കോട്ടയം: 16.7കിലോമീറ്റർ നീളം വരുന്ന ചിങ്ങവനം- ഏറ്റുമാനൂർ രണ്ടാം പാത ഗതാഗതത്തിനു തുറന്നുകൊടുത്തു
ഞായറാഴ്ച രാത്രി 9.35 ഓടെയാണ് ഇതുവഴി ആദ്യ ട്രെയിൻ കടന്നു പോയത്.
കേരളത്തിലെ ട്രെയിൻ യാത്രാചരിത്രം വികസനത്തിന്റെ പുതിയ ട്രാക്കിലേക്ക് കടന്ന നിമിഷമായിരുന്നു അത്.
പാലക്കാട്ട് ജംഗ്ഷൻ -തിരുനൽവേലി പാലരുവി എക്സ്പ്രസ്സ് കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്ന് തോമസ് ചാഴിക്കാടൻ എം പിയും, ഡി.ആർ.ഒ മുകുന്ദ് രാമസ്വാമിയും, സ്റ്റേഷൻ മാനേജർ ബാബു തോമസും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു.
പ്ലാറ്റ്ഫോം 2ൽ നിന്നാണ് പാലരുവി എക്സ്പ്രസ്സ് ഫ്ലാഗ് ഓഫ് ചെയ്തത്.
രണ്ടു പതിറ്റാണ്ടിന്റെ കാത്തിരിപ്പാണ് ഫലം കണ്ടത്. 50 കിലോമീറ്ററായിരുന്നു വേഗം.
ഏറ്റുമാനൂർമുതൽ ചിങ്ങവനംവരെയുള്ള 16.7 കിലോമീറ്റർ ഇരട്ടപ്പാത പൂർണമായും ഗതാഗതയോഗ്യമായി. മധ്യകേരളത്തിലെ യാത്രാരംഗത്ത് പുതിയ കുതിപ്പിന് വഴിയൊരുക്കുന്ന പാതയാണിത്.
ഏറ്റുമാനൂരിൽനിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് ചിങ്ങവനംവരെയാണ് പുതിയപാത നിർമിച്ചിട്ടുള്ളത്. പഴയപാതയും പുതിയപാതയും ചേർക്കുന്ന പണികളും ഇലക്‌ട്രിക്കൽ ജോലികളും ഞായറാഴ്ച വൈകീട്ടോടെ പൂർത്തിയായി. ട്രാക്ക് അലൈൻമെന്റും പരിശോധിച്ചു. തുടർന്ന് ട്രയൽറൺ നടത്തി. ഒരു എൻജിനും രണ്ട് ബോഗികളും ചേർത്ത സ്‌പെഷ്യൽ ട്രെയിനാണ് ട്രയൽ റണ്ണിന് ഉപയോഗിച്ചത്.
റെയിൽവേ സ്റ്റേഷന്റെ നവീകരണംകൂടി പൂർത്തിയാകുന്നതോടെ കോട്ടയംവഴി കൂടുതൽ ട്രെയിനുകൾ ഓടിക്കാൻ കഴിയും. ഞായറാഴ്ച പകൽ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
ഇന്ന് മുതൽ ചില സർവിസുകളൊഴിച്ച് ട്രെയിൻ ഗതാഗതം സാധാരണ നിലയിലാകും. കായംകുളം-എറണാകുളം (06450), കോട്ടയം-കൊല്ലം (06431) അൺ റിസർവ്‌ഡ് എക്‌സ്‌പ്രസുകൾ ഇന്ന് റദ്ദാക്കിയിട്ടുണ്ട്.
നിലമ്പൂരിൽനിന്നുള്ള നിലമ്പൂർ റോഡ്-കോട്ടയം എക്സ്‌പ്രസ് (16325) എറണാകുളംവരെയേ ഓടൂ. കോട്ടയം-നിലമ്പൂർ എക്‌സ്‌പ്രസ് (16326) സർവീസ് തുടങ്ങുന്നത് എറണാകുളത്തുനിന്നുമായിരിക്കും. നാഗർകോവിലിൽനിന്ന് പുറപ്പെടുന്ന നാഗർകോവിൽ-കോട്ടയം എക്‌സ്‌പ്രസ്(16366) കൊല്ലംവരെ മാത്രം സർവീസ് നടത്തും.