വാട്സ്ആപ്പിലെ സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യാൻ അനുവദിക്കുന്ന സംവിധാനം യൂസർമാർക്കെല്ലാം ഏറെ സൗകര്യപ്രദമാണ്. അതിൽ തന്നെ, സ്വീകർത്താവിന്റെ ഫോണിൽ നിന്ന് പോലും സന്ദേശം നീക്കം ചെയ്യാനാൻ കഴിയുന്ന ‘ഡിലീറ്റ് ഫോർ എവരിവൺ’ എന്ന സംവിധാനമാകട്ടെ വളരെ ഗുണകരമാണ്. അപ്രധാനവും അനുചിതവുമായ ചില ചിത്രങ്ങളും സന്ദേശങ്ങളും വേരോടെ നീക്കം ചെയ്യാം എന്നാണ് ഇതിൻ്റെ പ്രയോജനം.
അതേസമയം, ഒരാൾ മറ്റൊരാൾക്ക് അയച്ച സന്ദേശമോ, ചിത്രമോ അബദ്ധത്തിൽ ‘ഡിലീറ്റ് ഫോർ മി’ എന്ന ഓപ്ഷൻ ഉപയോഗിച്ച് നീക്കം ചെയ്താൽ എന്ത് ചെയ്യും…? സ്വീകർത്താവിന്റെ ഫോണിൽ നിന്ന് അത് അപ്രത്യക്ഷമാകില്ല. സന്ദേശം തിരിച്ചെടുത്ത്, ‘ഡിലീറ്റ് ഫോർ എവരിവൺ’ എന്ന ഓപ്ഷൻ തെരഞ്ഞെടുക്കാനും ഒരു വഴിയില്ല. എന്നാൽ, ഞെട്ടാൻ തയ്യാറായിക്കോളൂ, ഇതാ വാട്സ്ആപ്പ് ഒടുവിൽ അതിനും ഒരു പോംവഴിയുമായി എത്തുകയാണ്.
പ്രമുഖ വാട്സ്ആപ്പ് ട്രാക്കറായ WABetaInfo പുതിയ ‘അൺഡു ഓപ്ഷൻ’ ആപ്പിലേക്ക് എത്തുന്ന കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അറിയാതെ ഡിലീറ്റ് ചെയ്തുപോയ സന്ദേശം ഈ ഫീച്ചർ ഉപയോഗിച്ച് തിരിച്ചെടുക്കാം.
വാട്സ്ആപ്പിൽ, ഒരു സന്ദേശം ‘ഡിലീറ്റ് ഫോർ മി’ എന്ന രീതിയിൽ നീക്കം ചെയ്താൽ, കുറച്ച് സെക്കൻഡുകൾക്കുള്ളിൽ അത് തിരിച്ചെടുക്കാവുന്നതാണ്. സ്‌ക്രീനിന്റെ അടിയിൽ അതിനായുള്ള ‘അൺഡു’ ഓപ്ഷൻ ദൃശ്യമാകുമെന്ന് WABetaInfo പങ്കിട്ട സ്‌ക്രീൻഷോട്ട് സൂചിപ്പിക്കുന്നു, അതിൽ ടാപ്പുചെയ്യുന്നതിലൂടെ സന്ദേശം പുനഃസ്ഥാപിക്കപ്പെടും.
ജിമെയിൽ ആപ്പിൽ നിലവിൽ ഉള്ള ‘അൺഡു’ ഓപ്ഷന് സമാനമാണിത്. ഇതുപയോഗിച്ച്, നമുക്ക് ഒന്നുകിൽ സന്ദേശം സൂക്ഷിക്കാം അല്ലെങ്കിൽ സ്വീകർത്താവിന്റെ ഫോണിൽ നിന്നടക്കം സന്ദേശം ഇല്ലാതാക്കാനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കാം.
അതേസമയം, എല്ലാതരം ഡിലീറ്റഡ് മെസ്സേജുകളും ഈ സംവിധാനം വഴി തിരിച്ചെടുക്കാൻ കഴിയുമോ എന്ന കാര്യത്തിൽ ഇപ്പോൾ വ്യക്തതയില്ല. നിലവിൽ പരീക്ഷണ ഘട്ടത്തിലുള്ള ഈ ഫീച്ചർ വൈകാതെ യൂസർമാരിലേക്ക് എത്തും. അയച്ചുകഴിഞ്ഞ സന്ദേശത്തിൽ തിരുത്ത് വരുത്താൻ അനുവദിക്കുന്ന ഫീച്ചറിലും വാട്സ്ആപ്പ് പരീക്ഷണം നടത്തുന്നുണ്ട്.