എന്‍സിപി നേതാവ് സുപ്രിയ സുലേയ്‌ക്കെതിരെ ലിംഗവിവേചനപരമായ പ്രസ്താവനയുമായി മഹാരാഷ്ട്ര ബിജെപി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍. രാഷ്ട്രീയം മനസ്സിലാകുന്നില്ലെങ്കില്‍ വീട്ടില്‍ പോയി പാചകം ചെയ്യാനായിരുന്നു, ബിജെപി സംസ്ഥാന അധ്യക്ഷന്‍റെ പ്രസ്താവന.
മഹാരാഷ്ട്രയിലെ വിദ്യാഭ്യാസ, തൊഴില്‍ മേഖലയില്‍ ഒബിസി വിഭാഗത്തിന് സംവരണം നല്‍കുന്നതിനെ ചൊല്ലി ഇരുപാര്‍ട്ടികളും തമ്മിലുണ്ടായ തര്‍ക്കത്തിനിടയിലാണ് വിവാദ പരാമര്‍ശം നടത്തിയത്.
ഒബിസി ക്വാട്ടയ്ക്കായുള്ള മഹാരാഷ്ട്രയുടെ പോരാട്ടത്തെ മധ്യപ്രദേശുമായി താരതമ്യപ്പെടുത്തിയ സുപ്രിയ സുലേയോട് പ്രതികരിക്കുകയായിരുന്നു ചന്ദ്രകാന്ത് പാട്ടീല്‍. മധ്യപ്രദേശ് മുഖ്യമന്ത്രി ഡല്‍ഹിയില്‍ വന്ന് ഒരാളെ കണ്ടു. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ അവര്‍ക്ക് ഒബിസി സംവരണത്തിന് അനുമതി ലഭിച്ചെന്നു സുപ്രിയ പാര്‍ട്ടി യോഗത്തില്‍ പറഞ്ഞു.
ഇതിനു മറുപടിയായാണ് ബിജെപിയുടെ ഒരു പ്രതിഷേധയോഗത്തില്‍ സുപ്രിയ്‌ക്കെതിരെ പാട്ടീല്‍ പ്രസ്താവന നടത്തിയത്. നിങ്ങള്‍ എന്തിനാണ് രാഷ്ട്രീയത്തിലെന്നും വീട്ടില്‍ പോയി പാചകം ചെയ്യാനും പാട്ടീല്‍ പറഞ്ഞു. ഒരു മുഖ്യമന്ത്രിയെ കാണുന്നതെങ്ങനെയാണെന്നുപോലും നിങ്ങള്‍ക്ക് മനസ്സിലാകുന്നില്ല. നിങ്ങളും ഡല്‍ഹിയിലേക്കോ, നരകത്തിലേക്കോ മറ്റെവിടെയെങ്കിലുമോ പോയി സംവരണം നല്‍കൂ എന്നും പാട്ടീല്‍ പറഞ്ഞു.