NEWSWorld

റഷ്യ-യുക്രെയ്ന്‍ യുദ്ധം ലോക ജനതയുടെ കീശകീറി; ഇത് തുടര്‍ന്നാല്‍ ഇന്ത്യയില്‍ വിലക്കയറ്റം, ആഗോളതലത്തില്‍ ഭക്ഷ്യക്ഷാമം ?

യുക്രെയ്നിൽ ഫെബ്രുവരി 24ന് റഷ്യ പൊട്ടിച്ച വെടി ലോകജനതയുടെ കീശയിൽ വലിയൊരു ദ്വാരമാണ് ഉണ്ടാക്കിയത്! യുദ്ധം ആരംഭിച്ചിട്ട് നൂറിലേറെ ദിവസം പിന്നിട്ട്, ആളുകളുടെ ‘കീശ കീറി’യിരിക്കുന്ന അവസ്ഥയിൽ ഈ പ്രയോഗത്തിന് തെല്ലും അതിശയോക്തിയില്ല. ലോകമെമ്പാടും അവശ്യസാധനങ്ങളുടെ വില കുത്തനെ കുതിച്ചുയരുന്നു. ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റം ആഗോള ഭക്ഷ്യ പ്രതിസന്ധിക്ക് കാരണമായേക്കുമെന്ന് ഐക്യരാഷ്ട്ര സംഘടന തന്നെ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.

ആഗോളതലത്തിൽ ഏറ്റവുമധികം വിൽക്കുന്ന ഭക്ഷ്യവസ്തുക്കളുടെ വില അളക്കുന്ന യുഎൻ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷന്റെ (എഫ്എഒ) ഭക്ഷ്യവില സൂചിക, മാർച്ചിൽ റെക്കോർഡിലെത്തിയതിന് ശേഷം തുടർച്ചയായി രണ്ടു മാസവും ഇടിഞ്ഞിരുന്നു. ഇടിവുണ്ടായിട്ടും, മേയ് സൂചിക 2021ലെ അപേക്ഷിച്ച് 22.8 ശതമാനം ഉയർന്നത് ആശങ്ക വർധിപ്പിക്കുകയാണ്.

നിലവിൽ ഭക്ഷണത്തിനു ക്ഷാമമില്ലെങ്കിലും പ്രതിസന്ധിയുണ്ടായേക്കുമെന്നാണ് എഫ്‌എഒയുടെ പ്രധാന വിശകലന വിദഗ്ധൻ ലൂക്കാ റൂസോ പറയുന്നത്. ഇന്ത്യ ഉൾപ്പെടെയുള്ള വികസ്വര രാജ്യങ്ങളിലാകും ഇത് ഏറ്റവുമധികം പ്രതിഫലിക്കുന്നതെന്നും 2023 വളരെ അപകടകരമായ ഒരു വർഷമായിരിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

‘യുക്രെയ്ൻ–റഷ്യ യുദ്ധമാണ് സ്ഥിതി വഷളാക്കിയത്. ഇപ്പോൾ ഭക്ഷ്യക്ഷാമമില്ലെങ്കിലും വില കുതിച്ചുയരുകയാണ്. ഇന്ധനത്തിന്റെ ഉൾപ്പെടെ വില വർധിച്ചതാണ് ഒരു കാരണം. യുക്രെയ്ൻ യുദ്ധത്തിന്റെ ഫലമായി, കഴിഞ്ഞ മാസം 19 രാജ്യങ്ങൾ ഭക്ഷ്യ കയറ്റുമതിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇതെല്ലാം വിലക്കയറ്റത്തിന് കാരണമാകുന്നു.

യുക്രെയ്ൻ പ്രതിസന്ധിക്ക് മുൻപുതന്നെ അഫ്ഗാനിസ്ഥാൻ, യെമൻ, ദക്ഷിണ സുഡാൻ, വടക്കുകിഴക്കൻ നൈജീരിയ, സൊമാലിയ എന്നിവിടങ്ങളിലെ സാഹചര്യം നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം അവരെ വിനാശകരമായി ബാധിക്കും.’– ലൂക്കാ റൂസോ പറഞ്ഞു.

