കോഴിക്കോട്: നാദാപുരം പേരോട് കോളേജ് വിദ്യാര്‍ഥിനിയെ വെട്ടിപ്പരുക്കേല്‍പ്പിച്ചശേഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കല്ലാച്ചി സ്വദേശിയായ യുവാവാണ് പേരോട് സ്വദേശിയും ബിരുദ വിദ്യാര്‍ഥിനിയുമായ 20 വയസ്സുകാരിയെ ആക്രമിച്ചത്. ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
റഫ്നാസ് എന്ന യുവാവാണ് അക്രമം നടത്തിയതെന്നാണ് വിവരം. നാദാപുരം സ്വകാര്യ കോളജിലെ മൂന്നാംവര്‍ഷ ബികോം വിദ്യാര്‍ഥിനിയാണ് പെണ്‍കുട്ടി. കോളജ് വിട്ടുവരുന്ന പെണ്‍കുട്ടിയും യുവാവും തമ്മില്‍ വാക്കേറ്റമുണ്ടായി. അതിനു ശേഷം ഇരുവരും തമ്മില്‍ അവിടെവച്ച് മല്പിടുത്തവുമുണ്ടായി. തുടര്‍ന്നാണ് വലിയ കൊടുവാള് ഉപയോഗിച്ച് യുവാവ് പെണ്‍കുട്ടിയെ ആക്രമിച്ചത്.
വിദ്യാര്‍ഥിനിയുടെ തലയുടെ പുറകിലാണ് വെട്ടേറ്റത്. ആക്രമണത്തിന് തൊട്ടുപിന്നാലെ യുവാവ് കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ദേഹമാസകലം വെട്ടേറ്റ പെണ്‍കുട്ടിയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമശേഷം യുവാവ് തന്റെ ഇടതുകയ്യുടെ ഞരമ്പ് സ്വയം മുറിക്കുകയായിരുന്നു. രണ്ടുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രണ്ട് പേരും പ്ലസ് ടൂ മുതല്‍ ഒരുമിച്ച് പഠിച്ചവരാണെന്ന് പൊലീസ് പറയുന്നു. പ്രണയനൈരാശ്യത്തെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ ആക്രമിച്ചതെന്നാണ് പ്രതിയുടെ മൊഴി. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.