കാട്ടിലെ തടിയുടെ ഏറ്റവും വലിയ ശത്രുക്കൾ വീരപ്പന്മാരല്ല, കാട് സംരക്ഷിക്കാൻ നിയോഗിക്കപ്പെട്ട ഫോറസ്റ്റ്കാർ തന്നെയാണ് എന്ന സത്യം ജനം എത്രയോ മുമ്പേ തിരിച്ചറിഞ്ഞതാണ്. ആ തിരിച്ചറിവിനു തെളിവാണ് ഇന്ന് ഇടുക്കിയിൽ നിന്നും വയനാട്ടിൽ നിന്നും വന്ന രണ്ട് വാർത്തകൾ.
തേക്ക് കടത്ത് കേസില്‍ മുൻ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ജോജി ജോണ്‍ റിമാന്റില്‍. കൊന്നത്തടി മങ്കുവയില്‍ തേക്കു തടി വെട്ടി കടത്തിയ കേസിലാണ് ജോജി ജോണിനെ റിമാന്റ് ചെയ്തത്.
സുപ്രീം കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് 4 ദിവസം മുന്‍പ് ജോജി ജോണ്‍ വെള്ളത്തൂവല്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയിരുന്നു. തെളിവെടുപ്പു നടപടികള്‍ക്കു ശേഷം ഇന്നലെ ദേവികുളം മുന്‍സിഫ് കോടതിയല്‍ ഹാജരാക്കി റിമാന്റ് ചെയ്തു. അടിമാലി ഫോറസ്റ്റ് റേഞ്ചിലെ മങ്കുവയില്‍ നിന്നും 8 തേക്കുകള്‍ മുറിച്ചു കടത്തിയതാണ് കേസ്. ഇതേ കേസിലെ മുക്കുടം സെക്ഷന്‍ ഫോറസ്റ്റര്‍ സന്തോഷിന് തൊടുപുഴ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു.
ഉടമസ്ഥാവകാശം സംബന്ധിച്ച് ബന്ധുക്കള്‍ തമ്മില്‍ കേസ് നിലനില്‍ക്കുന്ന ഭൂമിയിലെ തേക്ക് മരം മുറിക്കാന്‍ ഇല്ലാത്ത ആളുടെ പേരില്‍ വനംവകുപ്പ് പാസ് അനുവദിച്ചതായി ആക്ഷേപം. പനമരം പുഞ്ചവയലിലെ പ്ലാന്റേഷന്‍ ഭൂമിയിലെ തേക്ക് മരംമുറിയാണ് വിവാദമായിരിക്കുന്നത്. പനമരം വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 60ല്‍ പെട്ട ഭൂമിയില്‍ നിന്നാണ് തേക്ക് മുറിച്ചത്. വര്‍ഷങ്ങളായി കോഴിക്കോട് താമസിക്കുന്ന എൻ.ബാലകൃഷ്ണന്‍ നമ്പ്യാര്‍ എന്നയാളാണ് അഞ്ച് ഏക്കറോളം വരുന്ന ഭൂമി കൈവശം വെക്കുന്നത്. എന്നാല്‍, ബാലകൃഷ്ണന്‍, കുപ്പത്തോട് ഹൗസ്, പുഞ്ചവയല്‍ എന്നയാളുടെപേരില്‍ വനംവകുപ്പ് അനുവദിച്ച കട്ടിംഗ് പാസ് ഉപയോഗിച്ചാണ് തേക്ക് മുറിച്ചത്. പുഞ്ചവയലില്‍ കുപ്പത്തോട് ബാലകൃഷ്ണന്‍ എന്നയാള്‍ ജീവിച്ചിരിപ്പില്ലെന്ന് ഭൂമി സംബന്ധമായ കേസിലെ എതിര്‍കക്ഷികള്‍ പറയുന്നു. ഈ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് ബത്തേരി കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്.
വില്ലേജ് ഓഫീസറുടെ എന്‍.ഒ.സി പ്രകാരമാണ് വനംവകുപ്പ് മരംമുറിക്കാനുള്ള പാസ് അനുവദിക്കേണ്ടത്. ആദിവാസി ഭൂമി, മിച്ചഭൂമി, വനഭൂമി, മറ്റെന്തെങ്കിലും നിയമപ്രശ്‌നങ്ങള്‍ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ പരിശോധിച്ച് വില്ലേജ് ഓഫീസര്‍ നല്‍കുന്ന റിപ്പോര്‍ട്ട് പരിഗണിച്ചാണ് വനംവകുപ്പ് കട്ടിംഗ് പാസ് അനുവദിക്കുക. പുഞ്ചവയല്‍ ഭൂമിയിലെ മരംമുറി സംബന്ധമായ അപേക്ഷയില്‍ പനമരം വില്ലേജ് ഓഫീസര്‍ തര്‍ക്കഭൂമിയാണെന്നു കണ്ട് എന്‍.ഒ.സി നിരസിച്ചിരുന്നു. ഇതിനു ശേഷമാണ് റവന്യൂ വകുപ്പിന്റെ എന്‍.ഒ.സിയില്ലാതെ ഇല്ലാത്ത ആളുടെ പേരില്‍ വനംവകുപ്പ് പാസ് അനുവദിച്ചത്. മുറിച്ച മരം സ്ഥലത്തു നിന്നും ലോറിയില്‍ കയറ്റികൊണ്ടുപോകുന്നതിനിടെ പുഞ്ചവയല്‍ ജംഗ്ഷനില്‍ വച്ച് ശനിയാഴ്ച അര്‍ധരാത്രി പനമരം പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. അടുത്ത ദിവസം രാവിലെ പോലീസ് മരംവിട്ടുകൊടുത്തു. വനംവകുപ്പിന്റെ പാസിന്റെ അടിസ്ഥാനത്തിലാണ് മരം വിട്ടുകൊടുത്തതെന്ന് പോലീസ് പറയുന്നു.
ഇതിനിടെ തര്‍ക്കഭൂമിയില്‍ നിന്നുമരംമുറിക്കാന്‍ വ്യാജ പാസ് അനുവദിച്ച സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുമെന്ന് കേസിലെ കക്ഷികളിലൊരാളായ പുഞ്ചവയല്‍ സ്വദേശി പി.വി സനാതനന്‍ പറഞ്ഞു.