Breaking NewsNEWS

നടിയെ ആക്രമിച്ച കേസ്: ഭരണകാര്യങ്ങളില്‍ ഇടപെടില്ല; ശ്രീജിത്തിനെ മാറ്റിയതിനെതിരെ നല്‍കിയ ഹര്‍ജി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ചുമതലയില്‍നിന്ന് എ.ഡി.ജി.പി: എസ്.ശ്രീജിത്തിനെ മാറ്റിയതിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി. ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്തുനിന്ന് എസ്. ശ്രീജിത്തിനെ മാറ്റിയതിനെതിരേ ബൈജു കൊട്ടാരക്കരയാണ് ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി നല്‍കിയത്.

എസ്.ശ്രീജിത്ത്

ശ്രീജിത്തിനെ മാറ്റിയത് നടിയെ ആക്രമിച്ച കേസിനെ ബാധിക്കുമെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം. എന്നാല്‍ സര്‍ക്കാരിന്റെ ഭരണപരമായ കാര്യങ്ങളില്‍ ഇടപെടില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി ഹര്‍ജി തള്ളുകയായിരുന്നു. ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവും മറ്റും സര്‍ക്കാരിന്റെ ഭരണപരമായ കാര്യങ്ങളാണ്. കോടതിക്ക് ഇതില്‍ ഇടപെടാന്‍ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

അതിനിടെ, കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ വിചാരണ കോടതിയില്‍ വാദം പുരോഗമിക്കുകയാണ്. ബാലചന്ദ്രകുമാറിന്റെ മൊഴി വിശ്വാസത്തിലെടുത്തുള്ള അന്വേഷണം ശരിയല്ലെന്ന് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. ഹര്‍ജിയില്‍ പ്രതിഭാഗത്തിന്റെ വാദം പൂര്‍ത്തിയായാല്‍ പ്രോസിക്യൂഷന്റെ മറുപടി വാദം ആരംഭിക്കും. അതിനിടെ, നടിയെ ആക്രമിച്ച കേസില്‍ 15-ാം പ്രതിയായി ശരത്തിനെ അറസ്റ്റ് ചെയ്തവിവരം കോടതി അറിഞ്ഞില്ലെന്ന് വിചാരണ കോടതി അഭിപ്രായപ്പെട്ടു. നേരത്തെ അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് ശരത്തിന്റെ അറസ്റ്റുവിവരം രേഖപ്പെടുത്തിയിരുന്നത്. ഇക്കാര്യം കോടതി അറിഞ്ഞില്ലെന്നായിരുന്നു വിചാരണകോടതിയുടെ പരാമര്‍ശം.

Back to top button
error: