KeralaNEWS

നെന്മണിക്കരയിൽ കുട്ടികൾക്ക് വാക്സീൻ മാറി നൽകിയ സംഭവം: റിപ്പോർട്ട് തേടി കളക്ടർ

തൃശ്ശൂർ: തൃശൂർ ജില്ലയിലെ നെന്മണിക്കര ഫാമിലി ഹെൽത്ത് സെന്ററിൽ മെയ് 28ന് നടന്ന കുട്ടികൾക്കുള്ള കോവിഡ് പ്രതിരോധ കുത്തിവയ്പ് ക്യാമ്പിൽ കുറച്ച് കുട്ടികൾക്ക് കോർ ബി വാക്സിന് പകരം കോ വാക്സിൻ നൽകിയ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കലക്ടർ ഡിഎംഒയ്ക്ക് നിർദേശം നൽകി. ജില്ലാ കലക്ടർ ഹരിത വി കുമാറും നെന്മണിക്കര  പഞ്ചായത്ത് പ്രസിഡൻറ് ടി എസ് ബൈജുവും നെന്മണിക്കര ഫാമിലി ഹെൽത്ത് സെന്ററിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി രക്ഷകർത്താക്കളുടെ ആശങ്ക അകറ്റുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

12 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് നൽകുന്നതിനായി ഡ്രഗ് കൺട്രോളർ ഓഫ് ഇൻഡ്യയുടെ അനുവാദമുള്ള വാക്സിനുകളാണ് കോർ ബി വാക്സിനും കോവാക്സിനുമെങ്കിലും നിലവിൽ കോർ ബി വാക്സിനാണ് കുട്ടികൾക്ക് നൽകുന്നതിന് നിർദേശമുള്ളത്. നിർജ്ജീവ അവസ്ഥയിലുള്ള വൈറസിനെ ഉപയോഗിച്ച് നിർമ്മിക്കപ്പെട്ടിട്ടുള്ള രണ്ട് വാക്സിനുകളും 0-28 ദിവസം ഇടവേളകളിൽ ഇൻട്രാമസ്കുലർ ആയി നൽകുന്നതാണ്. രണ്ട് വാക്സിനും അനുവദനീയമാണെങ്കിലും രക്ഷാകർത്താക്കൾക്ക് ആശങ്ക ഉണ്ടാകാതിരിക്കുന്നതിനായി കുത്തിവെയ്പ്പ് എടുത്ത മുഴുവൻ കുട്ടികളുടേയും രക്ഷാകർത്താക്കളെ ഡോക്ടർമാർ തന്നെ നേരിട്ട് ബന്ധപ്പെട്ട് വിവരമറിയിക്കുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.

കുത്തിവയ്പ് എടുത്ത കുഞ്ഞുങ്ങളുടെ കാര്യത്തിൽ യാതൊരു ആശങ്കയ്ക്കും ഇടയില്ലെങ്കിലും ഏതെങ്കിലും തരത്തിലുള്ള ചികിത്സാ സഹായം ആവശ്യമാകുകയാണങ്കിൽ നെന്മണിക്കര ഫാമിലി ഹെൽത്ത് സെന്ററിൽ പീഡിയാട്രീഷ്യന്റെ സേവനം അടുത്ത രണ്ട് ദിവസത്തേക്ക് 24 മണിക്കൂർ ലഭ്യമാക്കിയിട്ടുണ്ടെന്നും ജില്ലാ കലക്ടർ അറിയിച്ചു. പുതുക്കാട് താലൂക്ക് ആശുപത്രി, തൃശൂർ ജനറൽ ആശുപത്രി, തൃശൂർ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലും ഇതിനായി സൗകര്യം ലഭ്യമാണ്.

രക്ഷകർത്താക്കൾക്ക് ഏതെങ്കിലും തരത്തിലുള്ള വിവരങ്ങൾക്കും അന്വേഷണങ്ങൾക്കുമായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

  • ഡോ. അശ്വിൻ, മെഡിക്കൽ ഓഫീസർ – 9447217048
  • അബ്ദുൾ റസാക്ക് പി.എം, (ജൂനി. ഹെൽത്ത് ഇൻസ്പെക്ടർ – 9496216655, 8330877655
  • ലൈജി കെ.വി, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് -9746318582, 9497801756
  • നെന്മണിക്കർ എഫ്.എച്ച്.സി- 0480 2752048
  • ദിശ – 1056

Back to top button
error: