NEWS

ലഹരിക്കയത്തിലെ നഷ്ടബാല്യങ്ങൾ;മക്കൾ മയക്കുമരുന്നിന് അടിമകളായിമാറിയത് അറിയാത്ത അച്ഛനമ്മമാർ

രേസമയം ലഹരിക്കടത്തുകാരായും മയക്കുമരുന്നിന് അടിമകളായും ജീവിച്ചുമരിക്കുകയാണ് നമ്മുടെ കുഞ്ഞുങ്ങൾ.മാതാപിതാക്കൾ ഇത് അറിയാതെ പോകരുത്.മകന്റെ കാര്യം മാത്രമല്ല, മകളുടെ കാര്യം കൂടിയാണ് പറയുന്നത്.കഴിഞ്ഞദിവസം കഞ്ചാവിന്റെ ലഹരിയിൽ കോഴിക്കോട് ബസ് സ്റ്റാൻഡിൽ അക്രമാസക്തരായ ഏഴു വിദ്യാർത്ഥികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.നാല് ആൺകുട്ടികളും മൂന്നു പെൺകുട്ടികളും.എല്ലാം പതിനെട്ട്-പത്തൊൻപത് വയസ്സ് പ്രായം.
മറ്റൊരു കഥ ശൊല്ലട്ടുമാ.
അവൾക്ക് വെറും 13 വയസ്സായിരുന്നു പ്രായം പുകവലിയിലായിരുന്നു തുടക്കം. പിന്നാലെ ചെയിൻ സ്മോക്കറായി. വൈകിയില്ല, സുഹൃത്തുക്കൾക്കൊപ്പം കഞ്ചാവിന്റെ ലഹരിയും അവൾ കണ്ടെത്തി. പിന്നെ എല്ലാതരം മയക്കുമരുന്നുകളും. മയക്കുമരുന്നുവാങ്ങാൻ പണം വേണ്ടേ? അതിനായി ലഹരിക്കടത്തുതന്നെ തൊഴിലായി സ്വീകരിച്ചു. ഇവിടെയെത്തുമ്പോൾ മാനസികനില പാടേ തകർന്ന നിലയിലായിരുന്നു” -അങ്കമാലിക്കുസമീപമുള്ള ഞാളൂരിലെ നിർമൽ നികേതൻ ലഹരിവിമുക്തികേന്ദ്രം പ്രോജക്ട് കോ-ഓർഡിനേറ്ററായ സിസ്റ്റർ ഷീജ പാറേക്കാട്ടിലിന്റെ മനസ്സിൽനിന്ന് ആ പെൺകുട്ടിയെക്കുറിച്ചുള്ള ഓർമകൾ മാഞ്ഞിട്ടില്ല. സ്ത്രീകൾക്കും കുട്ടികൾക്കുംവേണ്ടിയുള്ള കേന്ദ്രത്തിൽ ആദ്യമായി പ്രവേശിപ്പിക്കുന്നതും ഈ പെൺകുട്ടിയെയാണ്.
ഒരു ഗ്യാങ്ങിൽ അകപ്പെട്ടുപോയ അവൾക്ക് ഏതുസമയത്തും മയക്കുമരുന്ന് ലഭിക്കുമായിരുന്നു. വാങ്ങാൻ പണം തികയാതെവന്നതോടെയാണ് അവൾ ലഹരിക്കടത്തിലേക്ക് നീങ്ങുന്നത്. ചെറിയ കൈമാറ്റങ്ങൾക്കുപോലും വലിയ തുക ലഭിച്ചു. ആഴ്ചയിൽ നാലായിരംരൂപയോളം സമ്പാദിച്ചു. ലഹരിക്കുപുറമേ പോക്കറ്റ് മണിയുംകൂടിയായതോടെ മയക്കുമരുന്നുകടത്ത് സ്ഥിരമാക്കി. മാനസികനില തെറ്റിയനിലയിൽ 2021 ഏപ്രിലിലാണ് പെൺകുട്ടിയെ നിർമൽ നികേതനിലെത്തിക്കുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രവർത്തിക്കുന്ന ചികിത്സാകേന്ദ്രത്തെക്കുറിച്ച് റേഡിയോയിലൂടെ അറിഞ്ഞ് കുട്ടിയുടെ ബന്ധുക്കളാണ് എത്തിച്ചത്. പിന്നെ മൂന്നുമാസം നീണ്ട ചികിത്സയ്ക്കൊടുവിൽ പതിയെപ്പതിയെ കുട്ടി സാധാരണനിലയിലായി.
