Breaking NewsNEWS

സ്വപ്നയ്ക്ക് തിരിച്ചടി; മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: പിണറായി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ ആരോപണപ്പെരുമഴയക്കു പിന്നാലെ സ്വപ്‌ന സുരേഷിന് തിരിച്ചടി. മുന്‍ മന്ത്രി കെ.ടി. ജലീലിന്റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്ന സുരേഷ് നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി.

സര്‍ക്കാര്‍ അറസ്റ്റിന് ശ്രമിക്കുന്നുവെന്നും അറസ്റ്റ് ഭയക്കുന്നുവെന്നും പറഞ്ഞാണ് സ്വപ്ന സുരേഷും പി.എസ്. സരിത്തും ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയത്. എന്നാല്‍ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് സ്വപ്നയ്ക്കെതിരേ ചുമത്തിയിരിക്കുന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചതോടെ, ഹര്‍ജി നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കിബഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. അറസ്റ്റിന് സാധ്യതയില്ലാത്തതിനാല്‍ മുന്‍കൂര്‍ ജാമ്യത്തിന്റെ ആവശ്യമില്ലെന്നും കോടതി പറഞ്ഞു.

സ്വപ്ന സുരേഷും പി.എസ്. സരിത്തും നല്‍കിയ ഹര്‍ജിക്ക് പിന്നില്‍ ഗൂഢലക്ഷ്യമുണ്ടെന്ന് സര്‍ക്കാര്‍ വാദിച്ചു. മാത്രമല്ല, സരിത്ത് നിലവില്‍ ഈ കേസില്‍ പ്രതിയല്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് സ്വപ്നയ്ക്കെതിരേ ചുമത്തിയിരിക്കുന്നത്. അറസ്റ്റിന് സാധ്യതയില്ലാത്തതിനാല്‍ മുന്‍കൂര്‍ ജാമ്യത്തിന്റെ ആവശ്യമില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

 

ജാമ്യഹര്‍ജിക്ക് പിന്നില്‍ ഗൂഢലക്ഷ്യമുണ്ട്. പ്രമുഖരായ വ്യക്തികളെ ജനമധ്യത്തില്‍ അപഹാസ്യരാക്കുക, ആക്ഷേപങ്ങള്‍ ചൊരിയുക എന്നത് മാത്രമാണ് ലക്ഷ്യം. ഇതിനുപിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുള്ള വ്യക്തികളുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞിരുന്നു.

അതേസമയം, ഇപ്പോള്‍ ഇങ്ങനെയാണെങ്കിലും ഇനി ജാമ്യമില്ലാക്കുറ്റം കൂടി ചുമത്തി അറസ്റ്റ് ചെയ്യുമെന്ന ഭയമുണ്ടെന്ന് സ്വപ്നയുടെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ നാളെ എന്തുനടക്കും എന്നതനുസരിച്ച് ഇപ്പോള്‍ തീരുമാനമെടുക്കാനാവില്ലെന്ന് സര്‍ക്കാരും മറുപടി നല്‍കി.

Back to top button
error: