുപ്പും കാലറിയും വളരെ കുറഞ്ഞ ഭക്ഷണം വേണം കഴിക്കാൻ. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന ആളാണെങ്കിൽ പ്രത്യേകിച്ചും അത്താഴം ലഘുവായി കഴിക്കാൻ ശ്രദ്ധിക്കണം.

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രാത്രി ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്. അവ ഏതൊക്കെയെന്നു നോക്കാം.

1) റെഡ് മീറ്റ്

മട്ടൻ, പോർക്ക് തുടങ്ങിയ റെഡ്മീറ്റിൽ പ്രോട്ടീൻ ധാരാളമുണ്ട്. ശരീരഭാരം കുറയാൻ ഇത് ആവശ്യമാണെങ്കിലും ഇവയിൽ കൊഴുപ്പും കാലറിയും കൂടിയ അളവിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ റെഡ് മീറ്റ് ഒഴിവാക്കി പകരം ആരോഗ്യകരമായ വൈറ്റ് മീറ്റ് അതായത് കോഴിയിറച്ചി അത്താഴത്തിൽ ഉൾപ്പെടുത്താം.

2) ഐസ്ക്രീം

ഐസ്ക്രീമിൽ പഞ്ചസാരയും കാലറിയും ഏറെയാണ്. ഇത് ശരീരഭാരം കൂട്ടും. ഭക്ഷണത്തിൽ അധികകാലറി കൂട്ടും എന്നതുകൊണ്ടുതന്നെ ഐസ്ക്രീം ഒഴിവാക്കാം.

3) ബ്രക്കോളി

ക്രൂസിഫെറസ് പച്ചക്കറികളായ കോളിഫ്ലവറിലും ബ്രക്കോളിയിലും വലിയ അളവിൽ ഇൻസോല്യൂബിൾ ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം സാവധാനത്തിലാക്കും. ഉറങ്ങും മുൻപ് ഈ പച്ചക്കറികൾ ഒഴിവാക്കുന്നതാകും നല്ലത്. 

4) ടൊമാറ്റോ സോസ്

ടൊമാറ്റോ സോസിൽ ഹൈ ഫ്രക്ടോസ് കോൺസിറപ്പ് അടങ്ങിയിട്ടുണ്ട്. കോൺസ്റ്റാർച്ചിൽ നിന്നും ഉണ്ടാക്കിയിട്ടുള്ള ഒരു മധുരമാണിത്. ഇത് ഉയർന്ന അളവിൽ അസിഡിറ്റി ഉണ്ടാക്കുകയും നെഞ്ചെരിച്ചിലിനും ദഹനക്കേടിനും കാരണമാകുകയും ചെയ്യും.

5) ഡാർക് ചോക്കലേറ്റ്

മിൽക്ക് ചോക്കലേറ്റിനെക്കാൾ ആരോഗ്യകരമാണ് ഡാർക് ചോക്കലേറ്റ്. എങ്കിലും അതിലെ പഞ്ചസാര ശരീരഭാരം കൂട്ടും. രാത്രി ഡാർക് ചോക്കലേറ്റ് ഒഴിവാക്കാം.

Back to top button
error: