കൊൽക്കത്ത: നഗരത്തിൽ മറ്റൊരു മോഡലിനെ കൂടി മരിച്ച നിലയിൽ കണ്ടെത്തി. സരസ്വതി ദാസിനെ(18)യാണ് ഇന്നലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
മെയ്ക്കപ്പ് ആർട്ടിസ്റ്റ് കൂടിയായ സരസ്വതി, കസ്ബ ബേഡിയാഡങ്കയിലെ വസതിയിലെ മുറിയിൽ രാത്രി തൂങ്ങി മരിക്കുകയായിരുന്നു.
കൊൽക്കത്തയിൽ രണ്ടാഴ്ചയ്ക്കിടെ ആത്മഹത്യ ചെയ്യുന്ന നാലാമത്തെ മോഡലാണ് സരസ്വതി. മുൻപ് മരണപ്പെട്ട മഞ്ജുഷ നിയോഗി, ബിദിഷ ഡെ മജുംദാർ, പല്ലവി ഡേ എന്നീ മോഡലുകളുടെ മരണവുമായി സരസ്വതിയുടെ മരണത്തിന് ബന്ധമുണ്ടോയെന്ന് പൊലീസ് പരിശോധിക്കുകയാണ്.
ബംഗാളി ടെലിവിഷൻ താരം പല്ലവി ഡേ കിടപ്പുമുറിയിൽ ഫാനിൽ തൂങ്ങി മരിച്ചതായി കാണപ്പെട്ടത് മെയ് 15 നാണ്.
പല്ലവിയുടെ മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും ആരോപിച്ച് കുടുംബം പരാതി നൽകിയിരുന്നു. തുടർന്ന് പല്ലവിയ്ക്കൊപ്പം താമസിച്ചിരുന്ന കാമുകൻ നാഗ്നിക് ചക്രവർത്തിയെ പൊലീസ് അറസ്റ്റു ചെയ്തു. സാഗ്നിക് പല്ലവിയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു. എന്നാൽ പോസ്റ്റ്മോർട്ടത്തിന് ശേഷം വന്ന പ്രാഥമിക റിപ്പോർട്ടിൽ മരണകാരണം ആത്മഹത്യയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ബുധനാഴ്ച വൈകിട്ടാണ് കൊൽക്കത്ത നാഗേർബസാറിലെ ഫ്ളാറ്റിൽ ബംഗാളി നടിയും മോഡലുമായ ബിദിഷ ഡേ മജൂംദാറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഫ്ളാറ്റിൽനിന്ന് ബിദിഷയുടെ ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
ഇതിന് പിന്നാലെ ബിദിഷയുടെ സുഹൃത്തും മറ്റൊരു ബംഗാളി മോഡലുമായ മഞ്ജുഷ നിയോഗിയും ആത്മഹത്യ ചെയ്തു. കൊൽക്കത്തയിലെ പാട്ടുലിയിലെ വസതിയിലാണ് മഞ്ജുഷ തൂങ്ങിമരിച്ചത്. മൂന്നു ദിവസത്തിന്റെ ഇടവേളയിലാണ് സുഹൃത്തുക്കൾ ആത്മഹത്യയിലൂടെ ജീവിതം അവസാനിച്ചത്.
ഇരുവരും ഒരുമിച്ചു ജീവിക്കാൻ ആഗ്രഹിച്ചിരുന്നുവെന്ന് മഞ്ജുഷയുടെ അമ്മ പറയുന്നു. ബിദിഷ മരിച്ച ശേഷം മകൾ ആകെ വിഷമത്തിലായിരുന്നു. അവൾക്ക് അത് താങ്ങാൻ കഴിയുന്ന ഒന്നായിരുന്നില്ല. വിഷാദരോഗം അവളെ കീഴടക്കി എന്നും ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ മഞ്ജുഷയുടെ അമ്മ പറയുന്നു.
വെള്ളിയാഴ്ച്ച രാവിലേയാണ് മഞ്ജുഷ ആത്മഹത്യ ചെയ്തത്.
സരസ്വതി ദാസിൻ്റെ മരണം ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മറ്റു സാധ്യതകളും പരിശോധിക്കുന്നുണ്ട്. മുത്തശ്ശിയാണ് സരസ്വതിയെ ആദ്യം കണ്ടത്. ഉടനെ കുരുക്കു മുറിച്ചു യുവതിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്’ -മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പിതാവ് ഉപേക്ഷിച്ചു പോയതിനാൽ സരസ്വതിയെ അമ്മയും അമ്മായിയുമാണു വളർത്തിയത്.
സരസ്വതി ദാസിൻ്റെ മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തു. അന്വേഷണത്തിന്റെ ഭാഗമായി ഇവരുടെ സമൂഹമാധ്യമ ഇടപെടലുകൾ പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി.