ന്യൂഡല്‍ഹി: തുടര്‍ച്ചയായ എട്ടാം മാസവും രാജ്യത്ത് നിന്നും വിദേശ നിക്ഷേപം വലിയ തോതില്‍ പിന്‍വലിക്കപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. മെയ് മാസം 40,000 കോടി രൂപയാണ് ഇത്തരത്തില്‍ പിന്‍വലിച്ചതെന്നും, യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തിയേക്കുമോ എന്ന ആശങ്കയാണ് ഇതിന് കാരണമായതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഈ വര്‍ഷം ഇതിനോടകം 1.69 ലക്ഷം കോടി രൂപ ഓഹരി നിക്ഷേപത്തില്‍ നിന്നും പിന്‍വലിക്കപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 39,993 കോടി രൂപയാണ് കഴിഞ്ഞ മാസം ഓഹരി നിക്ഷേപത്തില്‍ നിന്നും വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇത് രാജ്യത്തെ ഓഹരി വിപണിയ്ക്കും തിരിച്ചടി സൃഷ്ടിച്ചിരിക്കുകയാണ്. ഒക്ടോബര്‍ 2021 മുതല്‍ മെയ് മാസം വരെ കഴിഞ്ഞ 8 മാസം കൊണ്ട് 2.07 ലക്ഷം കോടി രൂപ നിക്ഷേപങ്ങളില്‍ നിന്നും പിന്‍വലിക്കപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്.
റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള യുദ്ധത്തെത്തുടര്‍ന്ന് വിതരണ ശൃംഖലയിലെ തടസ്സം മൂലമുണ്ടായ പണപ്പെരുപ്പത്തിനെതിരെ പോരാടാന്‍ യുഎസ് ഫെഡ് ഈ വര്‍ഷം രണ്ടുതവണ നിരക്കുകള്‍ വര്‍ധിപ്പിച്ചിരുന്നു. “യുഎസ് ഡോളറും, ബോണ്ടുകളും സ്ഥിരത കൈവരിച്ചാല്‍ ഈ വില്‍പ്പനയ്ക്ക് ശമനമുണ്ടാവും. ഒരു പക്ഷെ അവര്‍ വാങ്ങലുകാരായി മാറിയേക്കാം,” ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ പറയുന്നു.
വില്‍പ്പന ദുര്‍ബലമാകുന്ന കാഴ്ച്ചയാണ് ഇപ്പോഴുള്ളത്. ജൂണ്‍ മാസത്തിലെ വില്‍പ്പന വളരെ ചെറിയ അളവിലായിരുന്നു, വിജയകുമാര്‍ കൂട്ടിച്ചേര്‍ത്തു. യുദ്ധം അയവില്ലാതെ തുടരുന്നത് ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് മേലുള്ള ആഘാതവും രൂക്ഷമാക്കുകയാണ്. ഇതിനോടകം ക്രൂഡ് ഓയിലടക്കം പലതിന്റേയും വില റോക്കറ്റ് കണക്കാണ് കുതിച്ചുയരുന്നത്. കോവിഡ് മഹാമാരിയില്‍ നിന്നും കരകയറുമ്പോള്‍, സമ്പദ് വ്യവസ്ഥ ശക്തമാകുമെന്ന മോഹങ്ങളാണ് ഇപ്പോള്‍ ആശങ്കയുടെ മുള്‍മുനയില്‍ നില്‍ക്കുന്നത്. കഴിഞ്ഞ ഇരുപത് വര്‍ഷത്തെ ഏറ്റവും വലിയ വിലക്കയറ്റമാണ് തുര്‍ക്കി ഇപ്പോള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ വാര്‍ഷിക പണപ്പെരുപ്പം 61.14 ശതമാനത്തിലെത്തി നില്‍ക്കുകയാണ്. സ്റ്റാറ്റിസ്റ്റിക് ഏജന്‍സിയുടെ കണക്കുകള്‍ പ്രകാരം, ജീവിത ചെലവ് പ്രതിസന്ധി രൂക്ഷമാക്കിക്കൊണ്ട് ഉപഭോക്തൃ വിലകളിലാണ് ഈ വര്‍ധന.