ഐസില്‍ ഫോര്‍മാലിന്‍ ചേര്‍ത്താണ് ഭൂരിഭാഗം മീനുകളുമെത്തുന്നത്. ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് വിഷമീനുകളുടെ വില്പന പൊടിപൊടിക്കുകയാണ്.ഇടുക്കി നെടുങ്കണ്ടം തൂക്കുപാലത്ത് മീന്‍കറി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതും പച്ചമീന്‍ കഴിച്ച് പൂച്ചകള്‍ ചത്തതും വലിയ കോളിളക്കങ്ങള്‍ക്ക് വഴിവെച്ചിരുന്നു.ഇതിനെ തുടർന്നായിരുന്നു പരിശോധന.ആഴ്ചകൾ കഴിഞ്ഞതോടെ അതിന്റെ ചൂടും പോയി.
കടലില്‍ നിന്ന് പിടിച്ചുകൊണ്ടുവരുന്നതാണെന്ന വ്യാജേന കടപ്പുറത്തും മറ്റ് ലോക്കല്‍ മാര്‍ക്കറ്റുകളിലും പഴകിയ മറുനാടന്‍ മീനെത്തിക്കുന്നുണ്ട്. വാങ്ങുന്നവരെ കബളിപ്പിക്കാനായി മീനില്‍ കടല്‍മണ്ണ് വിതറും. ഈ മീന്‍ കഴിക്കുന്നവര്‍ക്ക് തൊണ്ട ചൊറിച്ചില്‍ പോലുള്ള അസ്വസ്ഥത ഉണ്ടാകുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അറവുശാലകളില്‍ നിന്നുള്ള രക്തം മീനിന്റെ ചെകിളയില്‍ തേച്ചു പിടിപ്പിച്ച് നിറം മാറ്റമുണ്ടാകാതെ വില്‍പ്പനയ്ക്കെത്തിക്കുന്നതായും പരാതികളുണ്ടായിരുന്നു. മുന്‍പ് മീനിന്റെ ചെകിളയുടെ നിറം മാറ്റം നോക്കി പഴക്കം കണ്ടെത്താന്‍ കഴിഞ്ഞിരുന്നു.അതിനെ മറികടക്കാനാണ് രക്തം പുരട്ടുന്നത്.
മീനിന്റെ തിളക്കം കൂട്ടാന്‍ ചില വില്പനക്കാര് പാറ്റയെ തുരത്തുന്ന ഹിറ്റ് പ്രയോഗം നടത്തുന്നതായും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഫോര്‍മാലിന്‍ ചേര്‍ത്ത മീന്‍ കഴിച്ചാല്‍ ദഹനേന്ദ്രിയ വ്യവസ്ഥ, കരള്‍, വൃക്ക, ശ്വാസകോശം, ഹൃദയം, കേന്ദ്രനാഡീവ്യൂഹം എന്നിവയ്ക്ക് തകരാറുണ്ടാകും.
മത്സ്യങ്ങളുടെ പ്രജനന സമയങ്ങളില്‍ സഞ്ചാരപാതകളില്‍ തടസം വരുത്തി മത്സ്യങ്ങളെ പിടിക്കുന്നതും അനധികൃത ഉപകരണങ്ങള്‍ ഉപയോഗിച്ച് മത്സ്യം പിടിക്കുന്നതും നിരോധിച്ചിട്ടുണ്ട്.ഇതും മത്സ്യങ്ങളുടെ വിലവർധനയ്ക്ക് കാരണമാണ്.ഇനി അടുത്ത മാസത്തോടെ ട്രോളിംഗ് ഏർപ്പെടുത്തുമ്പോൾ മീനിന് വില ഇനിയും ഉയരാനാണ് സാധ്യത.