KeralaNEWS

ഭരണകൂടം പൊട്ടൻ കളിക്കരുത്; അഞ്ച് വർഷമായി എന്താ നടക്കുന്നത്? ‘അതിജീവിത’ വിഷയത്തിൽ സർക്കാരിനെതിരെ സാറാ ജോസഫ്

തൃശ്ശൂർ: ‘അതിജീവിത’ വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി എഴുത്തുകാരി സാറാ ജോസഫ്. അഞ്ച് വർഷമായി ഇവിടെയെന്താ നടക്കുന്നത് എന്ന് ചോദിച്ച സാറാ ജോസഫ്, ഭരണകൂടം പൊട്ടൻകളിക്കരുത് എന്നും അഭിപ്രായപ്പെട്ടു. സുരക്ഷയില്ലാത്ത സംസ്ഥാനത്ത് ജീവിക്കുന്നത് ഗതികേടാണെന്നും അവർ പറഞ്ഞു.

എല്ലാവരും ഒത്തുകളിക്കുമ്പോൾ ഒരു പെൺകുട്ടി ഒറ്റയ്ക്കാണ്. സുപ്രീം കോടതി വരെ മുഖ്യമന്ത്രി അതിജീവിതയുടെ കൂടെയുണ്ടാവണം, ഉണ്ടായേ പറ്റൂ എന്നും സാറാ ജോസഫ് പറഞ്ഞു. തൃശൂർ സാഹിത്യ അക്കാദമിയിൽ സാസ്കാരിക കേരളം അതിജീവിതയ്ക്കൊപ്പം ഐക്യദാർഢ്യപരിപാടിയിൽ സംസാരിക്കുകയായിരുന്നു സാറാ ജോസഫ്.

അതേസമയം, നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് കൂടുതൽ സമയം വേണമെന്ന ക്രൈംബ്രാഞ്ച് ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി. ആവശ്യം നിയമപരമാണെന്ന് ഡിജിപി കോടതിയില്‍ പറഞ്ഞു. എന്നാല്‍, തുടരന്വേഷണത്തിന് ഒരു ദിവസം പോലും കൂടുതൽ സമയം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട ദിലീപ്, ജുഡീഷ്യറിയെ അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ആരോപിച്ചു. ദൃശ്യങ്ങൾ ചോരുമോയെന്ന് ഭയമുണ്ടെന്ന് അതിജീവിത കോടതിയെ അറിയിച്ചു. അതിനിടെ, കേസ് പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിൻമാറണമെന്ന ആവശ്യം കോടതി തളളി.

കേസിൽ തുടരന്വേഷണത്തിന് കൂടുതൽ സമയം വേണമെന്ന് ആവർത്തിക്കുകയാണ് അന്വേഷണ സംഘം. ഫോണുകളിൽ നിന്ന് ഡാറ്റ വീണ്ടെടുക്കേണ്ടതുണ്ടെന്ന് ഡിജിപി കോടതിയെ അറിയിച്ചു. ആയിരക്കണക്കിന് ഫോട്ടോകളും, ശബ്ദരേഖകളുമുണ്ട്. അതിനാൽ കൂടുതൽ സമയം വേണം. അന്വേഷണം എങ്ങനെ മുന്നോട്ട് കൊണ്ട് പോകണമെന്നത് അന്വേഷണ ഉദ്യോഗസ്ഥരുടെ വിവേചന അധികാരമാണെന്നു൦ ഡിജിപി ഹൈക്കോടതിയിൽ പറഞ്ഞു. അന്വേഷണം ഇത്രയും വേ​ഗം പൂർത്തികരിക്കേണ്ടത് തങ്ങളുടെ ആവശ്യം ആണെന്നും ഡിജിപി കോടതിയെ അറിയിച്ചു. നിയമപരമായി ആണ് കോടതിയെ സമീപിച്ചതും സമയം കൂട്ടി ചോദിക്കുന്നതുമെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു.

ജുഡീഷ്യൽ ഓഫീസേഴ്സിനെ മോശമാക്കാനുള്ള ശ്രമങ്ങൾ പല രീതിയിൽ ഉണ്ടാകുന്നുവെന്നും ഒരു ദിവസം പോലും തുടരന്വേഷണത്തിന് കൂടുതൽ സമയം അനുവദിക്കരുതെന്നും ദിലീപ് ഹൈക്കോടതിയിൽ പറഞ്ഞു. വിചാരണ ജഡ്ജി ക്കെതിരായ പ്രോസിക്യൂഷൻ നിലപാടും,ജസ്റ്റിസ് കൌസ൪ എടപ്പകത്തിനെതിരെയായ നടിയുടെ നിലപാടും സൂചിപ്പിച്ചാണ് ദിലീപിന്റെ ആരോപണ൦. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ അഭിഭാഷക൪ കണ്ടത് കോടതിയിൽ വെച്ചാണ്. ദൃശ്യങ്ങൾ തന്റെ കൈയിലുണ്ടെന്ന് വ്യാപകമായ പ്രചാരണ൦ നടക്കുന്നുവെന്നു൦ ദിലീപ് കോടതിയിൽ പറഞ്ഞു.

Back to top button
error: