KeralaNEWS

തൃക്കാക്കരയിൽ മദമിളകിയ കൊമ്പനെ പിടിച്ചുകെട്ടിയോ യു.ഡി.എഫ്…? സ്വന്തം തട്ടകം കൈവിട്ടു പോയില്ല എന്നതിനപ്പുറം കോണ്‍ഗ്രസിന് അഭിമാനമോ സി.പി.എമ്മിന് അപമാനമോ നൽകിയോ തൃക്കാക്കര വിജയം

രാഷ്ട്രീയ ലേഖകൻ

കൊച്ചി: പിടി തോമസിൻ്റെ ഭൂരിപക്ഷം മറികടന്ന് ഉജ്വല വിജയമാണ് തൃക്കാക്കരയിൽ ഉമ നേടിയത്.
പക്ഷേ ചില മാധ്യമങ്ങളുടെയും ഇടതു വിരുദ്ധരുടെയും വീമ്പു പറച്ചിൽ കേട്ടാൽ തോന്നുക തൃക്കാക്കരയിൽ യു.ഡി.എഫ് മദമിളകിയ കൊമ്പനെ പിടിച്ചുകെട്ടി എന്നാണ്. മണ്ഡലം നിലവില്‍ വന്ന ശേഷം ഇന്നോളം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ഉരുക്കുകോട്ട പോലെ കോൺഗ്രസിനൊപ്പം നിന്ന മണ്ഡലമാണ് തൃക്കാക്കര. 2011ൽ മണ്ഡല രൂപീകരണത്തിനു ശേഷം ഇന്നോളം തൃക്കാക്കരയിൽ യുഡിഎഫ് തോറ്റിട്ടില്ല. നല്ല ഭൂരിപക്ഷത്തോടെ തന്നെ വിജയങ്ങൾ ആവർത്തിച്ചു. മണ്ഡല പുനർനിർണയ സമയത്ത് തൃക്കാക്കര രൂപീകരിക്കപ്പെട്ടതു തന്നെ യു.ഡി.എഫിന് മേൽക്കൈയുള്ള സ്ഥലങ്ങൾ ചേർത്തുകൊണ്ടാണ്.
ബെന്നി ബെഹന്നാനും പി.ടി തോമസും പലവട്ടം വിജയക്കൊടി പാറിച്ച മണ്ഡലം. എല്ലാ തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിനൊപ്പമെന്ന് തെളിയിച്ച ഈ മണ്ഡലം നിലവില്‍ വന്ന ശേഷം നടന്ന 2011 ലെ ആദ്യ തെരഞ്ഞെടുപ്പില്‍ 22,406 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസിലെ ബെന്നി ബെഹന്നാന്‍ തൃക്കാക്കരയില്‍ വിജയിച്ചു കയറിയത്. പിന്നീട് 2014ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും യു.ഡി.എഫിനെ തന്നെ തൃക്കാക്കര തുണച്ചു. 17000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷമാണ് തൃക്കാക്കരയില്‍ നിന്ന് ലോക്‌സഭയിലേക്ക് കെ.വി തോമസിനു ലഭിച്ചത്.

2016ല്‍ പി .ടി തോമസ് അങ്കം കുറിച്ച് തുടങ്ങിയ തൃക്കാക്കര തെരഞ്ഞെടുപ്പില്‍ 11,996 വോട്ടുകളുടെ ഭൂരിപക്ഷമാണ് പി.ടിക്ക് ഇവിടെ നേടാനായത്. സിറ്റിംഗ് എംഎല്‍എയ്ക്ക് പകരം കോണ്‍ഗ്രസ് കളത്തിലിറക്കിയ പി.ടിക്ക് പക്ഷേ ഭൂരിപക്ഷം കുറഞ്ഞു.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും മണ്ഡലം കോണ്‍ഗ്രസിനൊപ്പം. ഹൈബി ഈഡന് വിജയം. 2021ലും കോണ്‍ഗ്രസിനെ കൈവിടാത്ത ഉരുക്കുകോട്ടയായി അങ്ങനെ തൃക്കാക്കര മാറി. മണ്ഡലരൂപീകരണം കഴിഞ്ഞുള്ള തെരഞ്ഞെടുപ്പ് മുതല്‍ 2021 വരെ കോണ്‍ഗ്രസിനെ സംരക്ഷിച്ചു നിര്‍ത്തി, അടിയുറച്ച കോണ്‍ഗ്രസ് മണ്ഡലമായി തൃക്കാക്കര രൂപാന്തരം പ്രാപിച്ചു.

2021ല്‍ ഡോ.ജെ ജേക്കബിനെ നിര്‍ത്തിയ എല്‍ഡിഎഫിന് പരാജയം സമ്മാനിച്ച് ഭൂരിപക്ഷമുയര്‍ത്തിക്കൊണ്ട് പി.ടി തോമസിന്റെ ജയം. 11,996ത്തില്‍ നിന്ന് പി.ടിയുടെ ഭൂരിപക്ഷം 14,329ലേക്ക് കയറി.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്തുനടന്ന ഉപതിരഞ്ഞെടുപ്പുകളിൽ യുഡിഎഫിന്റെ കുത്തക മണ്ഡലങ്ങളായ വട്ടിയൂർക്കാവ്, കോന്നി, പാല എന്നിവ പിടിച്ചെടുക്കാനായത് എൽ.ഡി.എഫിന്റെ ആത്മവിശ്വാസം വരദ്ധിപ്പിച്ചിട്ടുണ്ടാവാം. കെ.എം മാണിയുടെ മരണത്തിന് ശേഷം പാലായിൽ ഉണ്ടാകാതിരുന്ന സഹതാപതരംഗം തൃക്കാക്കരയിൽ ഉണ്ടാകില്ലെന്ന എൽ.ഡി.എഫ് കണക്കുകൂട്ടൽ തെറ്റി.പി.ടിയുടെ വിധവ എന്ന പരിഗണനയും സഹജമായ വിനയവും ഉത്സാഹവും ഇരുത്തം വന്ന പ്രതികരണങ്ങളും മൂലം ജനങളുടെ സ്നേഹാദരവ് പെട്ടെന്നു പിടിച്ചു പറ്റി ഉമ. വളരെ പെട്ടെന് തൃക്കാക്കരക്കാർക്ക് ഉമ ഒരു വികാരമായി മാറി.

തൃക്കാക്കരയിൽ കൂടി തോറ്റിരുന്നെങ്കിൽ യുഡിഎഫിന്റെ മേൽവിലാസം നഷ്ടപ്പെടുമായിരുന്നു. ശക്തമായ ഭരണപക്ഷത്തിനൊപ്പം പ്രബലമായ പ്രതിപക്ഷം കൂടി ഉണ്ടാവണമെന്ന് ജനാധിപത്യ കേരളം ആഗ്രഹിക്കുന്നുണ്ട്.

Back to top button
error: