കൊച്ചി: ലക്ഷദ്വീപ് കവരത്തിയിൽ സമരത്തിനിടെ എൻസിപി പ്രവർത്തകരെ പൊലീസ് തോക്ക് ചൂണ്ടി അറസ്റ്റ് ചെയ്ത സംഭവത്തില്‍ എൻ.സി.പി സംസ്ഥാന പ്രസിഡണ്ട് പി.സി ചാക്കോ പ്രതിഷേധിച്ചു. യാത്രാക്കപ്പൽ ഏഴില്‍ നിന്ന് രണ്ടാക്കി കുറച്ചതിനെതിരെയുള്ള സമരത്തിനിടെയായിരുന്നു എൻ.സി.പി പ്രര്‍ത്തകര്‍ക്ക് നേരെ പാെലീസ് തോക്കുചൂണ്ടിയത്.ആറ് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.വിഷയത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പി.സി ചാക്കോ സന്ദേശം അയച്ചു.
പ്രതിഷേധിക്കാൻ പോലും അനുവാദം നല്‍കാത്ത ലക്ഷദ്വീപ് ഭരണകൂടത്തിന്‍റെ ജനാധിപത്യ ധ്വംസനം വച്ചുപൊറുപ്പിക്കാനാവില്ലെന്ന് പി.സി ചാക്കോ പറഞ്ഞു. ലക്ഷദ്വീപ് ഭരണകൂടത്തിന് ഏഴു കപ്പലുകൾ സ്വന്തമായുണ്ടെന്നിരിക്കെ രണ്ടെണ്ണത്തിലേക്ക് സർവ്വീസ് വെട്ടിക്കുറച്ചത് നീതീകരിക്കാനാവില്ല . അടിയന്തിര ചികിൽസ കിട്ടേണ്ടതുൾപ്പെടെയുള്ള നൂറു കണക്കിന് ആളുകൾ ദ്വീപിൽ കുടുങ്ങിക്കിടക്കുകയാണ്. എൻസിപി ഇക്കാര്യത്തിൽ കൂടുതൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിക്കുമെന്നും പി.സി ചാക്കോ പറഞ്ഞു.
യാത്രാക്കപ്പലുകളുടെ എണ്ണം കുറച്ചതോടെ കേരളത്തിലേക്കെത്താനും തിരിച്ചു പോകാനും കഴിയാതെ ദുരിതത്തിലാണ് ലക്ഷദ്വീപുകാര്‍.ചികിത്സക്കും മറ്റ് അത്യാവശ്യകാര്യങ്ങള്‍ക്കുമായി കേരളത്തിലെത്തുന്ന ലക്ഷദ്വീപുകാര്‍ക്ക് യാത്രാ സൗകര്യമില്ലാത്തതിനാല്‍ ദിവസങ്ങളോളം ഹോട്ടല്‍ മുറിയിലും മറ്റും തങ്ങേണ്ടി വരികയാണ്.വലിയ സാമ്പത്തിക ബാധ്യതയാണ് ഇതുണ്ടാക്കുന്നത്