മുംബൈ: ഈ വര്‍ഷം ഓസ്ട്രേലിയയില്‍ നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പ് ടീമില്‍ മലാളി താരം സഞ്ജു സാംസണെ ഉറപ്പായും ഉള്‍പ്പെടുത്തണമെന്ന അഭിപ്രായവുമായി മുന്‍ കോച്ച് രവി ശാസ്ത്രി. ഓസ്ട്രേലിയന്‍ സാഹചര്യങ്ങളില്‍ തിളങ്ങാന്‍ ഏറ്റവും കൂടുതല്‍ സാധ്യത സഞ്ജുവിനാണെന്നും ശാസ്ത്രി കൂട്ടിച്ചേര്‍ത്തു. ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
”ഓസ്ട്രേലിയയില്‍, അവിടത്തെ സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ബൗണ്‍സ്, പേസ് എന്നിവ നിര്‍ണായകമാണ്. അത്തരം സാഹചര്യങ്ങളില്‍ സഞ്ജുവാണ് ഏറ്റവും അപകടകാരി. അദ്ദേഹത്തിന് അവിടെ മത്സരം ജയിപ്പിക്കാനാകും. കട്ട് ഷോട്ടുകളും പുള്‍ ഷോട്ടുകളുമായി അത്തരം വിക്കറ്റുകളില്‍ നന്നായി കളിക്കാന്‍ സഞ്ജുവിന് സാധിക്കും. അവിടെ അധിക മൂവ്മെന്റുകളൊന്നും ഉണ്ടാകില്ല. പന്ത് ബാറ്റിലേക്ക് വരുന്നത് ഇഷ്ടപ്പെടുന്ന താരമാണ് സഞ്ജു. സത്യം പറഞ്ഞാല്‍ ഓസ്ട്രേലിയന്‍ പിച്ചുകളില്‍ മറ്റേത് ഇന്ത്യന്‍ താരത്തേക്കാളും ഏറ്റവും കൂടുതല്‍ ഷോട്ടുകള്‍ സഞ്ജുവിന്റെ പക്കലുണ്ട്- രവി ശാസ്ത്രി പറഞ്ഞു.
ലോകകപ്പിനു മുമ്പ് ദക്ഷിണാഫ്രിക്കയ്ക്കെതിരേ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പര കളിക്കാനൊരുങ്ങുകയാണ് ഇന്ത്യന്‍ ടീം. ഇത്തരം മത്സരങ്ങള്‍ മാനേജ്മെന്റിന് ടീമില്‍ താരങ്ങളെ മാറി മാറി കളിപ്പിക്കാനും അതില്‍ ആര് നന്നായി കളിക്കുമെന്ന നോക്കാനുമുള്ള അവസരമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രമുഖ താരങ്ങളില്‍ പലരുടെയും സമീപകാലത്തെ മോശം പ്രകടനവും ചില താരങ്ങളുടെ തകര്‍പ്പന്‍ പ്രകടനങ്ങളും മുന്‍ നിര്‍ത്തി ഈ വര്‍ഷം ഓസ്ട്രേലിയയില്‍ നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പ് ടീമിന് രൂപം നല്‍കുക എന്നത് ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡും സെലക്ടര്‍മാരും നേരിടാന്‍ പോകുന്ന പ്രധാന തലവേദനയാണ്.