KeralaNEWS

ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡൻ്റ പ്രയാര്‍ ഗോപാലകൃഷ്ണൻ അന്തരിച്ചു

കൊല്ലം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രയാര്‍ ഗോപാലകൃഷ്ണൻ അന്തരിച്ചു. 72 വയസ്സായിരുന്നു. തിരുവനന്തപുരം വട്ടപ്പാറ എസ് യു ടി ആശുപത്രിയിലായിരുന്നു മരണം. തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ വട്ടപ്പാറയിൽ വച്ച് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യമുണ്ടായി. തുടര്‍ന്ന് അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം.

ചടയമംഗലം മുൻ എം എൽ എയും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും ആയിരുന്നു പ്രയാര്‍. മിൽമയുടെ മുൻ ചെയര്‍മാനായും പ്രവര്‍ത്തിച്ചിരുന്നു. 2001-ൽ ചടയമംഗലത്ത് നിന്നും ജയിച്ച് എംഎൽഎയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് കൊല്ലം ജില്ലാ പ്രസിഡൻ്റും കെ.എസ്.യുവിൻ്റെ മുൻ സംസ്ഥാന അധ്യക്ഷനുമായിരുന്നു.

സഹകരണസ്ഥാപനമായ മിൽമയുടെ ചെയര്‍മാനായി ദീര്‍ഘകാലം ഗോപാലകൃഷ്ണൻ പ്രവര്‍ത്തിച്ചു. മറ്റെല്ലാ സഹകരണസ്ഥാപനങ്ങളിലും സിപിഎം ആധിപത്യം സ്ഥാപിച്ചിട്ടും പ്രയാറിൻ്റെ പിന്തുണയോടെ മിൽമ കോണ്‍ഗ്രസിനൊപ്പം നിന്നു. പിന്നീട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷനായ പ്രയാര്‍ യുവതീപ്രവേശനത്തെ എതിര്‍ത്തു കൊണ്ട് കര്‍ശന നിലപാടാണ് എടുത്തത്. മുഖ്യമന്ത്രി പിണറായിയുമായി നേരിട്ട് ഏറ്റുമുട്ടിയ പ്രയാറിനെ എൽഡിഎഫ് സര്‍ക്കാര്‍ ഓര്‍ഡിനൻസിലൂടെ ദേവസ്വം ബോര്‍ഡ് അധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കി.

എന്നാൽ .യുവതീപ്രവേശന വിഷയത്തിൽ സംസ്ഥാന സര്‍ക്കാരിനെതിരെ അദ്ദേഹം സുപ്രീംകോടതി വരെ നിയമപോരാട്ടം നടത്തി. കോണ്‍ഗ്രസ് നേതൃത്വം അദ്ദേഹത്തെ വേണ്ടവിധം പരിഗണിച്ചില്ലെങ്കിലും ഒരിക്കൽ പോലും അദ്ദേഹം പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചില്ല. ശബരിമല വിവാദത്തോടെ വാര്‍ത്തകളിൽ നിറഞ്ഞ പ്രയാറിനെ മറുകണ്ടം ചാടിക്കാൻ ബിജെപി ശ്രമിക്കുകയും അദ്ദേഹത്തിന് ലോക്സഭാ സീറ്റ് വരെ വാഗ്ദാനം ചെയ്യുകയും ചെയ്തതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാൽ സ്വന്തം പാര്‍ട്ടിയിൽ നിന്നും വേണ്ട പരിഗണന കിട്ടാഞ്ഞിട്ടും ബിജെപിയുടെ ക്ഷണം അദ്ദേഹം തള്ളി. ജീവനുള്ള കാലം വരെ കോണ്‍ഗ്രസുകാരനായി തുടരും എന്നായിരുന്നു ഇതേക്കുറിച്ചുള്ള ചോദ്യങ്ങളോടുള്ള അദ്ദേഹത്തിൻ്റെ പ്രതികരണം. ആ വാക്ക് പാലിച്ചു കൊണ്ടാണ് ഒടുവിൽ പ്രയാര്‍ വിട പറയുന്നതും.

Back to top button
error: