KeralaNEWS

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് പിന്നാലെ ഡൊമിനിക് പ്രസൻ്റേഷനെതിരെ കോണ്‍ഗ്രസിൽ പടയൊരുക്കം

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് പിന്നാലെ മുതിര്‍ന്ന നേതാവ് ഡൊമിനിക് പ്രസൻ്റേഷനെതിരെ പരാതിയുമായി കെപിസിസി ജനറൽ സെക്രട്ടറി രംഗത്ത്. ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനെതിരായാണ് എറണാകുളം ജില്ലയിലെ യുഡിഎഫ് ചെയര്‍മാനായ ഡൊമിനിക് പ്രസൻ്റേഷൻ പ്രവര്‍ത്തിച്ചതെന്ന് കെപിസിസി ജനറൽ സെക്രട്ടറി അബ്ദുൾ ലത്തീഫ് ആരോപിച്ചു.

ഉത്തരവാദിത്തപ്പെട്ട പദവിയിലിരുന്ന് പാര്‍ട്ടിക്കും മുന്നണിക്കുമെതിരായി പ്രവര്‍ത്തിച്ച ഡൊമിനിക് പ്രസൻ്റേഷൻ യുഡിഎഫ് ചെയര്‍മാൻ സ്ഥാനം രാജിവയ്ക്കണം. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാര്‍ത്ഥിയാവാൻ ഡൊമിനിക് പ്രസൻ്റേഷന് താത്പര്യമുണ്ടായിരുന്നു. എന്നാൽ സ്ഥാനാര്‍ത്ഥിത്വം കിട്ടാതെ വന്നതോടെ അസൂയയോടെയാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. സ്ഥാനാര്‍ത്ഥിത്വം നഷ്ടമായതിൻ്റെ എല്ലാ അസ്വസ്ഥതകളും ഡൊമിനിക് പ്രസൻ്റേഷനുണ്ടായിരുന്നുവെന്നും സ്വാര്‍ത്ഥ താത്പര്യത്തോടെയാണ് അദ്ദേഹം പ്രവര്‍ത്തിച്ചതെന്നും അബ്ദുൾ ലത്തീഫ് ആരോപിച്ചു.

ഉമാ തോമസിനായി കോണ്‍ഗ്രസിൻ്റെ മുഴുവൻ പ്രവര്‍ത്തകരും നേതാക്കളും സജീവമായി രംഗത്ത് ഇറങ്ങിയിരുന്നു. ഉമ്മൻ ചാണ്ടിയടക്കമുള്ള നേതാക്കൾ ഉമയ്ക്ക് വേണ്ടി വോട്ടുകൾ തേടി ഫ്ലാറ്റുകളും വീടുകയും കയറിയിറങ്ങി. കോണ്‍ഗ്രസിൻ്റെ മുഴുവൻ പ്രവര്‍ത്തകരും നേതാക്കളും ഒറ്റമനസ്സോടെ പ്രവര്‍ത്തിക്കുമ്പോൾ ആണ് ആത്മവീര്യം തളര്‍ത്തുന്ന തരത്തിൽ ഡൊമിനിക് പ്രസൻ്റേഷൻ പ്രസ്താവനകളിറക്കിയത്. മണ്ഡലത്തിൽ സഹതാപതരംഗം ഇല്ലെന്നടക്കം പല മോശം പ്രസ്താവനകളും അദ്ദേഹത്തിൽ നിന്നുമുണ്ടായി. തൃക്കാക്കരയിൽ അദ്ദേഹം സ്ഥാനാര്‍ത്ഥിത്വം ആഗ്രഹിച്ചിരുന്നു. ഇക്കാര്യം തങ്ങളോടെല്ലാം തുറന്നു പറയുകയും ചെയ്തിരുന്നു.

ഡൊമനിക് പ്രസൻ്റേഷനെ ജില്ലാ യു ഡി എഫ് ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റി നിർത്തണമെന്ന് ആവശ്യപ്പെട്ട് കെ പി സി സി പ്രസിഡൻ്റിന് കത്ത് നൽകിയെന്നും അബ്ദുൾ മുത്തലിബ് വ്യക്തമാക്കി. മുത്തലിബിൻ്റെ ആരോപണത്തോട് പിന്നീട് പ്രതികരിക്കുമെന്ന് ഡൊമിനിക് പ്രസൻ്റേഷൻ വ്യക്തമാക്കി.

Back to top button
error: