മൂന്നാർ: സ്കൂൾ വനിതാ കൗൺസലർ ഷീബാ ഏയ്ഞ്ചൽ റാണി ആത്മഹത്യചെയ്ത സംഭവത്തിൽ സസ്പെൻഷനിലായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു. ശാന്തൻപാറ സ്റ്റേഷനിലെ സി.പി.ഒ. ആയിരുന്ന കൊന്നത്തടി സ്വദേശി ശ്യാംകുമാർ(32)നെയാണ് പിരിച്ചുവിട്ടത്. ഇയാൾ വിവാഹ വാഗ്ദാനം നൽകി കബളിപ്പിച്ചതിന്റെ മനോവിഷമത്തിലാണ് കൗൺസലർ ആത്മഹത്യചെയ്തതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ജില്ലാ പോലീസ് മേധാവി ആർ. കറുപ്പസ്വാമിയാണ് ഇയാളെ പിരിച്ചുവിട്ടുകൊണ്ട് ഉത്തരവിട്ടത്. നല്ലതണ്ണി റോഡിൽ താമസിച്ചിരുന്ന ഷീബാ ഏയ്ഞ്ചൽ റാണി(സ്വപ്ന-27)യെ ജനുവരി ഒന്നിനാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മൂന്നാർ സ്റ്റേഷനിൽ മുൻപ് ജോലി ചെയ്തിരുന്ന ശ്യാംകുമാർ യുവതിയുമായി വർഷങ്ങളായി പ്രണയത്തിലായിരുന്നു.വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമാണ് ഇയാൾ. ഭാര്യയുമായി പിരിഞ്ഞുതാമസിക്കുകയാണെന്നും വിവാഹമോചനം ലഭിച്ചാലുടൻ വിവാഹം ചെയ്യാമെന്നും യുവതിക്ക് വാഗ്ദാനം നൽകിയിരുന്നു.ഇരുവരും ഏറെനാൾ ഒരുമിച്ച് താമസിക്കുകയും ചെയ്തു.എന്നാൽ, ശ്യാംകുമാർ ഇക്കാലയളവിലും ഭാര്യയ്ക്കൊപ്പവും ജീവിക്കുകയായിരുന്നുവെന്ന് യുവതിക്ക് പിന്നീട് മനസ്സിലായി. വഞ്ചിക്കപ്പെട്ടതിന്റെ മനോവിഷമത്തിൽ ആത്മഹത്യ കുറിപ്പ് എഴുതി വച്ച് യുവതി ജീവനൊടുക്കുകയായിരുന്നു.