എന്തുകൊണ്ട് നമ്മുടെ കുട്ടികൾ?
1. കുടുംബത്തിലെ പ്രശ്നങ്ങൾ
2. ചീത്തകൂട്ടുകെട്ട്
3. പണം
നമ്മുടെ കുട്ടികൾ മയക്കുമരുന്നിന് അടിപ്പെടാൻ പ്രധാനപ്പെട്ട മൂന്നുകാരണങ്ങൾ ഇവയാണെന്നാണ് ലഹരിവിമുക്തികേന്ദ്രങ്ങളിലെ കൗൺസലർമാരുടെ അനുഭവം. കുടുംബബന്ധങ്ങൾ മാറിയതും കുട്ടികൾ ഒറ്റപ്പെടുന്നതും ലഹരിതേടിയുള്ള അവരുടെ യാത്രയ്ക്കുള്ള ആദ്യ പ്രേരണയാകുന്നു.
കുടുംബസാഹചര്യമാണ് അങ്കമാലിയിലെ പതിമൂന്നുകാരിയെ പുകവലിയിലേക്കെത്തിച്ചത്. മോശം കൂട്ടുകെട്ട് മയക്കുമരുന്നിന്റെ ലോകത്തെക്ക് നയിച്ചു. മയക്കുമരുന്നുകടത്തുകാരിയാക്കിയതാകട്ടെ പണത്തിന്റെ ആവശ്യവും.
മോചനംകിട്ടാത്ത കുഞ്ഞുങ്ങൾ
പെട്ടുപോയാൽ മോചനം അത്ര എളുപ്പമല്ലെന്നാണ് ലഹരിവിമുക്തി കേന്ദ്രങ്ങളിൽനിന്നുള്ള അനുഭവങ്ങൾ. മൂന്നുമാസം കിടത്തിച്ചികിത്സ കഴിഞ്ഞിട്ടും മോചനംകിട്ടാതെ എത്രയെത്ര കുഞ്ഞുങ്ങൾ. കോട്ടയം വാകത്താനത്ത് ലഹരിവിമുക്തികേന്ദ്രമായ ‘സമൃദ്ധി’യിൽമാത്രം 100 ദിവസം കഴിഞ്ഞിട്ടും സാധാരണജീവിതത്തിലേക്ക് മടങ്ങിവരാൻ കഴിയാത്ത 14 കുട്ടികളുണ്ടെന്ന് അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ മാത്യു ടി.എം. പറയുന്നു. എല്ലാവരും 18 വയസ്സിൽ താഴെയുള്ളവർ.
കുട്ടിക്കടത്തുകാർ
കുട്ടികളെ ഉപയോഗിച്ചുള്ള അബ്കാരി-മയക്കുമരുന്നുകടത്ത് കേസുകളുടെ കേന്ദ്രമാണ് എറണാകുളം. രണ്ടരവർഷത്തിനിടെ സംസ്ഥാനത്താകെ ലഹരിക്കടത്തിന് പിടിയിലായ 21 വയസ്സിൽ താഴെയുള്ളവർ 1978 ആണ്. ഇതിന്റെ ആറിലൊന്നും എറണാകുളത്താണ് -357 പേർ. ഏറ്റവും കുറവ് കോഴിക്കോട്ടും കാസർകോട്ടുമാണ്-20 പേർവീതം.
മുന്നിൽ എറണാകുളം
 
എറണാകുളം 357
കൊല്ലം 340
തൃശ്ശൂർ 286
കോട്ടയം 277
ഇടുക്കി 193
ആലപ്പുഴ 170
പാലക്കാട് 103
മലപ്പുറം 96
വയനാട് 77
തിരുവനന്തപുരം 64
കണ്ണൂർ 64
പത്തനംതിട്ട 52
കോഴിക്കോട് 20
കാസർകോട് 20

Back to top button
error: