ന്യൂഡല്‍ഹി: ഇന്‍ഫോസിസ് സിഇഒ സലീല്‍ പരീഖിന്റെ ശമ്പളത്തില്‍ 88 ശതമാനം വര്‍ധന. 79.75 കോടി രൂപയായാണ് പരീഖിന്റെ പ്രതിവര്‍ഷ ശമ്പളം ഉയര്‍ന്നത്. 42 കോടി രൂപയില്‍ നിന്നാണ് ശമ്പളം വന്‍ തോതില്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന സിഇഒമാരുടെ പട്ടികയില്‍ ഒന്നാമതെത്തി സലീല്‍ പരീഖ്. കമ്പനിയുടെ പ്രവര്‍ത്തനം മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് ശമ്പളം വര്‍ധിപ്പിച്ചതെന്ന് ഇന്‍ഫോസിസ് അറിയിച്ചു. ഓഹരി ഉടമകളുടെ അനുമതിയോടെ ജൂലൈ രണ്ട് മുതല്‍ ശമ്പള വര്‍ധന നടപ്പിലാക്കും. 2022 സാമ്പത്തിക വര്‍ഷത്തില്‍ 71 കോടിയായിരിക്കും പരീഖിന്റെ ടേക്ക് ഹോം ശമ്പളം. സാധാരണയായി കോര്‍പ്പറേറ്റ് കമ്പനികള്‍ ശമ്പളം വര്‍ധിപ്പിക്കാറുണ്ടെങ്കിലും ഇത്രയും വലിയ വര്‍ധന അപൂര്‍വമാണ്. നേരത്തെ സി.ഇ.ഒയായി സലീല്‍ പരേഖിനെ തന്നെ നിലനിര്‍ത്താന്‍ ഇന്‍ഫോസിസ് തീരുമാനിച്ചിരുന്നു. ജൂലൈ ഒന്ന് മുതല്‍ അഞ്ച് വര്‍ഷത്തേക്കാണ് നിയമനം. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ശമ്പളവും വര്‍ധിപ്പിച്ചിരിക്കുന്നത്.