CrimeNEWS

ആദിവാസി യുവാവിനെ നാല് വർഷം കൂലി നൽകാതെ ജോലിയെടുപ്പിച്ചു, ആവശ്യത്തിന് ഭക്ഷണമോ താമസ സൗകര്യമോ നൽകിയില്ലെന്നും പരാതി; എസ്റ്റേറ്റ് ഉടമക്കെതിരെ പരാതി, യുവാവിനെ മോചിപ്പിച്ചു

സുൽത്താൻ ബത്തേരി: ആണ്ടൂർ കാട്ടുനായ്ക്ക കോളനിയിലെ യുവാവിനെ നാലു വർഷത്തോളം എസ്റ്റേറ്റിൽ ജോലി ചെയ്യിപ്പിച്ച ശേഷം കൂലി നൽകാതെ വഞ്ചിച്ചെന്ന് പരാതി. ആവശ്യത്തിന് ഭക്ഷണമോ താമസ സൗകര്യമോ നൽകിയില്ലെന്നും പരാതിയുണ്ട്. നാലു വർഷത്തോളം കൃഷിയിടത്തിൽ പണിയെടുപ്പിച്ചിട്ട് ആകെ 14000 രൂപയാണ് നൽകിയത്. സംഭവം വിവാദമായതോടെ നാട്ടുകാർ ഇടപെട്ട് രാജുവിനെ മോചിപ്പിച്ചു വീട്ടിലെത്തിച്ചു.

ആണ്ടൂർ കാട്ടുനായ്ക്ക കോളനിയിലെ രാജു (30) വിനെ കൃഷിയിടത്തിൽ ജോലിതരാമെന്നു പറഞ്ഞ് നാസർ എന്നയാളാണ് വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടു പോയതെന്ന് പറയുന്നു. ഒരുവർഷം മുമ്പാണ് ഒടുവിൽ രാജു വീട്ടിൽ വന്നത്. അന്ന് രാജുവിന്റെ കൈയിലുണ്ടായിരുന്നത് വെറും 10000 രൂപ. കൂലിയായി ദിവസം 300 രൂപ നൽകാമെന്നു പറഞ്ഞാണ് കൊണ്ടു പോയതെങ്കിലും നാലുവർഷത്തിനിടെ തനിക്ക് ലഭിച്ചത് 14000 രൂപ മാത്രമാണെന്ന് രാജു പറയുന്നു. ഇത്രയുംകാലം രാജുവിന്റെ അമ്മ അമ്മു തനിച്ചാണ് വീട്ടിൽ കഴിഞ്ഞിരുന്നത്. ഫോൺ വിളിച്ചാൽ പോലും കിട്ടാത്തതിനാൽ വലിയ ആശങ്കയിലായിരുന്നു ഇവർ. ആണ്ടൂർ ചീനപ്പുല്ലിലെ എസ്റ്റേറ്റിൽ രാജുവിനെ കണ്ട ആണ്ടൂർ ടൗൺ ടീം വാട്‌സാപ്പ് കൂട്ടായ്മയുടെ പ്രവർത്തകർ ഇടപെട്ടാണ് വീട്ടിലെത്തിച്ചത്.

കൃഷിയിടത്തിൽ ഭക്ഷണവും വിശ്രമവും നൽകാതെയും കയറിക്കിടക്കാൻ ഇടംനൽകാതെയും രാജുവിനെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. രാവിലെ എട്ടുമണിമുതൽ രാത്രി ഏഴുമണിവരെ ജോലി ചെയ്യിപ്പിക്കുമായിരുന്നുവെന്ന് രാജു പറഞ്ഞു. കൊടുവള്ളിയിലുള്ള എസ്റ്റേറ്റിലേക്കും രാജുവിനെ ജോലിക്കായി കൊണ്ടുപോയിട്ടുണ്ട്. അന്നും കൂലി കൃത്യമായി നൽകിയില്ല. പണം ചോദിച്ചപ്പോൾ പലതവണ രാജുവിനെ മർദിക്കുകയും അമ്മയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. അതേസമയം, രാജു കുറച്ചുകാലമായി തന്റെ കൂടെയുണ്ടെന്നും ഒരു ജോലിക്കാരനായിട്ടല്ല കൊണ്ടു നടന്നതെന്നുമാണ് എസ്റ്റേറ്റ് ഉടമ നാസർ പറയുന്നത്. രാജുവിന്റെ അമ്മ അമ്പലവയൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Back to top button
error: