തൃശൂർ: ബ്രിട്ടനിൽ നിന്ന് കളിപ്പാട്ടങ്ങളുടെ ഇടയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ലക്ഷങ്ങൾ വിലമതിക്കുന്ന മരിജുവാന പിടികൂടി. കൊടുങ്ങല്ലൂർ സ്വദേശി ജാസിമിന് പോസ്റ്റ ലായെത്തിയ മയക്കുമരുന്നാണ് എക്സൈസ് സംഘം പിടികൂടിയത്. കൊടുങ്ങല്ലൂർ ലോകമലേശ്വരം വടക്കനോളിൽ ജാസിം എന്നയാൾക്ക് വന്ന പാഴ്സലിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ജാസിം നെതർലാൻഡിൽ നിന്ന് പാർസൽ വഴി കൊക്കെയ്ൻ എത്തിച്ച കേസിൽ ആലുവ സബ് ജയിലിൽ റിമാൻഡിൽ കഴിയുകയാണ്.
ഇയാളുടെ ഇടപാടുകൾ എക്‌സൈസ് സംഘം നിരീക്ഷിച്ചു വരികയായിരുന്നു. കൊടുങ്ങല്ലൂർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ഷാoനാദിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്. സൗത്ത് ആഫ്രിക്കയിൽ നിന്നും മറ്റും ബ്രിട്ടനിലെത്തുന്ന മരിജുവാനയാണ് ഏഷ്യൻ രാജ്യങ്ങളിലേക്കെത്തുന്നത്. മയക്കുമരുന്ന് കെട്ടുകളാക്കി കളിപ്പാട്ടങ്ങളുടെ ഇടയിൽ വെച്ച് ഇന്ത്യയിലേക്കെത്തിക്കുന്നതാണ് രീതിയെന്ന് എക്സൈസ് സംഘം പറഞ്ഞു.
മരിജുവാന ഡിജെ പാർട്ടികളിലേക്കുള്ള തെന്നാണ് സംശയിക്കുന്നത്. ജാസിം ഡിജെ മേഖലയിൽ പ്രവർത്തിച്ചിരുന്ന ആളാണ്. ഇയാളുടെ സിനിമാബന്ധങ്ങളും പരിശോധിക്കുന്നുണ്ട്. ജയിലിലെത്തി ജാസിമിന്‍റെ അറസ്റ്റ് രേഖപ്പെടുത്തും.