യുദ്ധം അടുത്തവർഷത്തേയ്ക്കു കൂടി നീണ്ടാൽ, 2023 അപകടകരമായ ഒരു വർഷമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുക്രെയ്നിൽനിന്നും റഷ്യയിൽനിന്നും സാധനങ്ങൾ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ വൻ പ്രതിസന്ധിയുണ്ടാകും. ഗോതമ്പും ചോളവും പ്രധാനഭക്ഷണമായ രാജ്യങ്ങളും പ്രതിസന്ധിയിലാകും. വടക്കേ ആഫ്രിക്കയും മിഡിൽ ഈസ്റ്റും നിർണായക മേഖലകളാണെന്നും ലൂക്കാ റൂസോ വ്യക്തമാക്കി.

ഒമിക്രോൺ തരംഗത്തിനുശേഷം ചുവടുറപ്പിക്കാൻ പാടുപ്പെട്ട ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്കു മേലേയുള്ള ‘ബോംബ്’ ആയിരുന്നു യുക്രെയ്‌ൻ യുദ്ധം. ബസുമതി മുതൽ ബിസ്‌ക്കറ്റ് വരെ, വിമാന ടിക്കറ്റുകൾ മുതൽ വസ്ത്രങ്ങൾ വരെ വിലക്കയറ്റത്തിൽ മുങ്ങി. ഇതിനിടെ, ഇന്ധനവിലയിൽ 10 രൂപയോളം കുറവ് വന്നെങ്കിലും ശരാശരി ഇന്ത്യക്കാരന്റെ പോക്കറ്റ് ചോരുന്നത് തടയാനായിട്ടില്ല.

യുദ്ധത്തിന്റെ തുടക്കം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ശുഭസൂചന നൽകുന്നതായിരുന്നെങ്കിലും ഇപ്പോൾ അതല്ല സ്ഥിതി. യുദ്ധത്തിനു മുൻപു കുറച്ച് മാസങ്ങളായി ഇന്ത്യയുടെ കയറ്റുമതി വർധിച്ചുകൊണ്ടിരിക്കുകയായിരുന്നു. യുദ്ധം ആരംഭിച്ച ദിവസം ഡോളറിനെതിരെ രൂപയുടെ മൂല്യം 74.6 ആയിരുന്നെങ്കിൽ ഇപ്പോഴത് 77.5 രൂപയായി കുറഞ്ഞു. പാശ്ചാത്യ രാജ്യങ്ങളുടെ അനുമതിയോടെ, റഷ്യ വൻ വിലക്കിഴിവിൽ എണ്ണ വാഗ്ദാനം ചെയ്തെങ്കിലും അതു യാഥാർഥ്യമായില്ല.

ചില സ്വകാര്യ ചില്ലറവ്യാപാരികൾ മാത്രമാണ് റഷ്യയിൽനിന്ന് എണ്ണ ഇറക്കുമതി ചെയ്തത്. ഗോതമ്പ്, പഞ്ചസാര കയറ്റുമതിയിലും വൻ തിരിച്ചടിയാണ് ഇന്ത്യ നേരിട്ടത്. ചൂടേറിയ വേനൽക്കാലം മൂലം പ്രാദേശിക വിളകളുടെ വിളവ് കുറഞ്ഞതും ആഭ്യന്തര വിതരണത്തിനുള്ള ഉൽപ്പന്നങ്ങളും കയറ്റുമതി ചെയ്യാൻ ആരംഭിച്ചതോടെ കയറ്റുമതി നിരോധനത്തിന് ഉത്തരവിടാൻ സർക്കാർ നിർബന്ധിതരായതുമാണ് തിരിച്ചടിക്കു കാരണം.

കാറുകൾക്കും ബൈക്കുകൾക്കും തുടങ്ങി തീപ്പെട്ടിക്കു വരെ വില കൂടാനാണു യുദ്ധം വഴിയൊരുക്കിയത്. ദരിദ്ര, മധ്യവർഗ കുടുംബങ്ങളെ വിലക്കയറ്റം വലിയ രീതിയിൽ ബാധിച്ചു. അവർ ഉപഭോഗം വെട്ടിക്കുറയ്ക്കുന്നത് വർധിച്ചാൽ വലിയ സാമ്പത്തിക മാന്ദ്യമായിരിക്കും ഇന്ത്യ നേരിടേണ്ടി വരുകയെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

Back to top button
error: